5ജി സേവനം: 50 നഗരങ്ങളില്‍ 33 എണ്ണവും ഗുജറാത്തില്‍; കേരളത്തില്‍ ഒന്ന് മാത്രം

5ജി സേവനം: 50 നഗരങ്ങളില്‍ 33 എണ്ണവും ഗുജറാത്തില്‍; കേരളത്തില്‍ ഒന്ന് മാത്രം

13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയിലുമാണ് 5ജി സേവനം ലഭ്യമാക്കിയത്

രാജ്യത്ത് 5ജി സേവനം സജ്ജമാക്കിയ 50 പ്രധാന നഗരങ്ങളിൽ ഏറ്റവുമധികം ഗുജറാത്തിൽ. ഗുജറാത്തിലെ 33 നഗരങ്ങളിലാണ് 5ജി സൗകര്യമൊരുക്കിയിരിക്കുന്നത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ 5ജി സേവനം സംബന്ധിച്ച് സർക്കാർ വിവരിച്ച കണക്കുകളിലാണ് ഇത് വ്യക്തമാകുന്നത്. അതേസമയം, കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് സേവനം ലഭ്യമാകുക.

തമിഴ്നാട്ടില്‍ ചെന്നൈയിലും, കർണാടകയില്‍ ബെംഗളൂരുവിലും സേവനം ലഭ്യമാണ്

രാജ്യത്തുടനീളമുള്ള 50 പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും 5ജി ടെലികോം സേവനങ്ങളുടെ ആദ്യഘട്ടം പൂർത്തിയാക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയിലും 5ജി സേവനം ലഭ്യമാക്കിയെന്ന് ബുധനാഴ്ച ശീതകാല സമ്മേളനത്തിൽ സർക്കാർ വ്യക്തമാക്കി. ലോക്‌സഭാ എംപി ദേവേന്ദ്ര സിങ് ഭോലെയുടെ ചോദ്യത്തിന് മറുപടിയായാണ് വാർത്താവിനിമയ സഹമന്ത്രി ദേവുസിങ് ചൗഹാൻ കണക്കുകൾ വിവരിച്ചത്.

കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയില്‍ മുംബൈ, പൂനെ, നാഗ്പൂർ എന്നീ മൂന്ന് നഗരങ്ങളിലും പശ്ചിമബംഗാളിലും ഉത്തർപ്രദേശിലും രണ്ട് വീതം നഗരങ്ങളിലും സേവനം ലഭ്യമാണ്. തമിഴ്നാട്ടില്‍ ചെന്നൈ, കർണാടകയില്‍ ബെംഗളൂരു എന്നിവിടങ്ങളും പട്ടികയില്‍ ഉണ്ട്. കൂടാതെ,തെലങ്കാന, രാജസ്ഥാന്‍, ഹരിയാന, അസം, ബിഹാർ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഒരു നഗരത്തിലുമാണ് 5ജി ലഭ്യമാക്കിയത്. സേവനങ്ങൾ ആരംഭിച്ച നഗരങ്ങളിൽ അധിക ചെലവില്ലാതെ തന്നെ സേവനം ലഭ്യമാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.

5ജി സേവനം: 50 നഗരങ്ങളില്‍ 33 എണ്ണവും ഗുജറാത്തില്‍; കേരളത്തില്‍ ഒന്ന് മാത്രം
രാജ്യം ഇനി 5ജി സ്പീഡില്‍; ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി, കേരളത്തില്‍ സേവനം അടുത്ത വര്‍ഷം

കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് ഡൽഹിയിൽ നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 5ജി സേവനം ഉദ്‌ഘാടനം ചെയ്തത്. ഇതിന്റെ ആദ്യഘട്ടമാണ് രണ്ട് മാസം കൊണ്ട് പൂർത്തിയാക്കിയിരിക്കുന്നത്. ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, ചണ്ഡീഗഡ്,ഡല്‍ഹി, ഗാന്ധിനഗര്‍, ഹൈദരാബാദ്, ഗുരുഗ്രാം, ജാംനഗര്‍, കൊല്‍ക്കത്ത, മുംബൈ, ലക്‌നൗ, പൂനെ എന്നീ നഗരങ്ങളാണ് ആദ്യ ഘട്ടത്തില്‍ പരിഗണനയില്‍ ഉണ്ടായിരുന്നത്. 5ജിയുടെ സേവനം 4ജിയേക്കള്‍ നൂറിരട്ടി വേഗതയിലായതിനാല്‍, ബഫറിങ് ഇല്ലാതെ വീഡിയോകള്‍ കാണാനും ദൈര്‍ഘ്യമേറിയ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.

അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ നഗരങ്ങളും ഗ്രാമങ്ങളും ഉള്‍പ്പെടെ രാജ്യത്തിന്റെ എല്ലാ മേഖലകളിലും 5ജി സേവനങ്ങള്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. 2030ഓടെ ഇന്ത്യയിലെ മൊത്തം കണക്ഷനുകളുടെ മൂന്നിലൊന്നില്‍ കൂടുതലും 5ജി ആകും. 2ജി, 3ജി എന്നിവയുടെ വിഹിതം 10 ശതമാനത്തില്‍ താഴെയായി ചുരുങ്ങുമെന്നും പറയുന്നു. ചൈന കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട്ഫോണ്‍ വിപണിയായ ഇന്ത്യയില്‍, വര്‍ഷങ്ങളുടെ തയ്യാറെടുപ്പിന് ശേഷമാണ് 5ജി സേവനങ്ങള്‍ ആരംഭിച്ചത്.

logo
The Fourth
www.thefourthnews.in