പോരിന്റെ തനിയാവർത്തനം; അന്ന് 
കാൻഷിറാമും മുലായവും ഇന്ന് മായാവതിയും അഖിലേഷും

പോരിന്റെ തനിയാവർത്തനം; അന്ന് കാൻഷിറാമും മുലായവും ഇന്ന് മായാവതിയും അഖിലേഷും

റാം മനോഹർ ലോഹ്യയും അംബേദ്കറും കാൻഷി റാമും കാണിച്ചുതന്ന പാത ഒന്നുതന്നെയാണെന്ന് അഖിലേഷ് യാദവ്

സമാജ്‌വാദി പാർട്ടി (എസ്‌പി) സ്ഥാപകൻ അന്തരിച്ച മുലായം സിംഗ് യാദവിനെ ലക്ഷ്യമിട്ട് ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) നേതാവ് മായാവതി രം​ഗത്ത്. ബിഎസ്‌പി സ്ഥാപകനും ദളിത് നേതാവുമായ കാൻഷിറാം 1993ൽ കൂട്ടിച്ചേർത്ത എസ്‌പി-ബിഎസ്‌പി സഖ്യത്തോട് എസ്പി സത്യസന്ധത പുലർത്തിയിരുന്നില്ല എന്നായിരുന്നു അവരുടെ ആരോപണം. ബിഎസ്പിയെ സവർണ വിരുദ്ധർ എന്ന് വിശേഷിപ്പിച്ച് അപകീർത്തിപ്പെടുത്താനും എസ്പി ശ്രമിച്ചിരുന്നുവെന്ന് അവർ കുറ്റപ്പെടുത്തി.

യുപിയിലും ദളിതർ അപമാനിക്കപ്പെടുന്നു

തിങ്കളാഴ്ച റായ്ബറേലിയിൽ, ബിഎസ്പി സ്ഥാപകൻ കാൻഷിറാമിന്റെ പ്രതിമ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അനാച്ഛാദനം ചെയ്തത് മായാവതിയെ ചൊടിപ്പിച്ചിരുന്നു. എസ്‌പി നേതാവ് സ്വാമി പ്രസാദ് മൗര്യയാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ദളിതരെ സ്വാധീനിക്കാനുളള എസ്പിയുടെ നീക്കമായാണ് മായാവതി ഇതിനെ നോക്കിക്കാണുന്നത്. 1993ൽ കാൻഷിറാം എസ്പിയും ബിഎസ്പിയും തമ്മിൽ സഖ്യമുണ്ടാക്കിയെങ്കിലും മുലായം സിംഗ് യാദവ് ബിഎസ്പിയെ അപകീർത്തിപ്പെടുത്തിയെന്നും ദളിതരെ ചൂഷണം ചെയ്തുവെന്നും മായാവതി ട്വീറ്റും ചെയ്തു.

കാൻഷിറാമിന്റെ പ്രതിമ അഖിലേഷ് യാദവ് അനാച്ഛാദനം ചെയ്യുന്നു
കാൻഷിറാമിന്റെ പ്രതിമ അഖിലേഷ് യാദവ് അനാച്ഛാദനം ചെയ്യുന്നു

റാം മനോഹർ ലോഹ്യയും അംബേദ്കറും കാൻഷി റാമും കാണിച്ചുതന്ന പാത ഒന്നുതന്നെയാണ്. ദലിതർക്കും ഒബിസികൾക്കും അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്കുമിടയിൽ വിശാലമായ ഐക്യത്തിന് ഊന്നൽ നൽകണമെന്നായിരുന്നു അഖിലേഷ് ആവശ്യപ്പെട്ടത്. 1991-ൽ ഇറ്റാവയിൽ നിന്ന് മത്സരിച്ച് കാൻഷിറാം മുലായത്തിന്റെ സഹായത്തോടെയാണ് ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയം നേടിയതെന്നും അതുപോലെ നമ്മുടെ സമൂഹവും ഐക്യപ്പെടേണ്ടതുണ്ടെന്നും അഖിലേഷ് വ്യക്തമാക്കിയിരുന്നു.

കാൻഷി റാമും മുലായം സിങ് യാദവും
കാൻഷി റാമും മുലായം സിങ് യാദവും

ലക്‌നൗ ഗസ്റ്റ് ഹൗസ് കേസ് ഓർമിപ്പിച്ച് മായാവതി

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് എസ്പി-ബിഎസ്പി സഖ്യം തകർന്നതിന് മായാവതി എസ്പിയെ കുറ്റപ്പെടുത്തുന്നത്. 27 വർഷം പഴക്കമുള്ള കുപ്രസിദ്ധമായ ലക്‌നൗ ഗസ്റ്റ് ഹൗസ് കേസാണ് ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം അവസാനിച്ചതിന് കാരണമായി മായാവതി ഉയർത്തിക്കാട്ടുന്നത്. മായാവതി ഉൾപ്പെടെയുള്ള നിരവധി ബിഎസ്പി നിയമസഭാംഗങ്ങളെ എസ്പി നേതാക്കളും ഗുണ്ടകളും ചേർന്ന് മർദിച്ചതായിരുന്നു ലക്‌നൗ ഗസ്റ്റ് ഹൗസ് കേസ്. 2019ൽ മുലായം സിങ്ങിനെതിരായ ഗസ്റ്റ് ഹൗസ് കേസ് മായാവതി പിൻവലിക്കുകയും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അഭിപ്രായവ്യത്യാസങ്ങളെ മാറ്റിവെച്ച് വീണ്ടും സഖ്യത്തിലേർപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സഖ്യം അധികനാൾ നീണ്ടുനിന്നിരുന്നില്ല.

1995ലെ ലക്‌നൗ വിവാദത്തിന് പിന്നാലെ മുലായം സിംഗ് യാദവ് സർക്കാരിനുള്ള പിന്തുണ മായാവതി പിൻവലിച്ചിരുന്നു. തുടർന്ന്, മുഖ്യമന്ത്രിയാകാൻ മായാവതിയെ ബിജെപി സഹായിക്കുകയും ചെയ്തിരുന്നു. യു.പിയിലെ 21 ശതമാനം വരുന്ന ദളിത് വോട്ടർമാരെ ലക്ഷ്യമിട്ടാണ് ബിജെപി നിലവിൽ നീക്കങ്ങൾ നടത്തുന്നതെന്നും രാഷ്ട്രീയ വിദഗ്ധർ പറയുന്നു. 2014ൽ നരേന്ദ്ര മോദിയുടെ കീഴിൽ ബിജെപി ഇന്ത്യയിൽ അധികാരത്തിലെത്തിയതും ദളിത്, യാദവ ഇതര ഒബിസി വോട്ടർമാർക്കിടയിൽ ആഴത്തിൽ ചുവടുറപ്പിക്കാൻ ബിജെപി ശ്രമിച്ചുവരികയാണ്.

മുലായം സിങ് യാദവും മായാവതിയും
മുലായം സിങ് യാദവും മായാവതിയും

സമാജ്‌വാദി പാർട്ടിയും കേശ്രീനാഥ് ത്രിപാഠിയയും

ബിഎസ്പി-എസ്പി ബന്ധത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഇരു പാർട്ടികളുടെയും സ്ഥാപകർ തങ്ങളുടെ പാർട്ടികളുടെ ശക്തിയുടെ രാഷ്ട്രീയപരമായ പരിമിതികൾ മനസ്സിലാക്കിയ ശേഷമാണ് പരസ്പരം കൈകോർക്കാൻ തീരുമാനിച്ചത്. 1992 ഒക്ടോബറിൽ വിപി സിങ്ങിനെയും പിന്നീട് ചന്ദ്രശേഖറിനെയും കൈവിട്ട ശേഷമാണ് മുലായം സിങ് എസ്പി രൂപീകരിച്ചത്. ബിജെപി നേതാവും മുൻ യുപി നിയമസഭാ സ്പീക്കറുമായ കേശ്രീനാഥ് ത്രിപാഠിയാണ് സമാജ്‌വാദി പാർട്ടി എന്ന പേര് നിർദ്ദേശിച്ചതെന്നുളളതാണ് മറ്റൊരു വസ്തുത.

പരാജത്തിന്റെ രുചിയറിഞ്ഞ കാൻഷിറാം

ബിഎസ്പിയുടെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുകയാണെങ്കിൽ, ഇന്നത്തെ ഛത്തീസ്ഗഢിലെ ജൻജ്ഗിർ-ചമ്പയിൽ നിന്ന് സ്വതന്ത്രനായാണ് കാൻഷി റാം 1984ൽ തന്റെ ആദ്യലോക്സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. മായാവതി ആകട്ടെ യുപിയിലെ കൈരാനയിൽ നിന്നും മത്സരിച്ചു. എന്നാൽ ഇരുവരും പരാജയപ്പെട്ടു. ഇതിനുശേഷം കാൻഷി റാം വിപി സിങ്ങിനെതിരെയും രാജീവ് ഗാന്ധിക്കെതിരെയും ഒക്കെ മത്സരിച്ചുവെങ്കിലും ദയനീയമായി പരാജയപ്പെടുകയാണ് ഉണ്ടായത്.

കാൻഷി റാമും  മായാവതിയും
കാൻഷി റാമും മായാവതിയും

ജനങ്ങൾ മാറിചിന്തിച്ച കാലം

1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജ്‌നോറിൽ നിന്ന് മായാവതി വിജയിച്ചതോടെയാണ് ഹിന്ദി ഹൃദയഭൂമിയിൽ കോൺ​ഗ്രസിനെ വിട്ട് ദളിത് സമുദായം വോട്ട് മാറ്റി ചെയ്യാൻ തുടങ്ങിയത്. എന്നാൽ, ബാബറി മസ്ജിദ് തകർത്തതിന് ശേഷം യുപിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. 1993ൽ യുപി നിയമസഭാ തിരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാൻ ബിഎസ്പിയും എസ്പിയും കൈകോർത്തു. എസ്പി 256 സീറ്റുകളിൽ മത്സരിച്ച് 109 സീറ്റും ബിഎസ്പി 164 സീറ്റുകളിൽ മത്സരിച്ച് 67 സീറ്റുകളും നേടി. കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് ചില പാർട്ടികൾ എസ്പി-ബിഎസ്പി സഖ്യത്തിന് പിന്തുണ നൽകിയതോടെ, 1993 ഡിസംബർ 4 ന് മുലായം സിംഗ് രണ്ടാം തവണയും യുപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ, ഭിന്നതയെ തുടർന്ന് സംഖ്യം പിരിഞ്ഞു.

യുപിയുടെ രാഷ്ട്രീയ ചരിത്രമെടുത്ത് നോക്കിയാൽ, 1995, 1997, 2003 വർഷങ്ങളിലായി ബിഎസ്പി വലിയ കൂറുമാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. തൊണ്ണൂറുകളുടെ പകുതി മുതൽ, എസ്പിയും ബിഎസ്പിയും തമ്മിലുള്ള ബന്ധം ഏറെ വഷളാകാൻ തുടങ്ങിയിരുന്നു. കാൻഷിറാമിന്റെ മരണശേഷം 2007-2012 കാലത്ത് ബ്രാഹ്മണരുടെ പിന്തുണയോടെയാണ് മായാവതി സംസ്ഥാനം ഭരിച്ചത്. എല്ലാ ജനവിഭാഗങ്ങളുടെയും പാർട്ടിയായി ഉയർത്തിക്കാട്ടാനാണ് അന്നവർ ശ്രമിച്ചത്. 2017 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതിനെ തുടർന്ന് എസ്പിയും ബിഎസ്പിയും തമ്മിൽ വീണ്ടും സഖ്യ ചർച്ചകൾ ആരംഭിച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പിയും എസ്പിയും ചേർന്ന് 'മഹാഗത്ബന്ധൻ' എന്ന പേരിൽ ഒരു സഖ്യമുണ്ടാക്കിയെങ്കിലും ഫലം കണ്ടില്ല.

logo
The Fourth
www.thefourthnews.in