ഗുണ്ടാത്തലവനും രാഷ്ട്രീയ നേതാവുമായ മുഖ്താർ അൻസാരി ജയിലിൽ മരിച്ചു, വിഷം നൽകിയെന്ന് ആരോപണം; അന്വേഷണം, യുപിയിൽ കനത്തജാഗ്രത

ഗുണ്ടാത്തലവനും രാഷ്ട്രീയ നേതാവുമായ മുഖ്താർ അൻസാരി ജയിലിൽ മരിച്ചു, വിഷം നൽകിയെന്ന് ആരോപണം; അന്വേഷണം, യുപിയിൽ കനത്തജാഗ്രത

ദിവസങ്ങൾക്ക് മുൻപ് തനിക്ക് ജയിലിൽ വിഷം കലർത്തിയ ഭക്ഷണം നൽകിയതായി മുഖ്താർ അൻസാരി ബരാബങ്കി കോടതിയിൽ അറിയിച്ചിരുന്നു

ഉത്തർപ്രദേശിലെ ഗുണ്ടാത്തലവനും രാഷ്ട്രീയ നേതാവുമായ മുഖ്താർ അൻസാരി ഹൃദയാഘാതത്തെത്തുടർന്ന് ജയിലിൽ മരിച്ചു. ബാന്ദയിലെ ജയിലിൽ തടവിൽ കഴിയവെയാണ് മരണം. മരണത്തിൽ മുഖ്താറിന്റെ കുടുംബം ദുരൂഹത ആരോപിച്ചതിനെത്തുടർന്ന് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. അൻസാരിക്ക് ഭക്ഷണത്തിൽ വിഷം നൽകിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

യു പിയിലെ മൗവിൽനിന്ന് അഞ്ച് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട മുഖ്താർ അൻസാരി 2005 മുതൽ സംസ്ഥാനത്തും പഞ്ചാബിലുമായി ജയിലിലായിരുന്നു. രണ്ടു തവണ ബിഎസ്‌പി സ്ഥാനാർഥിയായാണ് വിജയിച്ചത്.

കഴിഞ്ഞദിവസം റംസാൻ നോമ്പ് അവസാനിപ്പിച്ചശേഷം ആരോഗ്യനില വഷളായതിനെത്തുടർന്ന് അൻസാരിയെ റാണി ദുർഗാവതി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടർമാർ ജയിലിലെത്തി നടത്തിയ പരിശോധനയിൽ ഹൃദയസ്തംഭനമുണ്ടെന്ന് സംശയിച്ചതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഗുണ്ടാത്തലവനും രാഷ്ട്രീയ നേതാവുമായ മുഖ്താർ അൻസാരി ജയിലിൽ മരിച്ചു, വിഷം നൽകിയെന്ന് ആരോപണം; അന്വേഷണം, യുപിയിൽ കനത്തജാഗ്രത
ദക്ഷിണേന്ത്യ കടുത്ത ജലക്ഷാമത്തിലേക്ക്; പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് അപകടകരമാംവിധം താഴ്ന്ന നിലയിൽ

മുഖ്താറിനെ വ്യാഴാഴ്ച രാത്രി 8.25ഓടെ ഛർദ്ദിയാണെന്ന് കാണിച്ച് അബോധാവസ്ഥയിൽ റാണി ദുർഗാവതി മെഡിക്കൽ കോളേജിൽ ജയിൽ അധികൃതർ എത്തിച്ചതായും പിന്നാലെ ഹൃദയസ്തംഭനം മൂലം മരിച്ചതായുമാണ് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നത്. മുഖ്താറിനെ എത്തിച്ചതിനുപിന്നാലെ വൻ പോലീസ് സംഘത്തെ ആശുപത്രിക്കു പുറത്ത് വിന്യസിച്ചിരുന്നു,

തനിക്ക് ജയിലിൽവച്ച് വിഷം കലർത്തിയ ഭക്ഷണം നൽകിയതായി മുഖ്താർ അൻസാരി ബരാബങ്കി കോടതിയെ ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു. മാർച്ച് 26ന് വയറുവേദനയെ തുടർന്ന് 14 മണിക്കൂറോളം അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്നതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മൂത്രനാളിയിൽ അണുബാധ കണ്ടെത്തിയതിനെത്തുടർന്ന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചിരുന്നു.

ഗുണ്ടാത്തലവനും രാഷ്ട്രീയ നേതാവുമായ മുഖ്താർ അൻസാരി ജയിലിൽ മരിച്ചു, വിഷം നൽകിയെന്ന് ആരോപണം; അന്വേഷണം, യുപിയിൽ കനത്തജാഗ്രത
1700 കോടി രൂപയുടെ നോട്ടീസ്; കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി ആദായനികുതി വകുപ്പ്

മുഖ്താറിനെതിരെ നിലവിൽ അറുപതിലധികം ക്രിമിനൽ കേസുകളുണ്ട്. യുപിയിലെ വിവിധ കോടതികൾ എട്ട് കേസുകളിൽ ശിക്ഷിച്ചതിനെത്തുടർന്ന് 2022 സെപ്റ്റംബർ മുതൽ ബന്ദ ജയിലിലായിരുന്നു. രണ്ട് വർഷം പഞ്ചാബ് ജയിലിലും കഴിഞ്ഞിരുന്നു. യു പി പോലീസ് കഴിഞ്ഞ വർഷം പുറത്തിറക്കിയ 66 ഗുണ്ടകളുടെ പട്ടികയിൽ മുഖ്താർ അൻസാരിയുടെ പേരുണ്ടായിരുന്നു.

മുഖ്താർ അൻസാരിയുടെ മരണത്തെത്തുടർന്ന് മരണത്തെത്തുടർന്ന് യു പിയിലുടനീളം സിആർപിസി 144 പ്രകാരം നിരോധന ഉത്തരവുകൾ ഏർപ്പെടുത്തിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.ബാന്ദയിലും ലഖ്‌നൗ, കാൺപൂർ, മൗ, ഗാസിപൂർ എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിലും പോലീസ് ജാഗ്രത ശക്തമാക്കി.

ബാന്ദ, മൗ, ഘാസിപൂർ, വാരാണസി ജില്ലകളിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര റിസർവ് പോലീസ് സേനയെയും വിന്യസിച്ചിട്ടുണ്ടെന്ന് ഉത്തർപ്രദേശ് ഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പട്രോളിങ് ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

മുഖ്താർ അൻസാരിയുടെ മരണത്തിൽ സമാജ്‌വാദി പാർട്ടിയും മറ്റ് പ്രതിപക്ഷ പാർട്ടികളും അനുശോചിച്ചു.

logo
The Fourth
www.thefourthnews.in