'ഇന്ത്യ തിളക്കമുള്ള രാജ്യം'; 
അടുത്ത സാമ്പത്തിക വർഷം  വളര്‍ച്ചാനിരക്കില്‍ നേരിയ ഇടിവുണ്ടാകുമെന്ന് ഐഎംഎഫ്

'ഇന്ത്യ തിളക്കമുള്ള രാജ്യം'; അടുത്ത സാമ്പത്തിക വർഷം വളര്‍ച്ചാനിരക്കില്‍ നേരിയ ഇടിവുണ്ടാകുമെന്ന് ഐഎംഎഫ്

ആഗോള വളർച്ചാ നിരക്ക് 2.9 ശതമാനമായി കുറയുമെന്നും പ്രവചനം

അടുത്ത സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വളര്‍ച്ചാനിരക്കില്‍ നേരിയ ഇടിവുണ്ടാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). മാർച്ച് 31ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്കായ 6.8 ശതമാനത്തിൽ നിന്ന് 6.1 ശതമാനമായി വളർച്ച കുറയുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. ഐഎംഎഫ് ചൊവ്വാഴ്ച പുറത്തിറക്കിയ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

ആഗോള വളർച്ചാ നിരക്ക് 2022ലെ 3.4 ശതമാനത്തിൽ നിന്ന് 2023ൽ 2.9 ശതമാനമായി കുറയുമെന്നും പിന്നീട് 2024 ൽ 3.1 ശതമാനമായി ഉയരുമെന്നും റിപ്പോർട്ടില്‍ പ്രവചനമുണ്ട്.

ഇടിവിന് കാരണം പ്രധാനമായും ബാഹ്യഘടകങ്ങളെന്ന് ഗൗറിഞ്ചസ്

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഐഎംഎഫിന്റെ പ്രവചനങ്ങളില്‍ ഒക്‌ടോബറിലേതില്‍ നിന്ന് വലിയ മാറ്റങ്ങളില്ലെന്ന് ചീഫ് ഇക്കണോമിസ്റ്റും ഐഎംഎഫിന്റെ ഗവേഷണ വിഭാഗം ഡയറക്ടറുമായ പിയറി ഒലിവിയർ ഗൗറിഞ്ചസ് പറയുന്നു. ഈ സാമ്പത്തിക വർഷത്തിൽ രാജ്യത്തിന് 6.8 ശതമാനം വളർച്ചയുണ്ട്, അത് മാർച്ച് വരെ നീണ്ടുനിൽക്കുമെന്നും തുടർന്ന് 2023 -24 സാമ്പത്തിക വർഷത്തിൽ അത് 6.1 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗൗറിഞ്ചസ് വ്യക്തമാക്കുന്നു. ആഭ്യന്തര സൂചകങ്ങളേക്കാള്‍ ബാഹ്യ ഘടകങ്ങളാണ് ഇതിന് കാരണമെന്നും ഐഎംഎഫ് വിശദീകരിക്കുന്നു.

റിപ്പോർട്ട് അനുസരിച്ച് ഏഷ്യയിലെ വളർച്ച 2023-ലും 2024-ലും യഥാക്രമം 5.3 ശതമാനമായും 5.2 ശതമാനമായും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2022 ൽ പ്രതീക്ഷിച്ചതിലും ആഴത്തിലുള്ള മാന്ദ്യം ചൈനയുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടായെങ്കിലും ഏഷ്യയെ ആകെ മൊത്തം ഇത് ബാധിക്കില്ലെന്നാണ് പ്രവചനം.

ചൈനയും ഇന്ത്യയും ചേർന്ന് 2023 ലെ ആഗോള വളർച്ചയുടെ 50 ശതമാനം സംഭാവന ചെയ്യും

ചൈനയിലേയും ഇന്ത്യയിലേയും വിപണികളും വികസ്വര സമ്പദ്‌വ്യവസ്ഥകളും ഉയർന്നുവരുന്നുണ്ട്. 2022ലെ 3.9 ശതമാനത്തിൽ നിന്ന് 2023ൽ 4 ശതമാനമായി രാജ്യത്തെ വിപണിയില്‍ വളർച്ചയുണ്ടാകുമെന്നാണ് വ്യക്തമാക്കുന്നത്. ചൈനയും ഇന്ത്യയും ചേർന്ന് 2023 ലെ ആഗോള വളർച്ചയുടെ 50 ശതമാനം സംഭാവന ചെയ്യും. യുഎസും യൂറോ മേഖലയും ചേർന്ന് പത്തിലൊന്ന് മാത്രമാണ് സംഭാവന ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുകൊണ്ടൊക്കെ തന്നെ ഇന്ത്യ സാമ്പത്തികമായി തിളക്കമുള്ള സ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു.

വികസിത സമ്പദ്‌വ്യവസ്ഥകളിലാണ് മാന്ദ്യം കൂടുതൽ പ്രകടമാകുകയെന്നാണ് പ്രവചനം. വികസിത സമ്പദ് വ്യവസ്ഥകളില്‍ കഴിഞ്ഞ സാമ്പത്തിക വർഷത്തെ 2.7 ശതമാനത്തിൽ നിന്ന് നടപ്പ് സാമ്പത്തിക വർഷം 1.2 ശതമാനമായി ഇടിവുണ്ടായി. അടുത്ത വർഷം ഇത് 1.4 ശതമാനമായി മാറുമെന്നാണ് പ്രവചനം. 10 വികസിത സമ്പദ്‌വ്യവസ്ഥകളിൽ ഒമ്പതും മാന്ദ്യം നേരിടുമെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in