വിവാഹച്ചടങ്ങിനിടെ സ്ത്രീധനം ആവശ്യപ്പെട്ടു; ഉത്തർപ്രദേശിൽ വരനെ മരത്തിൽ കെട്ടിയിട്ട് വധുവിന്റെ കുടുംബം

വിവാഹച്ചടങ്ങിനിടെ സ്ത്രീധനം ആവശ്യപ്പെട്ടു; ഉത്തർപ്രദേശിൽ വരനെ മരത്തിൽ കെട്ടിയിട്ട് വധുവിന്റെ കുടുംബം

യുവാവിനെ മരത്തിൽ കെട്ടിയിട്ടതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്

വിവാഹച്ചടങ്ങിനിടെ സ്ത്രീധനം ആവശ്യപ്പെട്ട വരനെ മരത്തിൽ കെട്ടിയിട്ട് വധുവിന്റെ കുടുംബം. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലെ ഹരഖ്പൂർ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അമർ ജീത്തും കിഷോർ വർമ എന്നയാളുടെ മകളും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്.

വിവാഹത്തിലെ 'ജയ് മാല' ചടങ്ങിനിടെയാണ് വധുവിന്റെയും വരന്റെയും കുടുംബങ്ങൾ തമ്മിൽ തർക്കമുണ്ടായത്. വധുവും വരനും പരസ്പരം മാലകൾ കൈമാറുന്ന ചടങ്ങാണിത്. തുടർന്ന് സ്ത്രീധനമെന്ന പേരില്‍ നല്‍കിയത് പോരെന്നും കൂടുതല്‍ വേണമെന്നും അമർജീത്ത് ആവശ്യമുന്നയിച്ചു. വധുവിന്റെ കുടുംബം സാവാകാശം ചോദിച്ചപ്പോള്‍ വഴങ്ങാഞ്ഞതോടെയാണ് വരനെ മരത്തില്‍ കെട്ടിയിടുന്നതിലേക്ക് കാര്യങ്ങളെത്തിയത്.

ജയ് മാല ചടങ്ങിനിടെ അമർജീത്തിന്റെ സുഹൃത്തുക്കൾ മോശമായി പെരുമാറിയതോടെയാണ് കുടുംബങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. ഈ അസ്വാരസ്യങ്ങൾക്കിടെയാണ് വരൻ സ്ത്രീധനം ആവശ്യപ്പെട്ടത്. പലവട്ടം ചർച്ചകൾ നടത്തിയിട്ടും ഇരു വീട്ടുകാരും ഒത്തുതീർപ്പിൽ എത്താതിനെ തുടർന്ന് വരനെയും വീട്ടുകാരെയും വധുവിന്റെ കുടുംബം തടവിലാക്കി.

വരനെ മണിക്കൂറുകളോളം തടവിലാക്കി മരത്തിൽ കെട്ടിയിട്ടു. പിന്നീട് മാന്ധാട്ട പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസ് സ്ഥലത്തെത്തിയാണ് വരനെ മോചിപ്പിച്ചത്. പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. യുവാവിനെ മരത്തിൽ കെട്ടിയിട്ടതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

വീഡിയോ ദൃശ്യങ്ങളിൽ വരനെ മരത്തിൽ കെട്ടിയിട്ടിരിക്കുന്നതും വധുവിന്റെ ബന്ധുക്കൾ വളരെ രോഷാകുലരായി നേരിടുന്നതും കാണാം. നിശബ്ദനായി നിൽക്കുന്ന വരനോട് നിങ്ങൾ മറ്റുള്ളവരുടെ ബഹുമാനവും അതിരുകളും ചോദ്യം ചെയ്യുകയാണെന്ന് വധുവിന്റെ കുടുംബം പറയുന്നുണ്ട്.

പോലീസ് സ്റ്റേഷനിൽ ഇരു വിഭാഗവും എത്തിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രശ്നം ഒത്തുതീർപ്പാക്കാൻ സാധിച്ചിട്ടില്ലെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. "വരന്റെ സുഹൃത്തുക്കൾ മോശമായി പെരുമാറി, ഇത് ഇരുവിഭാഗവും തമ്മിൽ തർക്കത്തിലേക്ക് നയിച്ചു. അതിനിടയിൽ, വരൻ അമർജീത് സ്ത്രീധനം ആവശ്യപ്പെട്ടു."

ഒത്തുതീർപ്പിലെത്താൻ ചർച്ചകൾ പുരോഗമിക്കുകയാണ് എന്നും പോലീസ് പറഞ്ഞു. വിവാഹ ചടങ്ങുകളുടെ ക്രമീകരണങ്ങൾക്കായി ചെലവഴിച്ച തുക വധുവിന്റെ കുടുംബത്തിന് ലഭ്യമാകാൻ ശ്രമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in