ഗൗതം അദാനി
ഗൗതം അദാനി

ആസ്തി 137.4 ബില്യണ്‍ ഡോളർ : ലോക സമ്പന്നരിൽ മൂന്നാമനായി അദാനി

ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് മൂന്നാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നത്

ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനം കൈയടക്കി ഗൗതം അദാനി. ഇതാദ്യമായാണ് ഒരു ഏഷ്യക്കാരന്‍ ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടം നേടുന്നത്. മുകേഷ് അംബാനിയ്ക്കും ചൈനീസ് വ്യവസായി ജാക്ക് മായ്ക്കുമൊന്നും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടമാണ് ഗുജറാത്തിൽ നിന്നുള്ള വ്യവസായ ഭീമൻ സ്വന്തമാക്കിയിരിക്കുന്നത്. 137.4 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് മൂന്നാം അദാനി മൂന്നാം സ്ഥാനത്തെത്തിയത്. ഈ പട്ടികയില്‍ മുകേഷ് അംബാനി 91.90 ബില്യണ്‍ ഡോളറുമായി 11ാമത്തെ പട്ടികയിലാണ്.

വളരെ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു അദാനി ഗ്രൂപ്പിന്റെ വളര്‍ച്ച

ഒന്നാമതായി എലോണ്‍ മസ്‌കും രണ്ടാമതായി ജെഫ് ബെസോസിനയുമാണ് ഇപ്പോഴുള്ളത്. കുറച്ച് വര്‍ഷം മുന്‍പു വരെ ഇന്ത്യയ്ക്ക് പുറത്ത് അധികമാരും കേള്‍ക്കാത്ത പേരായിരുന്നു അദാനിയുടേത്. വളരെ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു അദാനി ഗ്രൂപ്പിന്റെ വളര്‍ച്ച. കല്‍ക്കരി - തുറമുഖ രംഗത്തുകൂടി വ്യവസായ മേഖലയിലേക്ക് കടുന്നുവന്ന അദാനി ഈയടുത്തായാണ് ഡാറ്റാ സെന്റര്‍, സിമന്റ്, മീഡിയ, ഹരിത ഊര്‍ജം എന്നിവയിലേയ്ക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല തുറമുഖം, എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍, കല്‍ക്കരി ഖനനം, പാചകവിതരണ ശൃഖല എന്നിവയെല്ലാം ഇപ്പോള്‍ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്.

ഇന്ത്യയുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നിർണ്ണായകമാകുമെന്ന് പ്രധാനമന്ദ്രി നരേന്ദ്രമോദി വിലയിരുത്തിയ മേഖലകളിലാണ് അദാനി നിക്ഷേപങ്ങള്‍ അധികവും നടത്തിയതെന്നും ശ്രദ്ധേയമാണ്. മോദിയുമായി ദശാബ്ദങ്ങള്‍ നീണ്ട ബന്ധം അദാനിക്കുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തെ ബിജെപി ഭരണം അദാനി ഗ്രൂപ്പിന് ഏറെ അനുകൂലമാകുകയും, ഇക്കാലയളവില്‍ സമ്പത്തില്‍ വന്‍ വര്‍ധനവുണ്ടാകുകയും ചെയ്തിട്ടുണ്ട്.

2022 ല്‍ മാത്രം 60.9 ബില്യണ്‍ ഡോളര്‍ വര്‍ദ്ധനവാണ് അദാനിയുടെ സമ്പത്തിലുണ്ടായത്

സമ്പത്തില്‍ മുകേഷ് അംബാനിയെ ഈ വര്‍ഷം ഫെബ്രുവരിയിലാണ് അദാനി മറികടക്കുന്നത്. ഏപ്രിലില്‍ ശതകോടീശ്വരനായി മാറി. കഴിഞ്ഞ മാസം മൈക്രോസോഫ്റ്റ് ഉടമ ബില്‍ഗേറ്റ്‌സിനെ മറികടന്ന് സമ്പന്നരുടെ പട്ടികയിൽ നാലാമതെത്തിയിരുന്നു. ഇതിനുശേഷം വെറും ഒരു മാസത്തിനിടെയാണ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 2022 ല്‍ മാത്രം 60.9 ബില്യണ്‍ ഡോളര്‍ വര്‍ദ്ധനവാണ് അദാനിയുടെ സമ്പത്തിലുണ്ടായത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ബില്‍ഗേറ്റ്‌സ് കൂടൂതല്‍ തുക മാറ്റിവെച്ചതാണ് ഇവരെ മറികടക്കാന്‍ അദാനിക്ക് സഹായകമായത്. അതേ സമയം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തുന്ന തുകയും അദാനി വര്‍ധിപ്പിച്ചിട്ടുണ്ട്. 60ാം ജന്മദിനത്തോടനുബന്ധിച്ച് ഏകദേശം 7.7 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in