കോണ്‍ഗ്രസ് ബാന്ധവം അവസാനിപ്പിച്ചു; ജഗദീഷ് ഷെട്ടാർ വീണ്ടും ബിജെപിയിൽ

കോണ്‍ഗ്രസ് ബാന്ധവം അവസാനിപ്പിച്ചു; ജഗദീഷ് ഷെട്ടാർ വീണ്ടും ബിജെപിയിൽ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താന്‍ ബിജെപിയിലേക്ക് മടങ്ങുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്

മുതിര്‍ന്ന നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസ് വിട്ടു വീണ്ടും ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താന്‍ ബിജെപിയിലേക്ക് മടങ്ങുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. പിന്നീട് ഡല്‍ഹിയില്‍ ബിജെപി നേതൃത്വത്തില്‍ നിന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ബി എസ് യെദ്യൂരപ്പയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ടിക്കറ്റ് നിഷേധത്തെ തുടര്‍ന്ന് ഷെട്ടാര്‍ ബിജെപി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് നിയമസഭയുടെ ഉപരിസഭയില്‍ കോണ്‍ഗ്രസ് അദ്ദേഹത്തിന് അംഗത്വം നല്‍കിയിരുന്നു എം എല്‍ സി സ്ഥാനം രാജി വെച്ചതായി ഷെട്ടാര്‍ അറിയിച്ചു.

'രാജ്യ നന്മക്കായാണ് ബിജെപിയില്‍ തിരികെ എത്തുന്നത്. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണം. അതിനു ബിജെപിയുടെ കരങ്ങള്‍ക്ക് ശക്തി പകരുകയാണ് ഇനി എന്റെ ലക്ഷ്യം'ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ഷെട്ടാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ജഗദീഷ് ഷെട്ടാർ ബിജെപിയിലേക്ക് തിരികെ പോയത് എന്ത് കൊണ്ടെന്നു അറിയില്ലെന്നു കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പ്രതികരിച്ചു. ബിജെപി സീറ്റ് നിഷേധിച്ചെന്നു സങ്കടം പറഞ്ഞപ്പോൾ വിളിച്ചു കൊണ്ട് വന്നു സീറ്റു കൊടുത്തു . തിരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റിട്ടും കോൺഗ്രസ്‌ അദ്ദേഹത്തെ എം എൽ സി ആക്കി . ഒരു അനീതിയും അദ്ദേഹത്തോട് കോൺഗ്രസ് കാണിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഷെട്ടാർ കാണിച്ചത് വിശ്വാസ വഞ്ചനയാണെന്നാണ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ പ്രതികരണം. രണ്ടു ദിവസം മുൻപ് സംസാരിച്ചപ്പോഴും കോൺഗ്രസ് ജീവനാണെന്നു ഷെട്ടാർ പറഞ്ഞിരുന്നുവെന്നും ഡികെ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഉണ്ടായ ഷെട്ടാറിന്റെ മടക്കം കര്‍ണാടക കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. കാവി കോട്ടകളായ ഹുബ്ബള്ളി , ധാര്‍വാഡ്, ബെലഗാവി പോലുള്ള കേന്ദ്രങ്ങളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ ചലനമുണ്ടാക്കാന്‍ ഷെട്ടാറിന്റെ തിരിച്ചുപോക്ക് ബിജെപിയെ സഹായിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജഗദീഷ് ഷെട്ടാര്‍ പിണങ്ങി പിരിഞ്ഞപ്പോള്‍ ഈ മേഖലയില്‍ നിന്ന് ബിജെപി തിരിച്ചടി നേരിട്ടിരുന്നു.

കര്‍ണാടകയിലെ ബിജെപിയുടെ വോട്ടുബാങ്കായ ലിംഗായത്ത് സമുദായത്തിന്റെ നേതാവ് കൂടിയാണ് ഷെട്ടാര്‍. ഷെട്ടാര്‍ ഉള്‍പ്പടെയുളള ലിംഗായത് സമുദായക്കാര്‍ക്കു ബിജെപി ടിക്കറ്റ് നിഷേധിച്ചതോടെ സമുദായം ഒന്നാകെ കോണ്‍ഗ്രസിനൊപ്പം നിലകൊള്ളുകയും കര്‍ണാടകയില്‍ ഭരണമാറ്റം ഉണ്ടാകുകയും ചെയ്തു. നിര്‍ണായ ശക്തികളായ ലിംഗായത് സമുദായത്തെ ബിജെപിയോട് അടുപ്പിക്കാന്‍ ഷെട്ടാറിന്റെ തിരിച്ചുവരവ് സഹായിച്ചേക്കുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍. സംസ്ഥാന ഭരണം നഷ്ടമായെങ്കിലും ലോക്‌സഭയിലേക്ക് 28ല്‍ 20 സീറ്റെങ്കിലും കര്‍ണാടകയില്‍ നിന്ന് ദേശീയ നേതൃത്വത്തിന് സമ്മാനിക്കാനാണ് പുതിയ അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര ലക്ഷ്യം വെക്കുന്നത് . യെദ്യൂരപ്പ പക്ഷം മുന്‍കൈ എടുത്താണ് ഷെട്ടാറിനെ പാര്‍ട്ടിയില്‍ തിരികെ എത്തിച്ചിരിക്കുന്നത് .

logo
The Fourth
www.thefourthnews.in