ഹരിയാന സംഘർഷം: നൂഹിലെ  പൊളിക്കല്‍ നടപടികള്‍ നിർത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവ്

ഹരിയാന സംഘർഷം: നൂഹിലെ പൊളിക്കല്‍ നടപടികള്‍ നിർത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവ്

പൊളിക്കൽ നടപടികൾ നാലു ദിനം പിന്നിട്ടതിനു പിന്നാലെയാണ് ഇതിനെതിരായ ഹർജി കോടതി പരിഗണിക്കുന്നത്
Updated on
2 min read

ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആരംഭിച്ച നൂഹിലെ പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ്. അനധികൃത നിര്‍മാണങ്ങള്‍ എന്നാരോപിച്ചായിരുന്നു വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പ്രതിസ്ഥാനത്തുള്ള വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ക്ക് നേരെ ജില്ലാ ഭരണകൂടം നീക്കം ആരംഭിച്ചത്. പൊളിക്കൽ നടപടികൾ നാലു ദിനം പിന്നിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊളിക്കല്‍ നടപടിയ്ക്കെതിരായ ഹർജി പരിഗണിച്ച ഹൈക്കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്. ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ ബുള്‍ഡോസര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ധീരേന്ദ്ര ഖഡ്ഗത ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷത്തില്‍ ഇതുവരെ ആറ് ജീവന്‍ നഷ്ടപ്പെടുകയും നിരവധി വീടുകളും പള്ളികളും കടകളും കലാപകാരികള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് മാതൃകയില്‍ ഹരിയാനയിലും ബുള്‍ഡോസര്‍ നടപടിയുണ്ടാകുമെന്ന് മനോഹര്‍ ലാല്‍ ഖട്ടാര്‍ രണ്ട് ദിവസം മുന്‍പ് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടിയേറ്റക്കാരുടെ കുടിലുകള്‍ പൊളിച്ചുനീക്കുന്നതിലേക്ക് കടന്നത്. മുൻകൂർ നിർദേശങ്ങള്‍ പോലുമില്ലാതെയാണ് ബുള്‍ഡോസർ ഉപയോഗിച്ച് പലയിടത്തും കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയത്. നൂഹിലും ഗുരുഗ്രാമിലും ആക്രമണ പരമ്പരകള്‍ അരങ്ങേറി ഒരാഴ്ചയ്ക്ക് ശേഷമാണ് കോടതി സ്വമേധയാ വിഷയം ഏറ്റെടുത്തത്.

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് മാതൃകയില്‍ ഹരിയാനയിലും ബുള്‍ഡോസര്‍ നടപടിയുണ്ടാകുമെന്ന് മനോഹര്‍ ലാല്‍ ഖട്ടാര്‍ രണ്ട് ദിവസം മുന്‍പ് സൂചിപ്പിച്ചിരുന്നു

മുഖ്യമന്ത്രിയുടെ ബുള്‍ഡോസര്‍ നീക്കം മുസ്ലീങ്ങളെ ലക്ഷ്യം വച്ചാണെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. കൂടാതെ വീടുകള്‍ തകര്‍ക്കപ്പെട്ടവരില്‍ പലരും തങ്ങള്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് മുന്നോട്ടു വന്നു. എന്നാല്‍ ഇത് അനധികൃത നിര്‍മാണങ്ങള്‍ക്കും കൈയ്യേറ്റത്തിനുമെതിരെ നടപടിയെടുക്കുയാണെന്നും ഒരു വ്യക്തിയേയും ലക്ഷ്യം വച്ചല്ലെന്നും പ്രാദേശിക ഭരണകൂടം പ്രതികരിച്ചു. ''അനധികൃത നിര്‍മാണത്തിനെതിരെയാണ് പൊളിക്കല്‍ നടപടികള്‍ നടക്കുന്നത്. അത് തുടരും, ഇത് ആരെയും ലക്ഷ്യം വച്ചുള്ളതല്ല. സമാധാനം സ്ഥാപിക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം'' ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.

ഹൈദരാബാദ് എംപിയും ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-അത്തേഹാദുല്‍ മുസ്ലിമീന്‍ തലവനുമായ അസദുദ്ദീന്‍ ഒവൈസി ഹരിയാന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അവിടെ മുസ്ലീങ്ങളുടെ മാത്രം വീടുകളും സ്ഥാപനങ്ങളും മാത്രം നടപടിക്രമങ്ങള്‍ പാലിക്കാതെ തകര്‍ക്കപ്പെടുകയാണെന്നും, കോടതിയുടെ അവകാശങ്ങളെ സര്‍ക്കാര്‍ തട്ടിയെടുത്തിരിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. ഇത് ബിജെപി ആശയങ്ങളുടെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിയാന സംഘർഷം: നൂഹിലെ  പൊളിക്കല്‍ നടപടികള്‍ നിർത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവ്
ഹരിയാനയിൽ യുപി മോഡൽ 'ബുൾഡോസർ നടപടി'യുമായി മനോഹർ ലാൽ ഖട്ടാർ; ടൗരുവിൽ നിരവധി കുടിലുകൾ തകർത്തു

കഴിഞ്ഞ ദിവസം നൂഹ് സന്ദര്‍ശിക്കാനെത്തിയ സിപിഐയുടെ നാലംഗ പ്രതിനിധി സംഘത്തെ തടഞ്ഞു വച്ചത് വലിയ തര്‍ക്കത്തിനിടയാക്കിയിരുന്നു.'' ഇതാണ് ജില്ലയിലെ ദുരവസ്ഥ, പോലീസുകാര്‍ നമ്മളെ അകത്തേക്ക് കടക്കാന്‍ പോലും സമ്മതിക്കുന്നില്ല. ഇവിടെ ഗുണ്ടകള്‍ക്കും ഫാസിസ്റ്റുകള്‍ക്കും സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാം'' ബിനോയ് വിശ്വം എംപി വിമര്‍ശിച്ചു. വര്‍ഗീയ കലാപം രൂക്ഷമായ പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. സംഘർഷ ബാധിത പ്രദേശങ്ങളില്‍ പലയിടത്തും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ചിലയിടങ്ങളില്‍ കര്‍ഫ്യൂവിന് ഇളവ് നല്‍കിയിരുന്നു. ആ സമയത്ത് എടിഎമ്മുകളും മറ്റും തുറന്ന് പ്രവര്‍ത്തിച്ചു. പ്രദേശത്ത് ഇന്റര്‍നെറ്റ് നിരോധനം തുടരുകയാണ്.

logo
The Fourth
www.thefourthnews.in