സമൂഹ മാധ്യമങ്ങളുടെ ഉള്ളടക്കം പരിശോധിക്കും; സമിതിയെ ചുമതലപ്പെടുത്താന്‍ കേന്ദ്ര നീക്കം

സമൂഹ മാധ്യമങ്ങളുടെ ഉള്ളടക്കം പരിശോധിക്കും; സമിതിയെ ചുമതലപ്പെടുത്താന്‍ കേന്ദ്ര നീക്കം

വസ്തുതാ പരിശോധന സമിതിക്കായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളോട് ഐടി മന്ത്രാലയം ആവശ്യപ്പെട്ടു

സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍, ഉള്ളടക്കങ്ങളിലെ വസ്തുത പരിശോധിക്കുന്നതിനായി സമിതിയെ ചുമതലപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. വസ്തുതാ പരിശോധന സമിതിക്കായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളോട് ഐടി മന്ത്രാലയം ആവശ്യപ്പെട്ടു. വിശ്വാസ യോഗ്യമായ ഒരു വസ്തുതാ പരിശോധന സംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടത്.

സര്‍ക്കാരുമായി ബന്ധപ്പെട്ട വിവരങ്ങളുടെയൊഴികെ വസ്തുതാ പരിശോധന സ്വയം നടത്താന്‍ അധികാരം ഉള്ളവയായിരിക്കും ഈ വസ്തുത പരിശോധന സമിതി. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെ നിയന്ത്രിക്കുന്നതിതുമായി ബന്ധപ്പെട്ട് ചെയ്യാനായി ചേര്‍ന്ന യോഗത്തിലാണ് ഐടി മന്ത്രാലയം നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. മെറ്റ, ആല്‍ഫബെറ്റ്, സ്‌നാപ്, ഷെയര്‍ ചാറ്റ്, ടെലഗ്രാം തുടങ്ങിയവയുടെ പ്രതിനിധികള്‍ യോഗത്തിന്റെ ഭാഗമായിരുന്നു.

വസ്തുതാ പരിശോധകര്‍ തെറ്റായ വിവരങ്ങളുടെ ലിങ്കുകള്‍ ക്രോഡീകരിക്കണമെന്നും ആനുകാലികാടിസ്ഥാനത്തില്‍ സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും കൂടിക്കാഴ്ചയില്‍ പങ്കെടുത്ത കമ്പനികളുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഒരു വിവരം തെറ്റായതാണെന്ന് നിര്‍ണയിക്കാനുള്ള മാനദണ്ഡങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ഐടി മന്ത്രാലയം നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ആല്‍ഫബെറ്റും മെറ്റയും മറുപടി നല്‍കിയിട്ടില്ല.

വസ്തുതാ പരിശോധനാ സമിതിയെ ചുമതലപ്പെടുത്തിയാലും സര്‍ക്കാരുമായി ബന്ധമില്ലാത്ത വിവരങ്ങള്‍ മാത്രമാണ് പരിശോധിക്കപ്പെടുന്നതെന്നതാണ് ശ്രദ്ധേയം. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വസ്തുതാ പരിശോധനാ വിഭാഗമാണ് കേന്ദ്രവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വിവരങ്ങള്‍ പരിശോധിക്കുക. സമിതി തെറ്റാണെന്ന് കണ്ടെത്തുന്ന വാര്‍ത്തകളോ കേന്ദ്ര സര്‍ക്കാരിനെതിരായ വാര്‍ത്തകളില്‍ തെറ്റായതവയെന്ന് കണ്ടെത്തുന്നവയോ നീക്കം ചെയ്യണമെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കുന്നു.

എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയും വിവിധ മാധ്യമ സ്ഥാപനങ്ങളും നിര്‍ദേശങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തി. വ്യാജവാര്‍ത്തകളുടെ നിര്‍ണയം സര്‍ക്കാരിന്റെ കൈകളില്‍ മാത്രമാകാന്‍ പാടില്ലെന്നും സെന്‍സര്‍ഷിപ്പിലേക്കാകും അത് നയിക്കുകയെന്നും അവര്‍ അഭിപ്രായപ്പെട്ടു.

logo
The Fourth
www.thefourthnews.in