ഇതുവരെ പിടിച്ചെടുത്തത് 2.5 ലക്ഷം ഏക്കര്‍ ഭൂമി; കശ്മീരിലെ കുടിയൊഴിപ്പിക്കല്‍ താത്കാലികമായി നിര്‍ത്തി

ഇതുവരെ പിടിച്ചെടുത്തത് 2.5 ലക്ഷം ഏക്കര്‍ ഭൂമി; കശ്മീരിലെ കുടിയൊഴിപ്പിക്കല്‍ താത്കാലികമായി നിര്‍ത്തി

സർക്കാർ ഭൂമിയിൽ നിന്ന് കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനുള്ള കുടിയൊഴിപ്പിക്കൽ നീക്കം ജനുവരിയിലാണ് കശ്മീർ ഭരണകൂടം ആരംഭിച്ചത്.

ജമ്മു കശ്മീരിലെ കയ്യറ്റം ഒഴിപ്പിക്കല്‍ താത്കാലികമായി നിര്‍ത്തിവച്ചു. അനധികൃത കയ്യേറ്റമെന്ന് ആരോപിച്ച് കശ്മീരിലെ 20 ജില്ലകളിലായി രണ്ടര ലക്ഷം ഏക്കര്‍ ഭൂമി പിടിച്ചെടുത്തതിന് പിന്നാലെയാണ് നടപടി. കയ്യേറ്റ വിരുദ്ധ നടപടിയുടെ പേരില്‍ സംസ്ഥാനത്ത് നിരവധി കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കിയ സംഭവത്തില്‍ രാഷ്ട്രീയ വിവാദം ഉള്‍പ്പെടെ തുടരുന്നതിനിടെയാണ് ഒഴിപ്പിക്കല്‍ നടപടി താത്കാലികമായി നിര്‍ത്തിവച്ചത്.

കര്‍ഷകരുടെ കൃഷിഭൂമി ഉള്‍പ്പെടെ സാധാരണക്കാരായ നിരവധി പേരുടെ വസ്തുവകകളിലേക്കും ഒഴിപ്പിക്കല്‍ നടപടി നീളുകയായിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നു

രാഷ്ട്രീയക്കാരും സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നിരവധി പേര്‍ കശ്മീരില്‍ വ്യാപകമായി ഭൂമി കയ്യേറിയെന്ന് ആരോപിച്ചായിരുന്നു ജനുവരിയില്‍ ഒഴിപ്പിക്കല്‍ യജ്ഞത്തിന് തുടക്കമിട്ടത്. ഇതിലൂടെ അനധികൃതമായി ഭൂമി കൈയ്യേറിയ വമ്പന്മാരെയാണ് ലക്ഷ്യമിടുന്നതെന്നും കുറച്ച് ഭൂമിയില്‍ വീട് വച്ച് താമസിക്കുന്ന സാധാരണക്കാരെ ബാധിക്കില്ലെന്നുമായിരുന്നു വാഗ്ദാനം. എന്നാല്‍, കര്‍ഷകരുടെ കൃഷിഭൂമി ഉള്‍പ്പെടെ സാധാരണക്കാരായ നിരവധി പേരുടെ വസ്തുവകകളിലേക്കും ഒഴിപ്പിക്കല്‍ നടപടി നീളുകയായിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നു. കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി തുടങ്ങിയ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള അംഗങ്ങളും നാട്ടുകാരും ഭരണകൂട നീക്കത്തിനെതിരെ തെരുവിലിറങ്ങുകയും ചെയ്തു. പ്രതിഷേധം വ്യാപകമായതിന് പിന്നാലെ കൂടിയാണ് ഇപ്പോള്‍ നടപടികള്‍ നിര്‍ത്തിച്ചിരിക്കുന്നത്.

ചെറുകിട ഭൂവുടമകളെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയം, ഇക്കാര്യം മുന്‍ നിര്‍ത്തിയാണ് കൈയ്യേറ്റ വിരുദ്ധ നീക്കം അവസാനിപ്പിക്കുന്നത് എന്നാണ് ഇപ്പോള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ചെറുകിട ഭൂവുടമകളെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയം, ഇക്കാര്യം മുന്‍ നിര്‍ത്തിയാണ് കൈയ്യേറ്റ വിരുദ്ധ നീക്കം അവസാനിപ്പിക്കുന്നത് എന്നാണ് ഇപ്പോള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. പതിറ്റാണ്ടുകളായി കയ്യേറ്റക്കാര്‍ അനധികൃതമായി കൈവശപ്പെടുത്തിയിരുന്ന സർക്കാർ ഭൂമി വീണ്ടെടുത്തതായും നടപടിക്ക് നേതൃത്വം നല്‍കിയ റവന്യു ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. ഇതുവരെ പിടിച്ചെടുത്ത ഭൂമിയെക്കുറിച്ചുളള റിപ്പോർട്ട് നൽകാനും റവന്യൂ ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

ചെറുകിട കർഷകരുടെയോ, സാധാരണക്കാരുടേയോ ഭൂമി തട്ടിയെടുക്കുകയല്ല സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യു ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കയ്യേറ്റ വിരുദ്ധ യജ്ഞത്തിൽ സംസ്ഥാനത്തെ ഒരു സാധാരണക്കാരന്റെയും ഭൂമി തൊടരുതെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ വ്യക്തമാക്കിയിട്ടുണ്ടെന്നും ഈ പ്രദേശത്തെ സമ്പന്നരായിട്ടുളളവർ കൈയേറിയ ഭൂമിയ വീണ്ടെടുക്കയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

വർഗീയതയുടെ പേരിൽ ജനങ്ങളുടെ ഭൂമിയിൽ കയ്യേറ്റം നടത്തുന്നു എന്നായിരുന്നു കശ്മീര്‍ അഡ്മിനിസ്ട്രേഷന്റെ നടപടിയെ പ്രതിപക്ഷം വിശേഷിപ്പിച്ചത്. വർഷങ്ങളായി കശ്മീരി ജനത അധ്വാനിച്ച് ഉണ്ടാക്കിയെടുത്ത ഭൂമിയെ കൈയ്യേറ്റം ആരോപിച്ച് ഭരണകൂടം തട്ടിയെടുക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉയര്‍ത്തിയ ആക്ഷേപം ആരോപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in