ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ എസ് വെങ്കിട്ടരമണന്‍ അന്തരിച്ചു

ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ എസ് വെങ്കിട്ടരമണന്‍ അന്തരിച്ചു

ഐഎഎസ് ഓഫീസറായിരുന്ന ആര്‍ വെങ്കിട്ടരമണന്‍ 1990 - 1992 കാലയളവിലായിരുന്നു ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തുണ്ടായിരുന്നത്.

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ എസ് വെങ്കിട്ടരമണന്‍ (92) അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. റിസർവ്‌ ബാങ്ക്‌ ഓഫ് ഇന്ത്യയുടെ 18-ാമത്തെ ഗവർണറായിരുന്നു എസ്. വെങ്കിട്ടരമണൻ. ഐഎഎസ് ഓഫീസറായിരുന്ന എസ് വെങ്കിട്ടരമണന്‍ 1990 - 1992 കാലയളവിലായിരുന്നു ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തുണ്ടായിരുന്നത്. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ കാലം കൂടിയായിരുന്നു ഇത്.

ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തിന് പുറമെ ഫിനാന്‍സ് സെക്രട്ടറി, കര്‍ണാടക സര്‍ക്കാരിന്റെ ഉപദേശകന്‍ എന്നീ നിലകളിലും എസ് വെങ്കിട്ടരമണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിദേശ വായ്പാ തിരിച്ചടവില്‍ ഉള്‍പ്പെടെ രാജ്യം വലിയ പ്രതിസന്ധി നേരിട്ട കാലത്ത് റിസര്‍ബാങ്കിനെ നയിച്ച വ്യക്തി എന്നാണ് ആര്‍ബിഐ വെങ്കിട്ടരമണന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ബാലന്‍സ് ഓഫ് പേയ്മെന്റ് പ്രതിസന്ധിയില്‍ രാജ്യം വലഞ്ഞ സമയത്ത് വെങ്കിട്ടരമണന്റെ നയങ്ങള്‍ ഗുണം ചെയ്‌തെന്നും 'ആര്‍ബിഐ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ എസ് വെങ്കിട്ടരമണന്‍ അന്തരിച്ചു
18 രാജ്യങ്ങളിലെ ബാങ്കുകള്‍ക്ക് രൂപയില്‍ വിനിമയ അനുമതി നല്‍കി ആര്‍ബിഐ

പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നാഗര്‍കോവിലില്‍ ആയിരുന്നു വെങ്കിട്ടരമണന്റെ ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും യുഎസിലെ പിറ്റ്‌സ്ബര്‍ഗിലുള്ള കാര്‍ണഗീ മെലോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടി.

രണ്ട് മക്കളോടൊപ്പം ചെന്നൈയില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന്‍ മകളാണ്.

logo
The Fourth
www.thefourthnews.in