ഉറുദു കവി ഗുല്‍സാറിനും സംസ്‌കൃത പണ്ഡിതന്‍ രാംഭദ്രാചാര്യക്കും ജ്ഞാനപീഠം

ഉറുദു കവി ഗുല്‍സാറിനും സംസ്‌കൃത പണ്ഡിതന്‍ രാംഭദ്രാചാര്യക്കും ജ്ഞാനപീഠം

58-മത് ജ്ഞാനപീഠ പുരസ്‌കാരങ്ങള്‍ ആണ് പ്രഖ്യാപിച്ചത്

വിഖ്യാത ഉറുദു കവിയും ഹിന്ദി ഗാനരചയിതാവുമായ ഗുല്‍സാറിനും സംസ്‌കൃത പണ്ഡിതന്‍ രാംഭദ്രാചാര്യക്കും ജ്ഞാനപീഠ പുരസ്‌കാരം. 58-മത് ജ്ഞാനപീഠ പുരസ്‌കാരങ്ങള്‍ ആണ് പ്രഖ്യാപിച്ചത്.

2002-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച ഗുല്‍സാറിനെ 2004-ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. 2013-ല്‍ ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. ഇക്കാല ഘട്ടത്തിലെ ഏറ്റവും മികച്ച ഉറുദു കവികളില്‍ ഒരാളെന്ന് വിലയിരുത്തപ്പെടുന്ന അദ്ദേഹം, മികച്ച ഗാന രചയിതാവിനും മികച്ച തിരക്കഥാകൃത്തിനുമുള്ള അവാര്‍ഡുകള്‍ ഉള്‍പ്പെടെ അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

മധ്യപ്രദേശിലെ ചിത്രകൂടിലെ തുളസീപീഠ സ്ഥാപകനായ രാംഭദ്രാചാര്യ അറിയപ്പെടുന്ന ഹിന്ദു ആത്മീയാചാര്യനാണ്. നൂറിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ജഗദ്ഗുരു രാംഭദ്രാനന്ദ ഭിന്നശേഷി സര്‍വകലാശാലയുടെ സ്ഥാപകനും ചാന്‍സിലറുമാണ്. ജനിച്ച് രണ്ടു മാസം കഴിഞ്ഞപ്പോള്‍ കാഴ്ചശക്തി നഷ്ടമായ രാംഭദ്രചാര്യ, 22 ഭാഷകള്‍ കൈകാര്യം ചെയ്യും. സംസ്‌കൃതം, ഹിന്ദി, അവധി തുടങ്ങി വിവിധ ഭാഷകളില്‍ നൂറോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

''രണ്ട് ഭാഷകളില്‍ നിന്നുള്ള പ്രമുഖ എഴുത്തുകാര്‍ക്ക് 2023-ലെ പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചു.സംസ്‌കൃത സാഹിത്യകാരന്‍ ജഗദ്ഗുരു രാമഭദ്രാചാര്യയ്ക്കും പ്രശസ്ത ഉര്‍ദു സാഹിത്യകാരന്‍ ഗുല്‍സാറിനുമാണ് പുരസ്‌കാരം'', ജ്ഞാനരപീഠം സെലക്ഷന്‍ കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in