പാചകവാതകത്തിന് അധിക സബ്സിഡി പ്രഖ്യാപിച്ച് കേന്ദ്രം; സിലണ്ടറിന് 200 രൂപ വരെ കുറയും

പാചകവാതകത്തിന് അധിക സബ്സിഡി പ്രഖ്യാപിച്ച് കേന്ദ്രം; സിലണ്ടറിന് 200 രൂപ വരെ കുറയും

ഓണവും രക്ഷാബന്ധനും പ്രമാണിച്ചാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ജനപ്രിയ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. ഗർഹിക സിലിണ്ടറിന് അധിക സബ്സിഡി അനുവദിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിലയിൽ 200 രൂപയോളം കുറവാണ് ഒരു സിലിണ്ടറിന് ഉണ്ടാകുക.

ഗാർഹിക എൽപിജി ഉപയോക്താക്കൾക്ക് ആശ്വാസമേകുന്ന തീരുമാനമാണ് കേന്ദ്ര സർക്കാരിന്റെത്. പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിക്ക് കീഴിൽ 14 കിലോഗ്രാം എൽപിജി സിലണ്ടറിന്റെ വില 200 രൂപ കുറയ്ക്കും. നിലവിൽ ഗാർഹിക എൽ പി ജി സിലണ്ടറുകൾക്ക് ഡൽഹിയിൽ 1,053 രൂപയും മുംബൈയിൽ 1052.50 രൂപയുമാണ് വില. കൂടാതെ ചെന്നൈയിൽ 1068.50ഉം കൊൽക്കത്തയിൽ 1079 രൂപയുമാണ് എൽപിജി സിലണ്ടറുകളുടെ വില.

രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന, മിസോറാം എന്നീ അഞ്ചു സംസ്ഥാനങ്ങളിൽ ഈ വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് തീരുമാനം. ഓണവും രക്ഷാബന്ധനും പ്രമാണിച്ചാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. 2016 മെയ് ഒന്നിനാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രഖ്യാപിക്കുന്നത്. ഇതിനു കീഴിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അഞ്ച് കോടി ബിപിഎൽ കുടുംബങ്ങൾക്ക് എൽ പി ജി സിലണ്ടറുകൾ വിതരണം ചെയ്തിരുന്നു.

ഈ മാസം ആദ്യം എണ്ണ വിപണന കമ്പനികൾ വാണിജ്യ എൽ‌പി‌ജിയുടെ വില മാത്രം പരിഷ്കരിക്കുകയും ഗാർഹിക പാചക വാതക നിരക്ക് മാറ്റമില്ലാതെ നിലനിർത്തുകയും ചെയ്തിരുന്നു. പരിഷ്കരണത്തോടെ 19 കിലോഗ്രാം വാണിജ്യ എൽ‌പി‌ജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ 99.75 രൂപയുടെ ഗണ്യമായ കുറവുണ്ടാക്കിയിരുന്നു. നിലവിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ ഡൽഹിയിലെ ചില്ലറ വിൽപ്പന വില 1,680 രൂപയാണ്.

logo
The Fourth
www.thefourthnews.in