'ഭരണഘടനയ്ക്കനുസരിച്ച് പ്രവർത്തിക്കണം, എങ്കില്‍ വിവാദങ്ങള്‍ കുറയും'; ഗവർണർമാരോട്‌ ജസ്റ്റിസ് നാഗരത്ന

'ഭരണഘടനയ്ക്കനുസരിച്ച് പ്രവർത്തിക്കണം, എങ്കില്‍ വിവാദങ്ങള്‍ കുറയും'; ഗവർണർമാരോട്‌ ജസ്റ്റിസ് നാഗരത്ന

ഗവർണർമാര്‍ വിവാദത്തിന്റെ കേന്ദ്രമാകുന്ന പ്രവണതയാണ് സമീപകാലത്ത് കാണാന്‍ സാധിക്കുന്നതെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

ഗവര്‍ണര്‍മാര്‍ ഭരണഘടനയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ബി വി നാഗരത്‌ന. ഭരണഘടനയ്ക്കനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ എന്ത് ചെയ്യണം, എന്ത് ചെയ്യരുതെന്ന് പറയേണ്ടിവരുമെന്നും നാഗരത്‌ന പറഞ്ഞു. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ നല്‍സര്‍ നിയമ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച 'കോടതിയും ഭരണഘടനാ സമ്മേളനങ്ങളും'എന്ന പരിപാടിയില്‍ നടത്തിയ പ്രസംഗത്തിനിടയിലാണ് നാഗരത്‌നയുടെ വിമര്‍ശനം.

''ഗവര്‍ണര്‍മാര്‍ വിവാദത്തിന്റെ കേന്ദ്രമാകുന്ന പ്രവണതയാണ് സമീപകാലത്ത് കാണാന്‍ സാധിക്കുന്നത്. ബില്ലുകള്‍ അംഗീകരിക്കുന്നതിലെ വീഴ്ച അല്ലെങ്കില്‍ അവര്‍ സ്വീകരിക്കുന്ന നടപടികൾ കാരണം വിവാദത്തിന്റെ കേന്ദ്രബിന്ദുവായി സമീപകാലത്ത് ഗവര്‍ണര്‍ മാറിയിരിക്കുകയാണ്. ഗവര്‍ണറുടെ നടപടികളോ ബില്ലുകള്‍ ഒഴിവാക്കലോ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വരുന്നത് ഭരണഘടനയ്ക്കു കീഴിലെ നല്ല പ്രവണതയല്ല,'' നാഗരത്‌ന പറയുന്നു.

'ഭരണഘടനയ്ക്കനുസരിച്ച് പ്രവർത്തിക്കണം, എങ്കില്‍ വിവാദങ്ങള്‍ കുറയും'; ഗവർണർമാരോട്‌ ജസ്റ്റിസ് നാഗരത്ന
പ്രബീര്‍ പുരകായസ്തക്കെതിരെ 10,000 പേജുള്ള കുറ്റപത്രം; ഡൽഹി കോടതിയിൽ ഇന്ന് സമർപ്പിച്ചേക്കും

ഗവര്‍ണര്‍ പദവി ഭരണഘടനാ പദവിയാണെന്നും ഗവര്‍ണര്‍ ഭരണഘടനയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. അങ്ങനെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇത്തരം വിവാദങ്ങള്‍ ഇല്ലാതാകും. ഹർജികളുടെ എണ്ണം കുറയും. ഗവര്‍ണര്‍മാരോട് എന്ത് ചെയ്യണമെന്നും ചെയ്യരുതെന്നും പറയുന്നത് തികച്ചും ലജ്ജാകരമാണ്. ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് അവരോട് പറയേണ്ട സമയം അതിക്രമിച്ചു.

നേരത്തെ കേരള, തമിഴ്‌നാട്, തെലങ്കാന, പഞ്ചാബ് ഗവര്‍ണര്‍മാര്‍ക്കെതിരെ അതത് സര്‍ക്കാരുകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഗവര്‍ണര്‍മാരുടെ നടപടികള്‍ക്കെതിരെ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ജസ്റ്റിസ് നാഗരത്‌നയുടെ വിമര്‍ശനവും വന്നിരിക്കുന്നത്.

വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക്, നേപ്പാളിലെ സുപ്രീം കോടതി ജഡ്ജി സപ്ന മല്ല, പാകിസ്താന്‍ സുപ്രീം കോടതി ജഡ്ജി സയ്യിദ് മന്‍സൂര്‍ അലി ഷാ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

logo
The Fourth
www.thefourthnews.in