ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി പിടിച്ചുനിൽക്കും, ഛത്തീസ്ഗഡ് കോണ്‍ഗ്രസിനെ തുണയ്ക്കും

ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി പിടിച്ചുനിൽക്കും, ഛത്തീസ്ഗഡ് കോണ്‍ഗ്രസിനെ തുണയ്ക്കും

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസഗഢ് എന്നിവിടങ്ങളിൽ കോൺഗ്രസിന് മുൻതൂക്കമുണ്ടാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും ബിജെപി പിടിച്ച് നിൽക്കുമെന്ന് തന്നെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന അസ്സംബ്ലി തിരഞ്ഞെടുപ്പിൽ അവസാനത്തെ വോട്ടും പോൾ ചെയ്യപ്പെട്ടതോടെ എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കണക്കാക്കുന്ന സംസ്ഥാന അസ്സംബ്ലി തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയപാർട്ടികളെ സംബന്ധിച്ചിടത്തോളം ഓരോ സംസ്ഥാനവും പ്രധാനപ്പെട്ടതാണ്. എന്നാൽ ഹിന്ദി ഹൃദയഭൂമി ആരോടൊപ്പം നിൽക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസഗഡ് എന്നിവിടങ്ങളിൽ കോൺഗ്രസിന് മുൻതൂക്കമുണ്ടാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും ബിജെപി പിടിച്ച് നിൽക്കുമെന്ന് തന്നെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

ഛത്തീസഗഡിൽ മാത്രമാണ് കോൺഗ്രസിന് കൃത്യമായ മുന്‍തൂക്കം പ്രവചിക്കപ്പെടുന്നത്. മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് വിലയിരുത്തപ്പെടുമ്പോൾ രാജസ്ഥാനിൽ കോൺഗ്രസിനെ അട്ടിമറിച്ച് ബിജെപി സർക്കാർ രൂപീകരിക്കുമെന്നും എക്സിറ്റ് പോളുകള്‍ പറയുന്നു.

തിരഞ്ഞെടുപ്പിന് മുമ്പ് എൻഡിടിവിയും സിഎസ്ഡിഎസും ചേർന്ന് നടത്തിയ സർവേയിലും എബിപി സിവോട്ടർ സർവേയിലും രാജസ്ഥാനിൽ കൃത്യമായ മുൻ‌തൂക്കം കോൺഗ്രസിനുണ്ടാകുമെന്നാണ് വിലയിരുത്തിയിരുന്നത്

രാജസ്ഥാനിൽ കോൺഗ്രസിന് പാളുമോ?

രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട് സർക്കാരിന്റെ പ്രവർത്തനം ജനങ്ങളെ കൃത്യമായി സ്വാധീനിക്കുമെന്നും തങ്ങൾക്കനുകൂലമാക്കുമെന്നും കരുതിയ കോൺഗ്രസിന്റെ കണക്കുകൂട്ടലുകൾ തെറ്റിയോ എന്ന് സംശയിക്കാവുന്ന തരത്തിലാണ് സർവേ ഫലങ്ങൾ. ന്യൂസ് 18നും ടൈംസ് നൗവും ബിജെപിക്ക് കൃത്യമായ മാർജിൻ പ്രവചിക്കുന്നു. ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം കോൺഗ്രസ് ക്യാമ്പുകളിൽ ചെറിയ സംശയങ്ങൾ തുടക്കത്തിൽ ഉണ്ടാക്കിയിരുന്നെങ്കിലും അതിനെ മറികടക്കുന്ന തരത്തിൽ സർക്കാരിന്റെ ജനക്ഷേമപദ്ധതികളെ അവതരിപ്പിക്കാം എന്ന ആത്മവിശ്വാസം കോൺഗ്രസ്സിനുണ്ടായിരുന്നു.

തിരഞ്ഞെടുപ്പിന് മുമ്പ് എൻഡിടിവിയും സിഎസ്ഡിഎസും ചേർന്ന് നടത്തിയ സർവേയിലും എബിപി സിവോട്ടർ സർവേയിലും രാജസ്ഥാനിൽ കൃത്യമായ മുൻ‌തൂക്കം കോൺഗ്രസിനുണ്ടാകുമെന്നാണ് വിലയിരുത്തിയിരുന്നത്. രാജസ്ഥാനിൽ പത്തിൽ ഏഴുപേരും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് ഈ സർവേകൾ വിലയിരുത്തിയത്. അതിനു പ്രധാന കാരണമായി കണക്കാക്കിയിരുന്നത് സർക്കാർ പദ്ധതികളുടെ ജനകീയതയായിരുന്നു. 2018ലെ വസുന്ധര രാജെ സർക്കാരിനെ അപേക്ഷിച്ച് നിലവിലെ രാജസ്ഥാൻ സർക്കാരിലും മുഖ്യമന്ത്രി ആഷിക് ഗെഹ്‌ലോട്ടിലും ആളുകൾ കൂടുതൽ സംതൃപ്തരാണെന്നാണ് കണക്കുകൾ ഉദ്ദരിച്ചുകൊണ്ട് ഈ സർവേകൾ പറഞ്ഞത്.

ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി പിടിച്ചുനിൽക്കും, ഛത്തീസ്ഗഡ് കോണ്‍ഗ്രസിനെ തുണയ്ക്കും
ജാതി സെന്‍സസും സംവരണവും തിരഞ്ഞെടുപ്പ് അജണ്ട നിര്‍ണയിക്കുമ്പോള്‍

ഗാർഹിക ആവശ്യങ്ങൾക്ക് എല്ലാവര്ക്കും 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകി. കർഷകർക്ക് 2000 യൂണിറ്റ് വൈദ്യുതിയും നൽകി. ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി എല്ലാവർക്കും റേഷൻ കിറ്റുകൾ, സബ്സിഡിയോടുകൂടി 500 രൂപയ്ക്ക് പാചകവാതക സിലിണ്ടർ, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ സ്ത്രീകൾക്ക് സ്മാർട്ട് ഫോണുകൾ എന്നിങ്ങനെ ജനപിന്തുണയുറപ്പാകാൻ ആവശ്യമായ എല്ലാം ഉറപ്പാക്കിയിരുന്നെങ്കിലും രാജസ്ഥാൻ കോൺഗ്രസിന്റെ കയ്യിൽ നിന്ന് പോകുമെന്നാണ് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പോലും ഉയർത്തിക്കാണിക്കാത്ത ബിജെപിയുടെ മുൻ‌തൂക്കം കോൺഗ്രസ് ഒട്ടും പ്രതീക്ഷിക്കാത്തതാണ്.

ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി പിടിച്ചുനിൽക്കും, ഛത്തീസ്ഗഡ് കോണ്‍ഗ്രസിനെ തുണയ്ക്കും
എക്‌സിറ്റ് പോള്‍: രാജസ്ഥാനില്‍ ബിജെപി, തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ്, മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്

ഛത്തിസ്ഗഢിൽ കോൺഗ്രസിന് പിഴയ്ക്കില്ല

ചണ്ഡീഗഢിൽ കോൺഗ്രസ് കൃത്യമായ മുൻതുക്കം ഉറപ്പിക്കുമെന്ന് എക്സിറ്റ് പോൾ സർവേകൾ. സിഎൻഎൻ ന്യൂസ് 18, ടിവി5 ന്യൂസ്, എബിപി സി വോട്ടർ എന്നീ ഏജൻസികൾ പുറത്ത് വിട്ട സർവേയിൽ 30 മുതൽ 46വരെ സീറ്റുകൾ ബിജെപി ക്ക് ലഭിക്കുമെന്ന് പ്രവചിക്കുമ്പോൾ, കോൺഗ്രസിന് 41 മുതൽ 64 സീറ്റുകൾ നേടുമെന്നാണ് പ്രവചിക്കുന്നത്.

തുടർച്ചയായ പതിനഞ്ച് വർഷത്തെ ബിജെപി ഭരണത്തിന് ശേഷമാണ് ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിൽ 2018ൽ കോൺഗ്രസ് അധികാരത്തിലെത്തുന്നത്. വലിയതോതിലുള്ള ഭരണവിരുദ്ധ വികാരം അന്ന് ബിജെപിക്കെതിരെ നിലനിന്നിരുന്നു. നെൽകർഷകർക്കുള്ള താങ്ങുവില വർധിപ്പിച്ചതിനു കോൺഗ്രസിന് നിർണ്ണായകമായി മാറിയ കാര്യമായി വിലയിരുത്തപ്പെടുന്നത്. നേരത്തെ നിലനിന്ന താങ്ങുവിലയിൽനിന്ന് 600 രൂപ വർധിപ്പിച്ച് 2500 രൂപയാക്കിയതാണ് ജനങ്ങളിലേക്ക് ഈ സർക്കാരിനെ അടുപ്പിച്ചത്. ഇത്തവണ ജയിക്കുകയാണെങ്കിൽ അത് വീണ്ടും വർധിപ്പിച്ച് 2640 രൂപയാക്കുമെന്നാണ് പ്രകടനപത്രികയിലെ വാഗ്ദാനം. ഇത് പൂർണ്ണമായും കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന വിലയിരുത്തലുകൾ കൃത്യമാണെന്ന് തെളിയിക്കുന്നതാണ് എക്സിറ്റ് പോൾ ഫലങ്ങൾ.

മധ്യപ്രദേശിൽ എന്തും സംഭവിക്കാം

2018ൽ കയ്യിൽ കിട്ടിയ ഭരണം അവസാന നിമിഷം കൈ വിട്ടുപോയ കോൺഗ്രസ് രണ്ടും കല്പിച്ച് മധ്യപ്രദേശ് തിരിച്ചുപിടിക്കാനാണ് ഇത്തവണ ഇറങ്ങിയത്. എന്നാൽ ബിജെപിയിൽ നിന്ന് അത്രപെട്ടെന്നൊന്നും ഭരണം പിടിക്കാൻ സാധിക്കില്ല എന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ബിജെപിയും കോൺഗ്രസും തമ്മിൽ ശക്തമായ പോരാട്ടമായിരിക്കുമെന്നാണ് എല്ലാ സർവേകളും പ്രവചിക്കുന്നത്. ടിവി9 സിഎൻഎൻ ന്യൂസ് 18 സർവേകൾ ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ 100 മുതൽ 125 വരെ സീറ്റുകൾ പ്രവചിക്കുന്നു. അതേസമയം റിപ്പബ്ലിക്ക് ടിവിയും ന്യൂസ് 24 ചാണക്യയും ബിജെപിക്ക് കൃത്യമായ മുൻ‌തൂക്കം പ്രവചിക്കുന്നു.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം അടുത്ത അഞ്ചു വർഷത്തേക്ക് കൂടി സൗജന്യ റേഷൻ ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തിലൂടെയാണ് ബിജെപി മധ്യപ്രദേശ് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ കളംപിടിക്കുന്നത്. ഇത്തരമൊരു പദ്ധതി ദരിദ്രരായവർക്ക് അഞ്ച് കിലോഗ്രാം വച്ച് ഭക്ഷ്യധാന്യങ്ങൾ നൽകുന്നതാണ് പദ്ധതി. 2 ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്. മുൻഗണന വിഭാഗത്തിൽ പെടുന്ന കുടുംബങ്ങൾക്ക് ഒരു മാസം 35 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ ലഭിക്കും. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പിനെ വലിയ രീതിയിൽ സ്വാധീനിക്കാൻ ശേഷിയുള്ള ഒന്നായിരിക്കും ഈ പദ്ധതി എന്ന് അന്നുതന്നെ വിലയിരുത്തപ്പെട്ടിരുന്നു.

രാജസ്ഥാനിലേതുപോലെ മധ്യപ്രദേശിലും ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ല. വർഷങ്ങളായി അധികാരത്തിലിരിക്കുന്ന ശിവരാജ് സിംഗ് ചൗഹാനെ ആളുകൾക്ക് മടുത്തിരുന്നു എന്നതാണ് സത്യം. അത് മനസിലാക്കിയ ബിജെപി, ചൗഹാന് സീറ്റുണ്ടാകില്ലെന്ന പ്രതീതി തുടക്കത്തിൽ കൊണ്ട് വരികയും പിന്നീട് സീറ്റ് നൽകിയെങ്കിലും മുഖ്യപ്രചാരകൻ പ്രധാനമന്ത്രി തന്നെയായിരിക്കും എന്ന് ഉറപ്പിച്ചു പറഞ്ഞു. ഈ തന്ത്രം രാജസ്ഥാനിലും മധ്യപ്രദേശിലും ഒരുപോലെ പ്രവർത്തിച്ചു എന്നുവേണം ഇപ്പോൾ മനസിലാക്കാൻ. ബിജെപിയും കോൺഗ്രസ്സും ജയിക്കാനുള്ള സാധ്യതയുണ്ടെന്ന് എക്സിറ്റ്പോളുകൾ പറയുന്നുണ്ടെങ്കിലും കോൺഗ്രസ്സിനനുകൂലമാക്കി അത് മാറ്റാൻ അവർക്കാകുമോ എന്നത് സംശയമാണ്. നേരിയ മുൻതൂക്കത്തിൽ 2018ൽ ഭരണം പിടിച്ച കോൺഗ്രസിന് സംഭവിച്ചതെന്താണെന്ന് മുന്നിലുള്ളതുകൊണ്ട് കോൺഗ്രസ് പേടിക്കേണ്ടതുണ്ട് എന്ന് ഈ സര്വേഫലങ്ങൾ സൂചിപ്പിക്കുന്നു.

logo
The Fourth
www.thefourthnews.in