ഗുജറാത്ത് കലാപം: വ്യാജരേഖാ കേസില്‍ ആർ ബി ശ്രീകുമാറിന് ജാമ്യം

ഗുജറാത്ത് കലാപം: വ്യാജരേഖാ കേസില്‍ ആർ ബി ശ്രീകുമാറിന് ജാമ്യം

25,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ ഇളവ് നൽകുന്നതായും 2023 ഓഗസ്റ്റ് 17ന് വിചാരണക്കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശം

​ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജരേഖാ കേസില്‍ മുൻ ഡിജിപിയും മലയാളിയുമായ ആർ ബി ശ്രീകുമാറിന് സ്ഥിരം ജാമ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കാൻ വ്യാജരേഖ ചമച്ചെന്ന കേസില്‍ ഗുജറാത്ത് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഓഗസ്റ്റ് 17ന് വിചാരണക്കോടതിയിൽ ഹാജരാകാനും 25,000 രൂപ കെട്ടിവയ്ക്കാനും കോടതി നിർദേശിച്ചു. ജസ്റ്റിസ് ഇലേഷ് ജെ വോറ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരി​ഗണിച്ചത്. 2022 സെപ്റ്റംബർ 28ന് ശ്രീകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ അന്തിമ തീർപ്പാക്കുന്നതുവരെ ഇളവ് പലപ്പോഴായി നീട്ടുകയായിരുന്നു.

ഗുജറാത്ത് കലാപം: വ്യാജരേഖാ കേസില്‍ ആർ ബി ശ്രീകുമാറിന് ജാമ്യം
'ഗുജറാത്ത് ഹൈക്കോടതി നിരീക്ഷണം തലതിരിഞ്ഞതും പരസ്പരവിരുദ്ധവും': ടീസ്റ്റ സെതല്‍വാദിന് സ്ഥിരജാമ്യം അനുവദിച്ച് സുപ്രീംകോടതി

ജസ്റ്റിസ് ഇലേഷ് ജെ വോറ അധ്യക്ഷനായ ബഞ്ച് ഇന്നലെയാണ് ഹർജി പരി​ഗണിച്ചത്. നാല് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആർ ബി ശ്രീകുമാറിന് ജാമ്യം അനുവ​ദിച്ചത്. അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലുള്ള ഡോക്യുമെന്ററി തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് മുൻപോട്ട് പോകുന്നത്. ശ്രീകുമാറിന് ഏകദേശം 75 വയസ്സ് പ്രായമുണ്ട്, വാർധക്യസഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുനുഭവിക്കുന്നു. ഇടക്കാല ജാമ്യത്തിൽ ശ്രീകുമാർ തന്റെ ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്തിട്ടില്ല എന്നീ കാരണങ്ങള്‍ക്കൊപ്പം മുഖ്യപ്രതി ടീസ്റ്റ സെതൽവാദിന് ജൂലൈ 19ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതും കോടതി ചൂണ്ടിക്കാട്ടി.

കേസ് കൂടുതൽ ചൂടുപിടിപ്പിക്കണമെന്നുള്ള ഗൂഢലക്ഷ്യത്തോടെയാണ് ഹർജി സമർപ്പിച്ചതെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. നിയമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു. ഗുജറാത്തിലെ ഉദ്യോഗസ്ഥരുടെ ‘ഒത്തൊരുമിച്ചുള്ള ശ്രമം’തെറ്റായ വെളിപ്പെടുത്തലുകൾ നടത്തുകയായിരുന്നെന്നും അത് ഗുജറാത്ത് എസ്ഐടി പുറത്തുകൊണ്ടുവന്നെന്നും കോടതി ഉത്തരവിൽ നിരീക്ഷിച്ചു.

ഗുജറാത്ത് കലാപം: വ്യാജരേഖാ കേസില്‍ ആർ ബി ശ്രീകുമാറിന് ജാമ്യം
ടീസ്റ്റ സെതൽവാദിന്റെ ജാമ്യാപേക്ഷ: സുപ്രീംകോടതി രണ്ടം​ഗ ബെഞ്ചിൽ ഭിന്നത, വിശാല ബെഞ്ചിന് വിട്ടു

മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിനൊപ്പം ഗുജറാത്ത് എടിഎസ് 2022 ജൂൺ 25നാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. ശ്രീകുമാർ, ടീസ്റ്റ സെതൽവാദ്, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് എന്നിവർക്കെതിരെ 2022ൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ ഇരയായ സാഖിയ ജാഫ്രി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇത് സുപ്രീംകോടതി തള്ളിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു അറസ്റ്റ് നടന്നത്.

ശ്രീകുമാർ, സെതൽവാദ്, ഭട്ട് എന്നിവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറിൽ പ്രധാനമായി ചുമത്തിയിട്ടുള്ളത്. ഗൂഢാലോചന നടത്തി തെറ്റായ തെളിവുകൾ സൃഷ്ടിച്ച് നിയമനടപടി ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 194-ാം വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in