വ്യാജവാർത്തയ്ക്ക് പിന്നാലെ  ആള്‍ക്കൂട്ട ആക്രമണവും ക്രൂര പീഡനവും; മണിപ്പൂരില്‍ സംഭവിച്ചതെന്ത്?

വ്യാജവാർത്തയ്ക്ക് പിന്നാലെ ആള്‍ക്കൂട്ട ആക്രമണവും ക്രൂര പീഡനവും; മണിപ്പൂരില്‍ സംഭവിച്ചതെന്ത്?

മണിപ്പൂരില്‍ നടന്ന അതിക്രൂരമായ ആള്‍കൂട്ട ആക്രമണത്തിന്റെ തുടക്കം ഒരു വ്യാജവാര്‍ത്തയില്‍ നിന്നായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം

മണിപ്പൂര്‍ വംശീയ കലാപത്തിന്റെ ഏറ്റവും ക്രൂരമായ മുഖം വെളിപ്പെട്ട കഴിഞ്ഞ ദിവസത്തെ ദാരുണ സംഭവത്തിലേക്ക് നയിച്ചത് അടുത്തിടെ പ്രചരിച്ച വ്യാജവാര്‍ത്തയെന്ന് റിപ്പോര്‍ട്ടുകള്‍. സമൂഹമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നതായിരുന്നു കുകി വിഭാഗത്തില്‍പെട്ട രണ്ട് സ്ത്രീകളെ അക്രമാസക്തരായ ആള്‍കൂട്ടം നഗ്നരാക്കി നടത്തുന്ന ദൃശ്യങ്ങള്‍. എന്നാല്‍ മണിപ്പൂരില്‍ നടന്ന അതിക്രൂരമായ ആള്‍കൂട്ട ആക്രമണത്തിന്റെ തുടക്കം ഒരു വ്യാജവാര്‍ത്തയില്‍ നിന്നായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

വ്യാജവാർത്തയ്ക്ക് പിന്നാലെ  ആള്‍ക്കൂട്ട ആക്രമണവും ക്രൂര പീഡനവും; മണിപ്പൂരില്‍ സംഭവിച്ചതെന്ത്?
മണിപ്പൂർ കൂട്ടബലാത്സംഗം: ട്വിറ്ററിനോട് വീഡിയോ നീക്കം ചെയ്യാനാവശ്യപ്പെട്ട് കേന്ദ്രം

മെയ് മൂന്നിനായിരുന്നു മണിപ്പൂരില്‍ വംശീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. അതിന് പിന്നാലെ, ചുരചന്ദ്പൂരില്‍ കുകി പുരുഷന്മാര്‍ മെയ്തി സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്ന രീതിയില്‍ ഒരു വാര്‍ത്ത പ്രചരിച്ചു. സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഈ വാര്‍ത്തയില്‍ ഒരു യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കുന്ന തരത്തില്‍ ചിത്രങ്ങളും ഉണ്ടായിരുന്നു.

എന്നാല്‍ ആ വാർത്ത വ്യാജമാണെന്ന് അധികം വൈകാതെ തന്നെ മണിപ്പൂര്‍ പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. 2022 നവംബറില്‍ ഡല്‍ഹിയില്‍ മാതാപിതാക്കള്‍ കൊലപ്പെടുത്തിയ ആയുഷി ചൗധരി എന്ന പെണ്‍കുട്ടിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങളായിരുന്നു പ്രചരിച്ചത്. എന്നാല്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞപ്പോഴേക്കും മണിപ്പൂരില്‍ കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു.

വ്യാജ ചിത്രങ്ങളുമായി പ്രചരിച്ച വാര്‍ത്തയോടുള്ള പ്രതികരണമായിരുന്നു കുകി സ്ത്രീകള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണം. മദ്യലഹരിയിലായിരുന്ന അക്രമികൾ മെയ് 4 ന് രണ്ട് കുകി സ്ത്രീകളെ വലിച്ചിഴച്ച് റോഡിലൂടെ നഗ്നരാക്കി നടത്തുകയും പിന്നീട് അവരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. എന്നാല്‍ 77 ദിവസങ്ങള്‍ കഴിഞ്ഞാണ് ഈ സംഭവം പുറം ലോകമറിഞ്ഞത്. നിന്റെ പുരുഷന്മാർ ഞങ്ങളുടെ സ്ത്രീകളോട് ചെയ്തത് ഞങ്ങൾ നിങ്ങളോടും ചെയ്യും എന്ന് അക്രമികൾ അലറുന്നുണ്ടായിരുന്നുവെന്നും അതിക്രമത്തിന് ഇരയായ സ്ത്രീ പറഞ്ഞു.

യുദ്ധങ്ങളും കലാപങ്ങളും അരങ്ങേറിയാല്‍ ലോകത്തെവിടെയും ചൂഷണം ചെയ്യപ്പെടുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നുള്ള വസ്തുതയാണ് മണിപ്പൂരിലും തുറന്നുകാട്ടപ്പെടുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. മണിപ്പൂര്‍ സംഘര്‍ഷത്തിനിടെ ലൈംഗിക ആക്രമണം നേരിടേണ്ടി വന്ന സ്ത്രീകളുടെ പട്ടിക ഇവിടം കൊണ്ട് തീരുന്നതല്ല. ഈ കുറഞ്ഞ കാലയളവില്‍ മണിപ്പൂരില്‍ ആറ് കുകി സ്ത്രീകളാണ് ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ ബിഷ്ണപൂരില്‍ സ്വദേശികളായ ഒരു കൗമാരക്കാരിയും നാല്പത്തിയെട്ടുകാരിയും, ഇരുപതുകാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിയും കാങ്പോക്പിയില്‍ നിന്നുള്ള യുവതിയും ഇംഫാല്‍ സ്വദേശികളായ രണ്ട് യുവതികളും ഉള്‍പ്പെടുന്നു.

വ്യാജവാർത്തയ്ക്ക് പിന്നാലെ  ആള്‍ക്കൂട്ട ആക്രമണവും ക്രൂര പീഡനവും; മണിപ്പൂരില്‍ സംഭവിച്ചതെന്ത്?
'നിങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ ഞങ്ങള്‍ നടപടിയെടുക്കും'; മണിപ്പൂർ വിഷയത്തില്‍ സർക്കാരുകൾക്ക് താക്കീതുമായി സുപ്രീംകോടതി

ഇംഫാല്‍ സ്വദേശികളായ യുവതികളുടെ മാതാപിതാക്കള്‍ തങ്ങളുടെ പെൺമക്കളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ കാങ്പോക്പിയില്‍ നിന്നുള്ള ഇരുപതുകാരിയുടെ വൈദ്യ പരിശോധനയില്‍ ലൈംഗിക പീഡനത്തിന് ഇരയായതായും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ബലാത്സംഗത്തെ അതിജീവിച്ചവരാരും പോലീസില്‍ പരാതി നല്‍കിയില്ല. ലൈംഗിക പീഡനം നേരിടേണ്ടിവന്നതിലുള്ള ഭയവും നാണക്കേടും അപമാനവുമൊക്കെക്കൊണ്ട് സ്ത്രീകള്‍ നിശബ്ദരാവുകയായിരുന്നു. ഈ പീഡനങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നു എന്നും എന്നാല്‍ പരാതികളൊന്നും ലഭിക്കാത്തതിനാലാണ് നടപടി സ്വീകരിക്കാഞ്ഞത് എന്നുമാണ് പോലീസിന്റെ ഭാഷ്യം.

മണിപ്പൂരിലെ ലൈംഗീകാതിക്രമങ്ങള്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും പങ്കിനെ ചോദ്യം ചെയ്യുന്നതാണ്. വീഡിയോ വൈറലായതിന് ശേഷം മാത്രമാണ് മെയ് നാലിന് നടന്ന സംഭവം പുറത്തറിയുന്നത്. രാജ്യത്തിന് അപമാനമായ സംഭവം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും ഇത്രയും നാള്‍ നടപടികളൊന്നും ഉണ്ടാകാത്തതിനെതിരെ നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഒരു വ്യാജ ചിത്രത്തിന് പിന്നാലെ അതിക്രൂരമായ ആക്രമണങ്ങള്‍ നടന്നിട്ടും അധികാരികളുടെ ശ്രദ്ധയില്‍പെടാന്‍ ഇത്രയേറെ സമയമെടുത്തതിന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കുറ്റവാളികള്‍ സ്വതന്ത്രരായി വിഹരിക്കുമ്പോഴും അധികാരികള്‍ക്ക് നടപടിയെടുക്കാന്‍ താമസിക്കുന്നതെന്താണെന്നാണ് കൂടുതല്‍പേരും ചോദിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ വൈറലാവുകയും ആളുകള്‍ രോഷാകുലരാവുകയും ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഇന്ന് ആദ്യത്തെ അറസ്റ്റ് ഉണ്ടായത്. സംഭവത്തില്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുന്നതിനാല്‍ ജനങ്ങള്‍ക്കിടയില്‍ പ്രശ്‌നം സൃഷ്ടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളെ ഉപകരണമാക്കിയുള്ള പ്രതികാരങ്ങള്‍ കാലാകാലങ്ങളായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. ഇന്നും അതിനൊരു അറുതിവന്നിട്ടില്ലെന്നാണ് മണിപ്പൂരും വിളിച്ചുപറയുന്നത്.

logo
The Fourth
www.thefourthnews.in