ഫറൂഖ് അബ്ദുള്ളയും കൈവിട്ടു, ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഒറ്റയ്ക്ക് മത്സരിക്കും; 'ഇന്ത്യ'ക്ക് വീണ്ടും തിരിച്ചടി

ഫറൂഖ് അബ്ദുള്ളയും കൈവിട്ടു, ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഒറ്റയ്ക്ക് മത്സരിക്കും; 'ഇന്ത്യ'ക്ക് വീണ്ടും തിരിച്ചടി

'ഇന്ത്യ' സഖ്യത്തിന്റെ തുടക്കം മുതലുള്ള ചര്‍ച്ചകളില്‍ സജീവമായിരുന്ന നേതാവാണ് ഫറൂഖ് അബ്ദുള്ള

പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിക്ക് വീണ്ടും തിരിച്ചടി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ്. ''സഖ്യത്തിന് വേണ്ടി കഠിനമായി ശ്രമിച്ചു, പക്ഷേ മുന്നോട്ടുപോകാന്‍ സാധിച്ചില്ല. അതിനാല്‍ ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ പോകുന്നു'', ഫറൂഖ് വ്യക്തമാക്കി.

അതേസമയം, ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. 'ചര്‍ച്ചകള്‍ നടക്കുന്നു. ഓരോ പാര്‍ട്ടിക്കും അവരുടേതായ പരിമിതികളുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഇന്ത്യാ ബ്ലോക്കിന്റെ ഭാഗമാണ്, അത് തുടരും' എന്നാണ് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പ്രതികരിച്ചത്.

'ഇന്ത്യ' സഖ്യത്തിന്റെ തുടക്കം മുതലുള്ള ചര്‍ച്ചകളില്‍ സജീവമായിരുന്ന നേതാവാണ് ഫറൂഖ് അബ്ദുള്ള. 'ഇന്ത്യ' സഖ്യം വിളിച്ചു ചേര്‍ത്ത എല്ലാ യോഗങ്ങളിലും ഫറൂഫ് അബ്ദുള്ള പങ്കെടുത്തിരുന്നു. എന്നാല്‍, സീറ്റ് വിഭജന ചര്‍ച്ചകള്‍ അനിശ്ചിതമായി നീണ്ടുപോകുന്നതാണ് ഫറൂഖ് അബ്ദുള്ളയെ മുന്നണിയില്‍ നിന്നകറ്റിയത്.

ഇന്ത്യ സഖ്യം വിടുന്ന നാലാമത്തെ പ്രധാന കക്ഷിയാണ് നാഷണല്‍ കോണ്‍ഫറന്‍സ്. നേരത്തെ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, തങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് എഎപിയുടെ തീരുമാനം. പഞ്ചാബിലെ 13 മണ്ഡലങ്ങളിലും ചണ്ഡീഗഡിലും ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ പറഞ്ഞിരുന്നു. മുന്നണി രൂപീകരിക്കാന്‍ മുന്‍കൈയെടുത്ത ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ എന്‍ഡിഎ പാളയത്തിലെത്തി. ഇതിന് പിന്നാലെ, യുപിയിലെ 'ഇന്ത്യ' മുന്നണിയിലെ സഖ്യകക്ഷിയായിരുന്ന ആര്‍എല്‍ഡിയും എന്‍ഡിഎ ക്യാമ്പിലെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in