ഇന്ത്യയ്ക്ക് പകരം 'ഭാരത്', ആഫ്രിക്കൻ യൂണിയന് സ്ഥിരാംഗത്വം: ജി 20 ഉച്ചകോടിക്ക് 
തുടക്കം

ഇന്ത്യയ്ക്ക് പകരം 'ഭാരത്', ആഫ്രിക്കൻ യൂണിയന് സ്ഥിരാംഗത്വം: ജി 20 ഉച്ചകോടിക്ക് തുടക്കം

ദേശീയപതാകയ്ക്കൊപ്പമാണ് ഭാരത് എന്ന പേരെഴുതിയ ബോർഡ് വച്ചത്

പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഡൽഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത മണ്ഡപത്തിൽ പ്രൗഢോജ്വല തുടക്കം. ഭാരത് മണ്ഡപത്തിൽ ലോകനേതാക്കളെ ക്ഷണിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് എത്തിയിരുന്നു. ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് സമീപം രാജ്യത്തിന്റെ പേര് 'ഭാരത്' എന്നായിരുന്നു. ദേശീയപതാകയ്ക്കൊപ്പമാണ് ഭാരത് എന്ന പേരെഴുതിയ ബോർഡ് വച്ചത്. ആഫ്രിക്കൻ യൂണിയന് ജി 20 സ്ഥിരാംഗത്വവും നൽകി.

55 അംഗരാജ്യങ്ങളുള്ള ആഫ്രിക്കൻ യൂണിയന് ജി 20യിൽ യൂറോപ്യൻ യൂണിയന് സമാനമായ സ്ഥാനമാകും ജി 20. ഇതോടെ ജി 20 എന്നത് ജി 21 എന്ന കൂട്ടായ്മയായി മാറും. ഇത്തവണ ക്ഷണം ലഭിച്ച രാജ്യാന്തരസംഘടനകളിലൊന്നായാണ് ആഫ്രിക്കൻ യൂണിയൻ പരിഗണിക്കപ്പെടുന്നത്.

'വൺ എർത്ത് വൺ ഫാമിലി' എന്ന പ്രമേയത്തിൽ രണ്ട് സെഷനുകളാണ് ഇന്ന് ജി20യിൽ നടക്കുക. അതിനു ശേഷമാകും നയതന്ത്ര വിഷയങ്ങളിലുൾപ്പെടെ ചർച്ചകളിലേക്ക് കടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങി നിരവധി രാജ്യത്തലവന്‍മാര്‍ ഇന്നലെ ഡൽഹിയില്‍ എത്തിച്ചേര്‍ന്നിരുന്നു. 'വൺ എർത്ത് വൺ ഫാമിലി' എന്ന പ്രമേയത്തിൽ രണ്ട് സെഷനുകൾക്ക് ശേഷമാകും ഉഭയകക്ഷി ചർച്ചകള്‍.

കോവിഡിനെ തോൽപ്പിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ യുദ്ധം മൂലമുണ്ടായ വിശ്വാസക്കുറവുകളെ അതിജീവിക്കാനും ലോകത്തിന് സാധിക്കുമെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. വിശ്വാസക്കുറവിനെ വിശ്വാസമാക്കി മാറ്റി, ഒന്നിച്ചുമുന്നോട്ടുപോകുണമെന്ന് ജി 20 ഉച്ചകോടി അധ്യക്ഷനെന്നന്ന നിലയിൽ ലോകത്തോട് അഭ്യർഥിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രാർത്ഥന' എന്ന ആശയം ലോകത്തിന് വഴികാട്ടിയാകുമെന്നും മോദി വ്യക്തമാക്കി. അറുപതിലധികം നഗരങ്ങളിലായി 200ലധികം പരിപാടികളാണ് ജി 20 യുടെ ഭാഗമായി നടന്നതെന്നും ഇത് രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും ഉച്ചകോടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യുഎൻ സെകട്ടറി ജനറൽ അന്‍റേണിയോ ഗുട്ടറസ്, ലോക ബാങ്ക് തലവന്‍ അജയ് ബാങ്ക, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദ്‌നോം ഗബ്റേസിസ്, ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, സ്പെയിൻ ഉപരാഷ്ട്രപതി നാദിയ കാൽവിനോ, യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിൻ സായദ് അൽ നഹ്യാൻ, ജര്‍മന്‍ ചാന്‍സലര്‍ ഉലാഫ് ഷോയല്‍സ്, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, ബ്രസീല്‍ പ്രസിഡന്‍റ് ലുലാ ഡിസില്‍വ തുടങ്ങിയവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

അര്‍ജന്‍റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ് എന്നീ രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്യന്‍ യൂണിയൻ പ്രതിനിധികളും ജി20യില്‍ പങ്കെടുക്കുന്നുണ്ട്. യുഎഇ ഭരണാധികാരി, ബംഗ്ലാദേശ് പ്രധാനമന്ത്രി എന്നിവര്‍ ഉള്‍പ്പെടെ ഒൻപത് രാജ്യങ്ങളിലെ നേതാക്കൾക്ക് പ്രത്യേക അതിഥികളായി ക്ഷണമുണ്ട്.

രാഷ്ട്രതലവന്മാർക്കും ജി 20 ഉച്ചകോടിയിൽ എത്തിച്ചേർന്നിരിക്കുന്ന നേതാക്കൾക്കുമായി പ്രസിഡന്റ് ദ്രൗപദി മുർമുവിന്റെ അത്താഴവിരുന്ന് വൈകിട്ട് ഏഴിനാണ്. വിരുന്നിൽ കേന്ദ്ര സംസ്ഥാന മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. രാജ്യത്തെ നാടോടി, ശാസ്ത്രീയ സംഗീതത്തിന് മുൻ‌തൂക്കം നൽകികൊണ്ടുള്ള സംഗീതനിശയും ഒരുക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in