എച്എഎൽ പോർ വിമാനത്തിൽ ഹനുമാന്റെ സ്റ്റിക്കർ; കർണാടകയിൽ വിവാദം , നീക്കം ചെയ്തെന്ന് അധികൃതർ
ബെംഗളൂരുവിൽ നടക്കുന്ന എയ്റോ ഇന്ത്യ എയർ ഷോയിൽ പ്രദർശിപ്പിച്ച പോർ വിമാന മോഡലിൽ ഹിന്ദു ദൈവമായ ഹനുമാൻ്റെ ചിത്രം . ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നിർമിച്ച സൂപ്പർസോണിക് വിമാനമായ ഹിന്ദുസ്ഥാൻ ലീഡ് ഫൈറ്റർ ട്രെയിനർ - 42 എന്ന മോഡലിലാണ് ഹനുമാൻ്റെ ബജ്‌രംഗ്‌ബലി സ്റ്റിക്കർ പതിച്ചിരിക്കുന്നത്. പോർവിമാനത്തിന്റെ വാലറ്റത്ത് സ്റ്റിക്കർ പതിച്ചായിരുന്നു ഇന്ത്യൻ പവലിയനിൽ പ്രദർശനത്തിന് വെച്ചത്. എയർ ഷോ ഉദ്‌ഘാടന ദിനമായ തിങ്കളാഴ്ച പവലിയനുകൾ പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തതോടെയാണ് ഹനുമാൻ സ്റ്റിക്കർ ശ്രദ്ധയിൽ പെട്ടത് . 'കൊടുങ്കാറ്റ് വരുന്നു ' എന്ന ടാഗും ഇതോടൊപ്പം പ്രദർശിപ്പിച്ചിരുന്നു. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചതോടെ സംഭവം വിവാദമായി. ഹിന്ദു ദൈവത്തിന്റെ ചിത്രം കേന്ദ്ര പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനം ഉപയോഗിച്ചത് ശരിയായില്ലെന്ന വാദമുയർന്നു . ഇതോടെ സ്റ്റിക്കർ ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്സ് ലിമിറ്റഡ് അധികൃതർ നീക്കം ചെയ്തു .
സൂപ്പർസോണിക് ശ്രേണിയിൽപെടുന്ന ഹിന്ദുസ്ഥാൻ ഫൈറ്റർ ട്രെയിനർ -42 വിമാനത്തിന്റെ ശക്തിയും കരുത്തും കാഴ്ചക്കാർക്ക് മുന്നിൽ അവതരിപ്പിക്കാനായിരുന്നു ഹനുമാൻ സ്റ്റിക്കർ ഉപയോഗിച്ചതെന്ന് എച് എ എൽ അധികൃതർ അറിയിച്ചു . എച് എ എൽ ൽ കൂടിയാലോചന നടത്തിയായിരുന്നു ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. മുൻപ് കമ്പനി നിർമിച്ച പോർവിമാനത്തിനു ഇട്ട പേരിൽ നിന്നായിരുന്നു ഹനുമാൻ സ്റ്റിക്കർ എന്ന ആശയം ലഭിച്ചത് ,എന്നാൽ എതിർപ്പ് ഉയർന്നതോടെ സ്റ്റിക്കർ നീക്കം ചെയ്‌തെന്നും ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്സ് ലിമിറ്റഡ് വ്യക്തമാക്കി. അടുത്ത തലമുറ സൂപ്പർ സോണിക് വിമാനമായ ഹിന്ദുസ്ഥാൻ ലീഡ് ഫൈറ്റർ ട്രെയിനർ - 42 പോർവിമാനങ്ങളുടെ മാതൃക മാത്രമാണ് പ്രദർശനത്തിൽ വെച്ചത് . ഇത്തരം വിമാനങ്ങൾ നിർമിക്കുന്ന പദ്ധതി പ്രാരംഭ ഘട്ടത്തിലാണ് . വിദേശ വിപണി ലക്ഷ്യമിട്ടു ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന സൂപ്പർ സോണിക് വിമാനമാണിത്.
ഫെബ്രുവരി 13 - 17 വരെ നടക്കുന്ന എയ്റോ ഇന്ത്യ എയർ ഷോയിൽ ഇന്ത്യ തദ്ദേശീയമായി നിർമിച്ച നിരവധി പ്രതിരോധ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട് . പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ചയായിരുന്നു പ്രദർശനം ഉദ്‌ഘാടനം ചെയ്തത്