ഇക്വറ്റോറിയല്‍ ഗിനിയില്‍ തടവിലാക്കിയ നാവികരെ നൈജീരിയയ്ക്ക് കൈമാറി

ഇക്വറ്റോറിയല്‍ ഗിനിയില്‍ തടവിലാക്കിയ നാവികരെ നൈജീരിയയ്ക്ക് കൈമാറി

ഹീറോയിക് ഇഡുന്‍ കപ്പല്‍ കെട്ടിവലിച്ച് കൊണ്ടുപോകാന്‍ നൈജീരിയന്‍ അധികൃതര്‍

ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടവിലാക്കിയ ഇന്ത്യക്കാരടക്കമുള്ള കപ്പല്‍ ജീവനക്കാരെ നൈജീരിയന്‍ കപ്പലിലേക്ക് മാറ്റി. ഹീറോയിക് ഇഡുന്‍ കപ്പല്‍ ജീവനക്കാരെ കൊണ്ടുപോകുന്നതിനായി നൈജീരിയന്‍ കപ്പല്‍ കഴിഞ്ഞദിവസം രാത്രിയാണ് ഇക്വറ്റോറിയല്‍ ഗിനിയിലെ ലൂബ തുറമുഖത്ത് എത്തിയത്. കസ്റ്റഡിയിലെടുത്ത ചരക്ക് കപ്പല്‍ നീക്കണമെന്ന് ഇക്വറ്റോറിയല്‍ ഗിനി സര്‍ക്കാര്‍ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കപ്പല്‍ ജീവനക്കാരെ നൈജീരിയന്‍ സംഘത്തിന് കൈമാറിയത്. കപ്പല്‍ നൈജീരിയന്‍ അതിര്‍ത്തിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.

ചരക്ക് കപ്പലും ജീവനക്കാരെയും തടവിലാക്കിയതിനെതിരെ കപ്പല്‍ കമ്പനി ഹീറോയിക് ഇഡുന്‍ ജര്‍മനി ആസ്ഥാനമായ അന്താരാഷ്ട്ര ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. 15 ദിവസത്തിനുള്ളില്‍ ട്രിബ്യൂണല്‍ കേസ് പരിഗണിക്കും. വാദം അവസാനിച്ച് 14 ദിവസത്തിനുള്ളില്‍ കേസില്‍ വിധി പറയുമെന്നാണ് കമ്പനിക്ക് കിട്ടിയ അറിയിപ്പ്. നിയമവിരുദ്ധമായി ജീവനക്കാരെ ഇക്വറ്റോറിയല്‍ ഗിനി സര്‍ക്കാര്‍ തടഞ്ഞുവെയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കപ്പല്‍ കമ്പനി പരാതി നല്‍കിയത്. കപ്പല്‍ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ നൈജീരിയയിലെ ഫെഡറല്‍ കോടതിയെയും കമ്പനി സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം നാവികരെ മോചിപ്പിക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍നിന്ന് നൈജീരിയയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവരാന്‍ പോയ ഹീറോയിക് ഐഡന്‍ എന്ന കപ്പലിലുള്ളവരെയാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘനം, ക്രൂഡ് ഓയില്‍ മോഷണം എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇക്വറ്റോറിയല്‍ ഗിനി കസ്റ്റഡിയിലെടുത്തത്. മൂന്ന് മലയാളികളുള്‍പ്പെടെ 16 ഇന്ത്യക്കാരും എട്ട് ശ്രീലങ്കക്കാരും പോളണ്ട്, ഫിലിപ്പൈന്‍ സ്വദേശികളുമാണ് കപ്പലിലുള്ളത്.

കപ്പലിന്റെ ക്യാപ്റ്റന്‍ ഇന്ത്യക്കാരനായ ധനുഷ് മേത്തയാണ്. മലയാളിയായ സനു ജോസാണ് ചീഫ് ഓഫീസര്‍. കൊല്ലം സ്വദേശി വിജിത്താണ് നാവിഗേറ്റിങ് ഓഫീസര്‍. നൈജീരിയയില്‍ നിന്ന് ക്രൂഡ് ഓയില്‍ നിറച്ച് നോട്ടര്‍ഡാമില്‍ ഇറക്കാനായിരുന്നു കപ്പലിന്റെ യാത്ര.

logo
The Fourth
www.thefourthnews.in