വിമാനങ്ങൾ റദ്ദാക്കൽ ഒൻപത് വരെ നീട്ടി ഗോ ഫസ്റ്റ്; ടിക്കറ്റ് തുക തിരികെ നല്‍കാൻ ഡിജിസിഎ നിര്‍ദേശം

വിമാനങ്ങൾ റദ്ദാക്കൽ ഒൻപത് വരെ നീട്ടി ഗോ ഫസ്റ്റ്; ടിക്കറ്റ് തുക തിരികെ നല്‍കാൻ ഡിജിസിഎ നിര്‍ദേശം

മെയ് 15വരെ ടിക്കറ്റ് വില്‍പ്പനയുണ്ടാകില്ലെന്നും എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിമാനസർവിസുകൾ റദ്ദാക്കുന്നത് മെയ് ഒൻപതുവരെ നീട്ടി ഗോ ഫസ്റ്റ്. റദ്ദാക്കിയ സർവിസുകളുടെ ടിക്കറ്റ് തുക യാത്രക്കാര്‍ക്ക് തിരികെ നല്‍കാൻ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിമാനക്കമ്പനിക്ക് നിർദേശം നൽകി.

ചട്ടങ്ങള്‍ പ്രകാരമുള്ള മുഴുവന്‍ തുകയും നിശ്ചിത സമയത്തിനുള്ളില്‍ തിരികെ നല്‍കാന്‍ ഡിജിസിഎ ഡയരക്ടർ വിക്രം ദേവ് ദത്തിന്റെ നിര്‍ദേശം. യാത്രക്കാര്‍ക്ക് ബദല്‍ യാത്രാമാര്‍ഗങ്ങള്‍ ഒരുക്കേണ്ടത് ഗോ ഫസ്റ്റിന്റെ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സർവിസ് റദ്ദാക്കല്‍ മെയ് ഒന്‍പത് വരെ നീളുമെന്നും 15വരെ ടിക്കറ്റ് വില്‍പ്പനയുണ്ടാകില്ലെന്നും ഗോ ഫസ്റ്റ്‍ അധികൃതര്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി മെയ് മൂന്ന്, നാല്, അഞ്ച് തീയതികളിലെ സര്‍വിസുകളാണ് നേരത്തെ റദ്ദാക്കിയിരിക്കുന്നത്. രാജ്യവ്യാപകമായി സര്‍വിസുകൾ റദ്ദാക്കിയിട്ടുണ്ട്.

സര്‍വിസുകള്‍ റദ്ദാക്കിയതിനു പിന്നാലെ ഡിജിസിഎ കഴിഞ്ഞ ദിവസം ഗോ ഫസ്റ്റിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു ഗോ ഫസ്റ്റിന്റെ പ്രതികരണം. ചെലവ് കുറഞ്ഞ് സര്‍വിസ് നടത്തുന്ന ഗോ ഫസ്റ്റ് വിമാനത്തിന്റെ ഏകദേശം 25 വിമാനങ്ങള്‍ ഏതാനും ദിവസങ്ങളായി സര്‍വീസ് നടത്തുന്നില്ല.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞദിവസം പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഗോ ഫസ്റ്റ് ദേശീയ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. അതിനു പിന്നാലെയായിരുന്നു സര്‍വിസ് റദ്ദാക്കല്‍.

അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിയറ്റ്‌നയില്‍ നിന്ന് എൻജിന്‍ ലഭിക്കാത്തതാണ് സര്‍വീസുകള്‍ റദ്ദാക്കാനുള്ള പ്രധാനകാരണമെന്നാണ് കമ്പനി പറയുന്നത്. തുടര്‍ച്ചയായി പണം തിരിച്ചടവ് മുടങ്ങുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുടിശിക തീര്‍ക്കുന്നതില്‍ ഗോ ഫസ്റ്റ് വീഴ്ച വരുത്തിയെന്ന് പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി പറഞ്ഞിരുന്നു. പ്രതിദിനം 180 മുതല്‍ 185 വരെ സര്‍വീസുകള്‍ ഗോ ഫസ്റ്റിനുണ്ട്.

logo
The Fourth
www.thefourthnews.in