സുപ്രീം കോടതി
സുപ്രീം കോടതി

സാമ്പത്തിക സംവരണം: സുപ്രീം കോടതി 10.30ന് വിധി പറയും

സെപ്റ്റംബറിൽ ഏഴ് ദിവസം വാദം കേട്ട ശേഷം വിധി പറയാൻ മാറ്റുകയായിരുന്നു
Updated on
1 min read

മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം നൽകാനുള്ള ഭരണഘടനാഭേദഗതി ചോദ്യംചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധിപറയും. ഭരണഘടനയുടെ 103-ാം ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികളിലാണ് ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്രഭട്ട്, ദിനേഷ് മഹേശ്വരി, എസ് ബി പര്‍ദിവാല, ബെല്ലാ ത്രിവേദി എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധി പ്രസ്താവിക്കുക. രാവിലെ 10.30ഓടെയാകും വിധി പറയുക. സെപ്റ്റംബറിൽ ഏഴ് ദിവസം വാദം കേട്ട ശേഷം വിധി പറയാൻ മാറ്റുകയായിരുന്നു.

സുപ്രീം കോടതി
സാമ്പത്തിക സംവരണം: എന്താണ് 103ാം ഭേദഗതി? സുപ്രിം കോടതി ഉത്തരം തേടുന്ന ചോദ്യങ്ങള്‍ ഏതൊക്കെ?

2019ലെ പൊതു തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം നടപ്പാക്കിയത്. പിന്നാക്ക വിഭാഗങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഒഴികെയുള്ള ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലെ പ്രാരംഭ റിക്രൂട്ട്മെന്റിലും 10 ശതമാനം വരെ സംവരണം അനുവദിച്ചുകൊണ്ടായിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണഘടനയുടെ 103ാം ഭേദഗതി ചെയ്തത്. സാമ്പത്തിക സ്ഥിതി നോക്കി സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നതാണ് ഭേദഗതി. ആര്‍ട്ടിക്കിള്‍ 15(6), 16(6) വകുപ്പുകളാണ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്.

സുപ്രീം കോടതി
'സംവരണം പ്രാതിനിധ്യത്തിന്, സാമ്പത്തിക ഉന്നമനത്തിനല്ല' 103-ാം ഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് പറയാൻ ഉള്ള കാരണങ്ങൾ

സാമ്പത്തിക സംവരണത്തിന് എതിരായ ഹർജികൾ ആദ്യം മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചത്. ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകർക്കുന്നതാണ് ഭേദഗതിയെന്നാണ് ഹർജിക്കാരുടെ വാദം. പിന്നാക്ക വിഭാഗത്തെ നിര്‍വചിക്കാന്‍ സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രം അടിസ്ഥാനമാക്കരുതെന്ന, 1992ലെ ഇന്ദ്ര സാഹ്നി കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണ് പുതിയ നീക്കം എന്നിങ്ങനെയായിരുന്നു ഹര്‍ജിക്കാരുടെ വാദം. അതേസമയം, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയെന്നത് സംസ്ഥാനങ്ങളുടെ കടമയെന്നായിരുന്നു സര്‍ക്കാര്‍ വാദം.

2020 ഓഗസ്റ്റിൽ കേസ് അഞ്ചംഗ ബെഞ്ചിന് വിട്ടു. സാമ്പത്തികസ്ഥിതിമാത്രം മാനദണ്ഡമാക്കി സംവരണം അനുവദിക്കാമോ, സംവരണം 50 ശതമാനത്തിൽ കൂടുതലാകാമോ, പിന്നാക്ക വിഭാഗങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നിവരെ ഒഴിവാക്കുന്നതിന് ഭരണഘടനാപരമായ സാധുതയുണ്ടോ എന്നിങ്ങനെ കാര്യങ്ങളാണ് ബെഞ്ച് പരിഗണിച്ചത്.

സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളും ഉണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ബിജെപിയുടെ അടിസ്ഥാന വോട്ട് ബാങ്ക് തങ്ങള്‍ക്ക് എതിരെ തിരിയുന്ന ഘട്ടത്തില്‍ അവരെ ഒപ്പം നിര്‍ത്തുക എന്നതും സംവരണം അനുവദിക്കുന്നതിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ് ആക്ഷേപം. സാമൂഹിക പിന്നോക്കാവസ്ഥ ജാതി സംവരണത്തിന് അടിസ്ഥാനം എന്നിരിക്കെ സാമ്പത്തിക സംവരണം എന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം.

logo
The Fourth
www.thefourthnews.in