കർഷക സമരം: നാലാം ഘട്ട ചർച്ച പുരോഗമിക്കുന്നു; 21ന് എന്‍ഡിഎ എംപിമാർക്ക് നേരെ കരിങ്കൊടി പ്രതിഷേധം

കർഷക സമരം: നാലാം ഘട്ട ചർച്ച പുരോഗമിക്കുന്നു; 21ന് എന്‍ഡിഎ എംപിമാർക്ക് നേരെ കരിങ്കൊടി പ്രതിഷേധം

ഇത് നാലാം തവണയാണ് കർഷകരും കേന്ദ്രവും ചർച്ച നടത്തുന്നത്

വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം, കാർഷിക കടങ്ങൾ എഴുതിത്തള്ളണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള കർഷക സമരത്തില്‍ പരിഹാരം കാണുന്നതിനായുള്ള ചർച്ച പുരോഗമിക്കുന്നു. കർഷക നേതാക്കളുമായുള്ള ചർച്ചയില്‍ പങ്കെടുക്കുന്നതിനായി കേന്ദ്ര മന്ത്രിമാർ എട്ട് മണിയോടെയാണ് ചണ്ഡീഗഡിലെത്തിയത്. പഞ്ചാബ് ഹരിയാന അതിർത്തിയിലെ ശംഭു, ഖനൗരി എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം സുരക്ഷാ ഉദ്യോഗസ്ഥരും കർഷകരും തമ്മില്‍ സംഘർഷമുണ്ടായ പശ്ചാത്തലത്തിലാണ് ചർച്ച. ഫെബ്രുവരി 21ന് എന്‍ഡിഎ എംപിമാർക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിന് സംയുക്ത കിസാന്‍ മോർച്ച ആഹ്വാനം ചെയ്തിട്ടുണ്ട്.

കേന്ദ്ര കൃഷി-കാർഷിക ക്ഷേമ മന്ത്രി അർജുന്‍ മുണ്ട, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് എന്നിവരാണ് ചർച്ചയില്‍ പങ്കെടുക്കുന്ന മന്ത്രിമാർ. ഇത് നാലാം തവണയാണ് കർഷകരും കേന്ദ്രവും ചർച്ച നടത്തുന്നത്. ഫെബ്രുവരി എട്ട്, 12, 15 തീയതികളില്‍ നടന്ന ചർച്ചകള്‍ പരാജയപ്പെട്ടിരുന്നു.

സർക്കാരിന് കർഷക സമരം അവസാനിക്കണമെന്ന് ഉദ്ദേശമുണ്ടെങ്കിൽ താങ്ങുവില ഉറപ്പാക്കുന്നതിന് ഓർഡിനൻസ് കൊണ്ടുവരണം. അതിനു തയ്യാറാണെങ്കിൽ മറ്റു ചർച്ചകളുമായി മുന്നോട്ടു പോകാമെന്ന് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പ്രസിഡന്റ് ശരവൺ സിംഗ് പന്ദേർ പറഞ്ഞിരുന്നു. പന്ദേറിന്റെ നേതൃത്വത്തിലുള്ള കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയും ജഗ്ജീത് സിംഗ് ദല്ലേവാൽ നേതൃത്വം നൽകുന്ന ഭാരതീയ കിസാൻ യൂണിയനും ചേർന്നാണ് ഇപ്പോഴത്തെ കർഷകസമരത്തിന് നേതൃത്വം നൽകുന്നത്. കർഷകരെ ഇപ്പോൾ ഹരിയാന, പഞ്ചാബ് അതിർത്തിയായ ശംഭു അതിർത്തിയിൽ പോലീസ് തടഞ്ഞിരിക്കുകയാണ്.

കർഷക സമരം: നാലാം ഘട്ട ചർച്ച പുരോഗമിക്കുന്നു; 21ന് എന്‍ഡിഎ എംപിമാർക്ക് നേരെ കരിങ്കൊടി പ്രതിഷേധം
'അധികാരം ആസ്വദിക്കാനല്ല, വികസിത ഇന്ത്യ സാക്ഷാത്കരിക്കാന്‍ ബിജെപി വേണം '; ഭാവി മാർഗരേഖ മുന്നോട്ട് വെച്ച് മോദി

സമരം ചെയ്യുന്ന പഞ്ചാബിലെ കർഷകർക്ക് പിന്തുണയുമായി ഹരിയാനയിലെ കർഷകർ സംസ്ഥാനം മുഴുവൻ ട്രാക്ടർ റാലി നടത്തിയിരുന്നു. ആ റാലിയിലും മുന്നോട്ടു വച്ചത് പുതുക്കിയ താങ്ങുവില നിശ്ചയിക്കണമെന്ന ആവശ്യമായിരുന്നു. 2021 ഡിസംബറിൽ കർഷക സമരം അവസാനിപ്പിക്കുമ്പോൾ കുറഞ്ഞ താങ്ങുവില നൽകുമെന്ന ഉറപ്പ് കേന്ദ്ര സർക്കാർ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ സർക്കാർ മലക്കം മറിയുകയാണെന്ന് കർഷകർ പറയുന്നു.

2011ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് മുഖ്യമന്ത്രിമാരെ ഉൾപ്പെടുത്തിക്കൊണ്ട് സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ സമിതി രൂപീകരിച്ചിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിനോട് കുറഞ്ഞ താങ്ങുവിലയ്ക്ക് നിയമപരമായി സാധുത നൽകണമെന്നാവശ്യപ്പെട്ട നരേന്ദ്രമോദി തന്നെയാണ് ഇപ്പോഴും അത് നടപ്പിലാക്കാതെ തുടരുന്നത് എന്ന വിമർശനമാണ് ഭാരതീയ കിസാൻ യൂണിയൻ ഉന്നയിക്കുന്നത്.

എന്തിനാണ് സമരം?

വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം, സ്വാമിനാഥൻ കമ്മീഷനിലെ നിർദേശങ്ങളായ കാർഷിക പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നടപ്പിലാക്കണം, കർഷക സമരത്തിൽ പങ്കെടുത്ത കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം, ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ടവർക്ക് നീതി നടപ്പിലാക്കണം, കാർഷിക കടങ്ങൾ എഴുതിത്തള്ളണം, സ്വതന്ത്രവ്യാപാര കരാറുകൾ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക സംഘടനകൾ വീണ്ടും തെരുവിലിറങ്ങിയിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ച ( നോൺ പൊളിറ്റിക്കൽ), കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് 'ദില്ലി ചലോ' എന്ന പേരിൽ മാർച്ച് സംഘടിപ്പിച്ചത്.

logo
The Fourth
www.thefourthnews.in