അടുത്ത സാമ്പത്തിക വർഷം  വളര്‍ച്ച 6-6.8 ശതമാനമായി കുറയുമെന്ന് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്

അടുത്ത സാമ്പത്തിക വർഷം വളര്‍ച്ച 6-6.8 ശതമാനമായി കുറയുമെന്ന് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്

നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് ശതമാനം വളര്‍ച്ച നേടും

2023- 24 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി 6-6.8 ശതമാനമായിരിക്കുമെന്ന് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്നും സര്‍വെയില്‍ പറയുന്നു. നാളെ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ധനമന്ത്രി നിര്‍മല സീതാരാമൻ സാമ്പത്തിക സർവെ റിപ്പോർട്ട് പാര്‍ലമെന്റില്‍ വച്ചത്.

മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ് 2022-23 ലേത്

കഴിഞ്ഞ വര്‍ഷത്തെ സര്‍വെ പ്രതീക്ഷിച്ചിരുന്നത് 8 മുതല്‍ 8.5 ശതമാനം വരെ സാമ്പത്തിക വളർച്ചയായിരുന്നു. ഇതാണ് ഏഴ് ശതമാനമായി കുറയുന്നത്. മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറവ് വളര്‍ച്ചയാണ് സര്‍ക്കാര്‍ നടപ്പ് വര്‍ഷം പ്രതീക്ഷിക്കുന്നത്. 2019-20 ല്‍ 3.7 ശതമാനം വളര്‍ച്ചയും 2020-21 ല്‍ -6.6 ശതമാനം വളര്‍ച്ചയും 2021- 22 ല്‍ 8.7 ശതമാനം വളര്‍ച്ചയുമാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.

കൊവിഡ് വാക്‌സിനേഷനടക്കം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ തിരിച്ചു വരാന്‍ സഹായിച്ചുവെന്നും റിപ്പോര്‍ട്ട്

കോവിഡ് മഹാമാരിയെത്തുടര്‍ന്നുളള പ്രതിസന്ധിയെ രാജ്യം മറി കടന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോവിഡ് വാക്‌സിനേഷനടക്കം രാജ്യത്തെ സമ്പദ്‌ വ്യവസ്ഥയെ തിരിച്ചു വരാന്‍ സഹായിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വ്യവസായ രംഗത്തിന് കനത്ത ആഘാതമാണ് കോവിഡ് മൂലം ഉണ്ടായത്. 10.3 ശതമാനത്തില്‍ നിന്ന് 4.2 ശതമാനമായാണ് വളര്‍ച്ച കുറഞ്ഞത്. കാര്‍ഷിക രംഗത്ത് നേരിയ പുരോഗതിയുണ്ടെന്നും സേവന മേഖലയില്‍ വളര്‍ച്ച 9.1 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ധനകമ്മി നടപ്പ് വര്‍ഷം 6.4 ശതമാനമാണ്.

ലോകത്തെ ഏറ്റവും വേഗത്തില്‍ വികസിക്കുന്ന രാജ്യമായി ഇന്ത്യ തുടരും

റഷ്യ-യുക്രെയ്ന്‍ യുദ്ധമാണ് സാമ്പത്തിക രംഗത്തെ വലിയ പ്രതിസന്ധിക്ക് കാരണമെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടില്‍ 36 തവണയാണ് യുദ്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ലോകത്തെ ഏറ്റവും വേഗത്തില്‍ വികസിക്കുന്ന രാജ്യമായി ഇന്ത്യ തുടരുമെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

logo
The Fourth
www.thefourthnews.in