കോലാർ ഇല്ല, സിദ്ധരാമയ്യ വരുണയിൽ തിരിച്ചെത്തും;
കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബുധനാഴ്ച

കോലാർ ഇല്ല, സിദ്ധരാമയ്യ വരുണയിൽ തിരിച്ചെത്തും; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബുധനാഴ്ച

മകൻ യതീന്ദ്രയുടെ ടിക്കറ്റും ആശങ്കയിൽ

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് തീരുമാനം വരും മുൻപ് സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോലാറിൽ സീറ്റില്ല . മുൻപ് മത്സരിച്ചു വിജയിച്ച മൈസൂരുവിലെ വരുണയിൽ സീറ്റ് നൽകിയേക്കും. കോലാറിൽ മത്സരിച്ചാൽ തോൽവി ഉറപ്പാകുമെന്ന ആഭ്യന്തര സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് ഹൈക്കമാൻഡ് കോലാർ വേണ്ടെന്ന് സിദ്ധരാമയ്യയോട് നിർദേശിച്ചത്. 2008ലും 2013ലും സിദ്ധരാമയ്യ ജയിച്ച മണ്ഡലമായിരുന്നു വരുണ. 2018ൽ മകൻ യതീന്ദ്രയുടെ രാഷ്ട്രീയ പ്രവേശനത്തിനും കന്നി അങ്കത്തിനും വേദി ഒരുക്കാനായിരുന്നു വരുണ വിട്ട് സിദ്ധരാമയ്യ ഇരട്ട മണ്ഡലങ്ങളായ ചാമുണ്ഡേശ്വരിയിലും ബാദാമിയിലും ജനവിധി തേടിയത്.

ഇത്തവണ ഹൈക്കമാൻഡ് തീരുമാനം വരുന്നതിനു മാസങ്ങൾക്ക് മുൻപേ സുരക്ഷിത മണ്ഡലമായ കോലാറിൽ മത്സരിക്കാനുള്ള ചരടുവലികൾ സിദ്ധരാമയ്യ നടത്തിയിരുന്നു

എന്നാൽ ചാമുണ്ഡേശ്വരിയിൽ കനത്ത പരാജയം ഏറ്റുവാങ്ങുകയും ബാദാമിയിൽ മങ്ങിയ വിജയം കൊണ്ട് തൃപ്തിപെടുകയും ചെയ്യേണ്ടി വന്നു. അന്ന് മുഖ്യമന്ത്രി സ്ഥാനാർഥി ആയി ഉയർത്തി കാണിക്കപ്പെട്ടിരുന്നെങ്കിലും ജെഡിഎസ് - കോൺഗ്രസ് സഖ്യ സർക്കാർ വന്നതോടെ സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുകയും ചെയ്തു.

ഇത്തവണ ഹൈക്കമാൻഡ് തീരുമാനം വരുന്നതിനു മാസങ്ങൾക്ക് മുൻപേ സുരക്ഷിത മണ്ഡലമായ കോലാറിൽ മത്സരിക്കാനുള്ള ചരടുവലികൾ സിദ്ധരാമയ്യ നടത്തിയിരുന്നു. മണ്ഡലത്തിലെ പ്രമുഖ നേതാക്കളായ കെ എച്ച് മുനിയപ്പ ഉൾപ്പെടെയുള്ളവരുടെ പിന്തുണ ഉറപ്പാക്കിയായിരുന്നു സിദ്ധരാമയ്യ മുന്നോട്ടുപോയത്. കെപിസിസിയുടെയും ഹൈക്കമാൻഡിന്റെയും സമ്മതമില്ലാതെ കഴിഞ്ഞ ജനുവരിയിലായിരുന്നു കോലാറിൽ പൊതുയോഗം വിളിച്ചുകൂട്ടി സിദ്ധരാമയ്യ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ഇത് കോൺഗ്രസ് ഘടകത്തിൽ നീരസത്തിനും അതൃപ്തിക്കും കാരണമായിരുന്നു. സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ ഹൈക്കമാൻഡ് ഡൽഹിയിൽ വിളിച്ചുചേർത്ത യോഗത്തിലാണ് കോലാറിൽ സിദ്ധരാമയ്യയുടെ കാര്യം ചർച്ചയായതും ആഭ്യന്തര സർവേ ഫലം അനുകൂലമല്ലെന്ന വിലയിരുത്തലുണ്ടായതും.

കോലാർ ഇല്ല, സിദ്ധരാമയ്യ വരുണയിൽ തിരിച്ചെത്തും;
കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബുധനാഴ്ച
സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് സിദ്ധരാമയ്യ; കര്‍ണാടക കോണ്‍ഗ്രസില്‍ ഭിന്നത

കുറുബ സമുദായക്കാരനായ സിദ്ധരാമയ്യയെ കോലാറിൽ തോൽപ്പിക്കാൻ ബിജെപിയും ജെഡിഎസും കച്ചമുറുക്കുന്നതോടെ കോൺഗ്രസിന്റെ വൊക്കലിഗ വോട്ടുകൾ വിഭജിക്കുമെന്നാണ് സർവേ ഫലം. പ്രാദേശിക കോൺഗ്രസിലെ ചിലരും സിദ്ധരാമയ്യക്ക് എതിരായേക്കുമെന്ന വിലയിരുത്തലുമുണ്ട്. വരുണയിൽ അല്ലെങ്കിൽ മറ്റേതെങ്കിലും മണ്ഡലത്തിലേക്ക് സിദ്ധരാമയ്യ പോകേണ്ടി വരുമെന്നാണ് ഹൈക്കമാൻഡ് നിർദേശിച്ചത്. അങ്ങനെയെങ്കിൽ തൽക്കാലം വരുണ അല്ലാതെ സിദ്ധരാമയ്യക്ക് വേറെ സുരക്ഷിത സീറ്റില്ല.

അച്ഛന് വേണ്ടി മണ്ഡലം ഒഴിഞ്ഞു കൊടുക്കാൻ തയ്യാറാണെന്നും കർണാടകയിൽ ഏതു മണ്ഡലത്തിൽ നിന്നാലും ജയിക്കുന്നയാളാണ് അദ്ദേഹമെന്നും സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര എംഎൽഎ

സീറ്റ് ഒഴിഞ്ഞു കൊടുക്കുമ്പോൾ മകൻ യതീന്ദ്രയ്ക്ക് മറ്റൊരു മണ്ഡലം ഹൈക്കമാൻഡ് നൽകുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. അച്ഛന് വേണ്ടി മണ്ഡലം ഒഴിഞ്ഞു കൊടുക്കാൻ തയ്യാറാണെന്നും കർണാടകയിൽ ഏതു മണ്ഡലത്തിൽ നിന്നാലും ജയിക്കുന്നയാളാണ് അദ്ദേഹമെന്നും സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര എംഎൽഎ പ്രതികരിച്ചു. കോലാറിലും അച്ഛൻ ജയിക്കുമെന്നാണ് പ്രതീക്ഷ, എന്നാൽ ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2018ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിൽ ചാമുണ്ഡേശ്വരിയിൽ നിന്ന് മാത്രമായിരുന്നു സിദ്ധരാമയ്യ ജനവിധി തേടാൻ തീരുമാനിച്ചത്. എന്നാൽ, പരാജയ ഭീതി കനത്തതോടെ അവസാന നിമിഷം ഹൈക്കമാൻഡിന്റെ കാലുപിടിച്ചു ബാഗൽകോട്ട് ജില്ലയിലെ ബാദാമിയിൽ കൂടി മത്സരിക്കാൻ അനുമതി നേടിയെടുക്കുകയായിരുന്നു. ഇത് ഡി കെ ശിവകുമാർ പക്ഷക്കാരെ ചൊടിപ്പിച്ചിരുന്നു. ഇത്തവണയും ഡി കെ ശിവകുമാർ പക്ഷം സിദ്ധരാമയ്യക്കെതിരെ പാർട്ടിയിൽ പടയൊരുക്കം നടത്തുന്നുണ്ട്. പ്രശ്നം മുഖ്യമന്ത്രി പദവിയെ ചൊല്ലിയാണ്. കർണാടകയിൽ കോൺഗ്രസ് ഭരണം തിരിച്ചു പിടിച്ചാൽ മുഖ്യമന്ത്രിയാകാൻ കാത്തുനിൽക്കുന്ന അര ഡസനോളം നേതാക്കളുണ്ട്. അതിൽ പ്രധാനികളാണ് കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും. ഇരു നേതാക്കളും വിഷയത്തിൽ ഇടഞ്ഞു നിൽക്കുന്നതിനാൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഹൈക്കമാൻഡിന്റെ തീരുമാനം .

logo
The Fourth
www.thefourthnews.in