എസ്ഡിപിഐയെ കേന്ദ്രം നിരോധിക്കുമോ? 
പാർട്ടിയുടെ ഭാവിയെന്ത്?

എസ്ഡിപിഐയെ കേന്ദ്രം നിരോധിക്കുമോ? പാർട്ടിയുടെ ഭാവിയെന്ത്?

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്കെതിരെ എന്തെങ്കിലും നടപടിയിലേക്ക് നീങ്ങാന്‍ കേന്ദ്രത്തിനാകില്ല

പോപുലർ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിക്കുമ്പോൾ എസ്ഡിപിഐയുടെ ഭാവി എന്താകുമെന്ന ചോദ്യം ഉയരുകയാണ്. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാ​ഗമായി ഫലത്തിൽ പ്രവർത്തിക്കുന്ന സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയോട് കേന്ദ്ര സർക്കാരിന്റെ സമീപനം ഇനിയെന്താകും? പോപുലർ ഫ്രണ്ട് നേരിട്ടതുപോലെ ഒരു നിരോധന നടപടി എസ്ഡിപിഐയ്ക്ക് എതിരെയുമുണ്ടാകുമോ എന്നാണ് അറിയാനുള്ളത്.

നിലവിൽ കേന്ദ്ര സർക്കാരിന്റെ നീക്കം എസ്ഡിപിഐ കൂടി നിരോധിക്കുക എന്നാണെന്നാണ് മനസ്സിലാക്കേണ്ടത്. പക്ഷേ, രാഷ്ട്രീയ പാർട്ടിയായതിനാൽ തന്നെ എസ്ഡിപിഐ നിരോധനം ഒരിയ്ക്കലും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മാത്രം പരിധിയില്‍ വരുന്ന കാര്യമല്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്കെതിരെ എന്തെങ്കിലും നടപടിയിലേക്ക് നീങ്ങാന്‍ കേന്ദ്രത്തിനാകില്ല.

പോപുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ തന്നെ എസ്ഡിപിഐ ലക്ഷ്യമിട്ടുള്ള നീക്കം കേന്ദ്രം ആരംഭിച്ചുകഴിഞ്ഞെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. നിലവില്‍ നിരോധിച്ച സംഘടനകളുടെ ഭാ​ഗമായിരുന്ന തീവ്രനിലപാടുകാർ എസ്ഡിപിഐയിലേക്ക് ചേക്കേറുമെന്നതാണ് ഇതിനായി കേന്ദ്രം ചൂണ്ടിക്കാട്ടാന്‍ പോകുന്ന പ്രധാന കാരണം. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആഭ്യന്തരമന്ത്രാലയം വിഷയം ചർച്ച ചെയ്തതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കുന്ന നിലപാടാകും നടപടികളിലേക്ക് നീങ്ങുന്നതിന്റെ അടിസ്ഥാനം. വിദേശ ഫണ്ടിം​ഗ് ഉൾപ്പെടെയുള്ള ആരോപണങ്ങളും എസ്‍‍ഡിപിഐയ്ക്കെതിരെ കേന്ദ്രം മുന്നോട്ട് വയ്ക്കുന്നു.

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി

2009 ജൂൺ 21നാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്ഡിപിഐ) രൂപംകൊള്ളുന്നത് . ഇന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ടവരും പിന്നോക്ക വിഭാ​ഗവുമായ ജനതയുടെ രാഷ്ട്രീയ ശാക്തീകരണമാണ് പാർട്ടിയുടെ ലക്ഷ്യമായി പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്നുള്ള എം കെ ഫൈസിയാണ് നിലവിൽ പാർട്ടിയുടെ ദേശീയ പ്രസിഡന്റ്. 2010 ഏപ്രിൽ 13നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഡിപിഐയ്ക്ക് അം​ഗീകാരം നൽകിയത്. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് എസ്ഡിപിഐയുടെ പ്രധാന ശക്തി കേന്ദ്രം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഒറ്റയ്ക്കും പ്രധാന രാഷ്ട്രീയ പാർട്ടികൾക്ക് പിന്തുണ നൽകിയും മത്സരിച്ച ചരിത്രമാണ് എസ്ഡിപിഐയുടേത്. കേരളത്തിൽ തദ്ദേശ തലത്തിൽ എസ്ഡിപിഐ ബന്ധത്തിന്റെ പേരിൽ മുന്നണികൾ പരസ്പരം ആരോപണ - പ്രത്യാരോപണങ്ങൾ നടത്തുന്നത് പതിവാണ്.

ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടി നിരോധനം എങ്ങനെ?

രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള അവകാശം തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ഭരണഘടനാ ലംഘനത്തിന്റെയോ സത്യപ്രതിജ്ഞ ലംഘനത്തിന്റേയോ അടിസ്ഥാനത്തിൽ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല. ഒരു പാർട്ടി അതിന്റെ രജിസ്ട്രേഷൻ നിയമവിരുദ്ധമായാണ് നേടിയെടുത്തതെന്ന് തെളിയുന്ന പക്ഷം തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാനാകും. ഒരു രാഷ്ട്രീയ പാർട്ടി നിയമവിരുദ്ധമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചാലും തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാം. നിശ്ചിത പാർട്ടി അതിന്റെ അഭ്യന്തര ഭരണഘടന ഭേദ​ഗതി ചെയ്യുകയോ ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരെ പ്രവർത്തിക്കുകയോ ചെയ്തെന്ന് തെളിഞ്ഞാൽ കേന്ദ്രത്തിന് ഇടപെടാം.

ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന കാരണമാകും കേന്ദ്രം എസ്ഡിപിക്കെതിരെ ചൂണ്ടിക്കാട്ടാൻ പോകുന്നത്.

പോപുലർ ഫ്രണ്ട് നിരോധനത്തിൽ എസ്ഡിപിഐ

പോപുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും ബിജെപി സർക്കാർ ഏർപ്പെടുത്തിയ നിരോധനം ഇന്ത്യൻ ജനാധിപത്യത്തിനും ഭരണഘടന നൽകുന്ന അവകാശങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ പ്രതികരിച്ചു. സർക്കാർ ഏജൻസികളെ ദുരുപയോഗപ്പെടുത്തിയും പ്രതിപക്ഷത്തെ നിശബ്ദമാക്കിയും രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ നടപ്പാക്കുകയാണെന്നും എസ്ഡിപിഐ ആരോപിക്കുന്നു.

logo
The Fourth
www.thefourthnews.in