ദില്ലി ചലോ മാര്‍ച്ച് ഇന്ന് പുനരാരംഭിക്കും;  കർഷകരെ തടയാൻ പോലീസ്, നൂറിലധികം എക്സ് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രം

ദില്ലി ചലോ മാര്‍ച്ച് ഇന്ന് പുനരാരംഭിക്കും; കർഷകരെ തടയാൻ പോലീസ്, നൂറിലധികം എക്സ് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രം

കര്‍ഷക സമരത്തിന്റെ ഭാഗമായി മാര്‍ച്ച് പത്തിന് ട്രെയിനുകള്‍ ഉപരോധിക്കാനും കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്.

സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും സംയുക്തമായി നടത്തുന്ന ദില്ലി ചലോ മാര്‍ച്ച് ഇന്ന് പുനരാരംഭിക്കും. കര്‍ഷക സമരത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ റെയില്‍വേ സ്റ്റേഷനുകളിലെയും അന്തര്‍സംസ്ഥാനങ്ങളിലെ ബസ് ടെര്‍മിനലുകളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഡല്‍ഹി പോലീസ് ഒരുക്കിയിരിക്കുന്നത്. നഗരത്തിലെത്തുന്ന പ്രതിഷേധക്കാരെ തടയാന്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് ടെര്‍മിനലുകളിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുമുണ്ട്. ടിക്രി, സിംഗു, ഗാസിപൂര്‍ അതിര്‍ത്തികളിലും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

കൂടാതെ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാര്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലെല്ലാം കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്നത്തെ കര്‍ഷക സമരം നഗരത്തിലെ സാധാരണ ട്രാഫിക്കിനെ ബാധിക്കില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ദില്ലി ചലോ മാര്‍ച്ച് ഇന്ന് പുനരാരംഭിക്കും;  കർഷകരെ തടയാൻ പോലീസ്, നൂറിലധികം എക്സ് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രം
'ബസുകളിലും ട്രെയിനിലും ഡല്‍ഹിയിലേക്ക്'; ബുധനാഴ്ച കർഷക സമരം പുനരാരംഭിക്കും, 10ന് ട്രെയിന്‍ ഉപരോധം

കര്‍ഷക സമരത്തില്‍ കൊല്ലപ്പെട്ട ശുഭ്കരണ്‍ സിങ്ങിന്റെ അന്തിമോപചാര ചടങ്ങിനിടെ കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെഎംഎം) നേതാവ് സര്‍വാന്‍ സിങ് പന്‍ഥേരാണ് ഇന്ന് ദില്ലി ചലോ മാര്‍ച്ച് പുനരാരംഭിക്കുമെന്ന് അറിയിച്ചത്. ട്രാക്ടറുകള്‍ക്ക് പകരം ട്രെയിനുകളിലോ ബസുകളിലോ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തങ്ങളോട് നിരന്തരം ആവശ്യപ്പെടുന്നതെന്നും അതുകൊണ്ട് മാര്‍ച്ച് 6ന് ബസുകളിലും ട്രെയിനുകളിലും ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്നായിരുന്നു അദ്ദേഹം അന്ന് പ്രഖ്യാപിച്ചത്.

റെയില്‍വേ സ്‌റ്റേഷനുകളിലെ സുരക്ഷ ശക്തമാക്കുമെന്നും വരുന്ന യാത്രക്കാരെ നിരീക്ഷിച്ചു വരികയാണെന്നും റെയില്‍വേയുടെ ഡെപ്യൂട്ടി കമ്മീഷണര്‍ കെപിഎസ് മല്‍ഹോത്ര അറിയിച്ചു. കര്‍ഷക സമരത്തിന്റെ ഭാഗമായി മാര്‍ച്ച് പത്തിന് ട്രെയിനുകള്‍ ഉപരോധിക്കാനും കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം കര്‍ഷക നേതാക്കളുടെയും അവരെ പിന്തുണക്കുന്നവരുടെയും 100ലധികം എക്‌സ് അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ചിട്ടുണ്ട്. ഫെബ്രുവരി 13ന് സമരം ആരംഭിച്ചത് മുതല്‍ ഇത് മൂന്നാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ സാമൂഹ്യ മാധ്യമങ്ങള്‍ തടഞ്ഞുവെക്കുന്നത്.

ദില്ലി ചലോ മാര്‍ച്ച് ഇന്ന് പുനരാരംഭിക്കും;  കർഷകരെ തടയാൻ പോലീസ്, നൂറിലധികം എക്സ് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രം
'ദില്ലി ചലോ' മാര്‍ച്ച് നിര്‍ത്തിവച്ചു; അതിര്‍ത്തിയില്‍ തുടരുമെന്ന് കര്‍ഷകര്‍

ഫെബ്രുവരി 12ന് മാര്‍ച്ച് പ്രഖ്യാപിച്ചപ്പോള്‍ കര്‍ഷക നേതാക്കളുടെ അക്കൗണ്ടുകള്‍, കര്‍ഷക സംഘടനകളുടെ ഔദ്യോഗിക പേജുകള്‍, കര്‍ഷക സമരത്തെ പിന്തുണക്കുന്നവരുടെ പേജുകള്‍ തുടങ്ങി 12 ഓളം പേജുകള്‍ സര്‍ക്കാര്‍ തടഞ്ഞുവച്ചിരുന്നു.

മോദി സര്‍ക്കാരിന്റെ പ്രവർത്തനെ ശൈലി ഇതാണെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചിരുന്നു. ഓരോ തവണ ബ്ലോക്ക് ചെയ്തതിന് ശേഷം താനുണ്ടാക്കിയ മൂന്ന് അക്കൗണ്ടുകളും സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തതായി കര്‍ഷക നേതാവ് ഗുപ്രീത് സംങ ദേശീയ മാധ്യമമായ ദ വയറിനോട് പറഞ്ഞു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ശബ്ദം ജനങ്ങളിലേക്കെത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'കേന്ദ്ര സര്‍ക്കാരിന്റെ സന്ദേശം വ്യക്തമാണ്. കര്‍ഷകരെ സംസാരിക്കാന്‍ അവര്‍ അനുവദിക്കില്ല. കര്‍ഷകരുടെ സമരത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നത് കൊണ്ടാണ് അവര്‍ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത്'', അദ്ദേഹം പറഞ്ഞു.

അതേസമയം 100ഓ ആയിരമോ വരുന്ന കര്‍ഷകര്‍ ഇന്ന് ജന്തര്‍ മന്തിറില്‍ ഇരുന്ന് പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2021ലെ കര്‍ഷക സമരം മുതല്‍ കര്‍ഷകരെ പിന്തുണക്കുന്നതിനാല്‍ സമാനമായ നിരോധനം അനുഭവിക്കുന്നുവെന്ന് പറഞ്ഞ് ധാരാളം പേർ രംഗത്തെത്തിയിട്ടുണ്ട്.

''അമേരിക്കയിലെ ഒരു കൂട്ടം ആളുകളെ ഞങ്ങള്‍ നയിക്കുകയും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു. രാകേഷ് ടികായത്ത്, ബാല്‍ബിര്‍ സിങ് രാജ്‌വേല്‍ തുടങ്ങി എസ്‌കെഎം നേതാക്കളുമായി ഞാന്‍ ബന്ധം സ്ഥാപിച്ചിരുന്നു. എന്നാല്‍ അന്ന് എന്റെ അക്കൗണ്ടുകള്‍ ആരും ബ്ലോക്ക് ചെയ്തില്ല.

ഇപ്പോള്‍ സമരം തുടങ്ങിയപ്പോള്‍ തന്നെ സര്‍ക്കാര്‍ എന്റെ എക്‌സ് അക്കൗണ്ട് തടഞ്ഞുവെച്ചു. അമേരിക്കന്‍ പൗരയായത് കൊണ്ട് ഞാന്‍ സുരക്ഷിതമായിരിക്കുമെന്ന് കരുതി. സര്‍ക്കാരിന്റെ നടപടിയില്‍ ഞാന്‍ അസ്വസ്ഥയല്ല. സര്‍ക്കാര്‍ എന്റെ എക്‌സ് അക്കൗണ്ട് തിരികെ തന്നില്ലെങ്കില്‍ ഞാന്‍ പുതിയ അക്കൗണ്ടുകളെടുക്കുകയും കര്‍ഷകര്‍ക്ക് വേണ്ടി എന്റെ ശബ്ദമുയര്‍ത്തുകയും ചെയ്യും.

കര്‍ഷകരെ പിന്തുണച്ചതിനാല്‍ എന്നെ ഖലിസ്ഥാനിയെന്ന് ചിത്രീകരിക്കുകയും ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. നേരത്തെ ഞാന്‍ കര്‍ഷകര്‍ക്ക് വേണ്ടി സംസാരിച്ചിരുന്നു. ഇപ്പോഴും സംസാരിക്കും'', -അമേരിക്കന്‍ പൗരയായ ഡെന്റിസ്റ്റ് ഷീന സോനേ പറയുന്നു.

ദില്ലി ചലോ മാര്‍ച്ച് ഇന്ന് പുനരാരംഭിക്കും;  കർഷകരെ തടയാൻ പോലീസ്, നൂറിലധികം എക്സ് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രം
മണ്ണുമാന്തി യന്ത്രങ്ങൾ, പരിഷ്കരിച്ച ട്രാക്ടർ, കണ്ണീർവാതകം തടയാൻ ഇരുമ്പ് ഷീറ്റുകൾ; വീണ്ടും സമരത്തിനൊരുങ്ങി കർഷകർ

അതേസമയം, കര്‍ഷകരുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ആലോചനയില്ലെന്നും എന്നാല്‍ വിഷയത്തില്‍ പെട്ടെന്ന് തന്നെ പരിഹാരം കാണുമെന്നും നേരത്തെ കേന്ദ്ര കൃഷി മന്ത്രി അര്‍ജുന്‍ മുണ്ടേ പറഞ്ഞിരുന്നു. മാര്‍ച്ച് 29 വരെ ഡല്‍ഹി ചലോ മാര്‍ച്ച് നിര്‍ത്തിവെക്കാനായിരുന്നു കര്‍ഷകരുടെ തീരുമാനം. എന്നാല്‍ ഇന്ന് വീണ്ടും ആരംഭിക്കാന്‍ കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു.

എല്ലാ വിളകള്‍ക്കും മിനിമം താങ്ങുവില (എംഎസ്പി), കര്‍ഷകരുടെ കടം എഴുതി തള്ളല്‍, 2020ലെയും 21ലെയും കര്‍ഷക സമരത്തില്‍ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് തൊഴില്‍, പ്രതിഷേധക്കാരായ കര്‍ഷകര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ റദ്ദാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡല്‍ഹി ചലോ മാര്‍ച്ച് നടത്തുന്നത്.

logo
The Fourth
www.thefourthnews.in