കന്നഡ മതി, ഇംഗ്ലീഷ് 'കടക്ക് പുറത്ത്'; കര്‍ണാടകയില്‍ പ്രക്ഷോഭം, വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ അക്രമം

കന്നഡ മതി, ഇംഗ്ലീഷ് 'കടക്ക് പുറത്ത്'; കര്‍ണാടകയില്‍ പ്രക്ഷോഭം, വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ അക്രമം

കന്നഡ രക്ഷണ വേദികെയുടെ  പ്രതിഷേധം അതിരു കടന്നതോടെ ലക്ഷങ്ങളുടെ നാശനഷ്ടം

ബംഗളുരുവിലെ  വ്യാപാര സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും  കന്നഡ ഭാഷയിൽ  ബോർഡുകൾ സ്ഥാപിക്കാത്തതിൽ കന്നഡ ഭാഷാ സംരക്ഷണ സംഘടനയായ കന്നഡ രക്ഷണ വേദികെയുടെ പ്രതിഷേധം. മാർച്ചും ധർണയുമായി തുടങ്ങിയ പ്രതിഷേധം അതിരുവിട്ടതോടെ ബെംഗളൂരുവിൽ നിരവധി വ്യാപാര സ്ഥാപനങ്ങളും   കെട്ടിടങ്ങളും  ആക്രമിക്കപ്പെട്ടു.

ബുധനാഴ്ച രാവിലെ ബെംഗളുരുവിനു പുറത്തു ദേവനഹള്ളിയിലെ  സദഹള്ളിയിൽ നിന്ന് ആരംഭിച്ച  മാർച്ച് പോലീസ് തടഞ്ഞതോടെയാണ് വ്യാപാര സമുച്ചയങ്ങൾക്കു നേരെ കെ ആർ വി പ്രവർത്തകർ പാഞ്ഞടുത്തതു . കന്നഡയിൽ അല്ലാതെ ഇതര ഭാഷകളിൽ പ്രദർശിപ്പിച്ച കടകളുടെ പേര് വിവരങ്ങൾ അടങ്ങിയ മുഴുവൻ ബോർഡുകളും പരസ്യങ്ങളും പ്രതിഷേധക്കാർ തല്ലിത്തകർക്കുകയും  വലിച്ചു കീറുകയും ചെയ്തു. വൈറ്റ് ഫീൽഡ്, എം ജി റോഡ്, കൊമേഴ്‌സ്യല്‍, ഹെബ്ബാൾ, എയർപോർട്ട് റോഡ്, ലവല്ലേ റോഡ്, യെലഹങ്ക  തുടങ്ങിയ ഇടങ്ങളിലെല്ലാം മാളുകളും വ്യാപാര കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു.

ഇംഗ്ലീഷിലുള്ള   ബോര്‍ഡ്‌
തല്ലിത്തകർക്കുന്ന പ്രതിഷേധക്കാര്‍.
ഇംഗ്ലീഷിലുള്ള ബോര്‍ഡ്‌ തല്ലിത്തകർക്കുന്ന പ്രതിഷേധക്കാര്‍.

നഗരത്തിലെ പ്രധാനപ്പെട്ട ഷോപ്പിംഗ് മാളായ ഗോപാലൻ മാളിന്റെ ഇംഗ്ലീഷിൽ രൂപകൽപന ചെയ്ത കട്ടൗട്ട്  ബോർഡുകൾ  സമരക്കാർ പൂർണമായും നശിപ്പിച്ചു. കന്നഡയിൽ പേര് പ്രദർശിപ്പിക്കാത്ത ഭാരത് പെട്രോളിയം, എം ആർ എഫ് ടയേഴ്‌സ്  എന്നിവയും ആക്രമണത്തിനിരയായി . മുദ്രാവാക്യം വിളികളുമായി പാഞ്ഞടുത്ത  പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ  പോലീസിന്  കഴിഞ്ഞില്ല . നിരവധി പ്രവർത്തകരെ പോലീസ് പിന്നീട് അറസ്റ്റു ചെയ്തു നീക്കി.

ഷോപ്പിങ് മാളിനു നേര്‍ക്ക് നടന്ന അക്രമം
ഷോപ്പിങ് മാളിനു നേര്‍ക്ക് നടന്ന അക്രമം

കന്നഡ ഭാഷയും സംസ്കാരവും എന്ത് വിലകൊടുത്തും സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് സംഘടന സംസ്ഥാന അധ്യക്ഷൻ നാരായണ ഗൗഡ പറഞ്ഞു . ഗുജറാത്തികളും മാർവാഡികളും സിന്ധികളും  കർണാടകയിലാണെന്ന കാര്യം മറന്നാണ് സ്വന്തം ഭാഷയിൽ ബോർഡ് എഴുതിവച്ച് കച്ചവടം  ചെയ്യുന്നത്. ഇത് അനുവദിക്കില്ല. കന്നഡയെയും കന്നഡിഗരെയും  താഴ്ത്തി കെട്ടുന്നത് ഇനിയും നോക്കിയിരിക്കാനാവില്ല , കന്നഡിഗരുടെ ക്ഷമയ്‌ക്ക് അതിരുണ്ടെന്നു കാണിച്ചു കൊടുക്കാനാണ് ഇന്നത്തെ സൂചന സമരമെന്നും നാരായണ ഗൗഡ മാധ്യമങ്ങളോട് വിശദീകരിച്ചു.

ഇംഗ്ലീഷിലുള്ള ബോര്‍ഡുകള്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് മായ്ക്കുന്ന പ്രതിഷേധക്കാര്‍.
ഇംഗ്ലീഷിലുള്ള ബോര്‍ഡുകള്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് മായ്ക്കുന്ന പ്രതിഷേധക്കാര്‍.

കന്നഡയിൽ പേരെഴുതി ബോർഡുകൾ സ്ഥാപിക്കാൻ വ്യാപാരികൾക്കും മറ്റും ഫെബ്രുവരി 28  വരെയാണ് ബെംഗളൂരു നഗരസഭ സമയം നൽകിയിരിക്കുന്നത്. ഇതിനിടയിൽ നിയമം കയ്യിലെടുത്തു അക്രമം അഴിച്ചു വിട്ടവർക്കെതിരെ നടപടി ഉണ്ടാകുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു . കന്നഡയ്‌ക്കാണ് കന്നഡ മണ്ണിൽ ഏറ്റവും പ്രാധാന്യം എന്ന കാര്യത്തിൽ തർക്കമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം കന്നഡ ഭാഷയ്‌ക്ക് പ്രാധാന്യം നൽകിക്കൊണ്ട്‌ മറ്റു ഭാഷകളിലും ബോർഡുകൾ എഴുതാൻ അനുമതി നൽകണമെന്നാണ് ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വരയുടെ അഭിപ്രായം. വിദേശികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായി നിരവധി പേരാണ് ബെംഗളൂരു നഗരത്തെ വിദ്യാഭ്യാസം , വ്യാപാരം , വിനോദ സഞ്ചാരം , ആരോഗ്യം എന്നീ കാര്യങ്ങളിൽ ആശ്രയിക്കുന്നത് . അവരോടു കൂടി ആശയവിനിമയം നടത്താനായാൽ മാത്രമേ ഈ ബന്ധം നിലനിന്നു പോകുകയുള്ളൂവെന്നും അദ്ദേഹം ഓർമിപ്പിച്ചു .

ഫെബ്രുവരി 28 വരെ കാത്തിരുന്നു അടുത്ത സമരപരിപാടിക്ക് രൂപം നൽകുമെന്ന് കന്നഡ രക്ഷണ വേദികെ അറിയിച്ചു . ബംഗളുരുവിൽ മാത്രമല്ല സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് സംഘടനയുടെ നീക്കം .  കന്നഡ ഭാഷാ- സംസ്കാര  സംരക്ഷണത്തിന്  1999 ൽ രൂപം കൊണ്ട സംഘടനയാണ് കന്നഡ രക്ഷണ വേദികെ(കെആർവി). ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെയും  കാവേരി നദീജല തർക്ക വിഷയത്തിൽ തമിഴ്നാടിനെതിരെയും  സന്ധിയില്ലാ സമരം ചെയ്ത പാരമ്പര്യമുള്ള സംഘടനയായ കെആർവി  കർണാടകയിലെ  ഒരു രാഷ്ട്രീയ പാർട്ടിയോടും  പ്രത്യേക ചായ്‌വ് കാണിക്കാറില്ല.

logo
The Fourth
www.thefourthnews.in