പറയുന്നത്‌ 'മോദികാലം അമൃതകാലം', പക്ഷേ ആരോഗ്യമേഖലയ്ക്ക് പഞ്ഞകാലം; ബജറ്റ്‌പെട്ടി തുറന്നുപരിശോധിക്കുമ്പോള്‍

പറയുന്നത്‌ 'മോദികാലം അമൃതകാലം', പക്ഷേ ആരോഗ്യമേഖലയ്ക്ക് പഞ്ഞകാലം; ബജറ്റ്‌പെട്ടി തുറന്നുപരിശോധിക്കുമ്പോള്‍

2023-24 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തിന്റെ ആരോഗ്യമേഖലയെ തീര്‍ത്തും അവഗണിക്കുന്നതായിരുന്നു ഇടക്കാല ബജറ്റിലെ നീക്കിവയ്പുകള്‍

മോദി കാലം അമൃതകാലമാണെന്നും 2047-ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്നും ആവര്‍ത്തിച്ച് പറഞ്ഞാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ രണ്ടാം മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് അവതരണം അവസാനിപ്പിച്ചത്. എന്നാല്‍ ആ സങ്കല്‍പ്പിത 'സുന്ദരസുരഭില വികസിത' ഇന്ത്യയുടെ 'ആരോഗ്യ'ത്തില്‍ വേണ്ടത്ര ശ്രദ്ധയും പരിഗണനയും കേന്ദ്ര സര്‍ക്കാരിന് ഇല്ലെന്നാണ് നിര്‍മല ഇന്നലെ അവതരിപ്പിച്ച ഇടക്കാല ബജറ്റ് ചൂണ്ടിക്കാണിക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തിന്റെ ആരോഗ്യമേഖലയെ തീര്‍ത്തും അവഗണിക്കുന്നതായിരുന്നു ഇടക്കാല ബജറ്റിലെ നീക്കിവയ്പുകള്‍. രാജ്യത്തെ പ്രധാന ആരോഗ്യ-പോഷകാഹാര പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം അപ്പാടെ വെട്ടിക്കുറച്ചിരിക്കുകയാണ്. ഒറ്റനോട്ടത്തില്‍ ആരോഗ്യമേഖലയെ കാര്യമായി പരിഗണിച്ചുവെന്നു തോന്നിപ്പിക്കുമെങ്കിലും നാണ്യപ്പെരുപ്പത്തിന്റെയും സ്ഥിരതയില്ലാത്ത സമ്പദ്‌വ്യവസ്ഥയുടെയും പശ്ചാത്തലത്തില്‍ നീക്കിവയ്പുകള്‍ തികച്ചും അപര്യാപ്തമാണെന്നു മനസിലാക്കാം.

കഴിഞ്ഞ ബജറ്റില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് 86,175 കോടി രൂപയാണ് മാറ്റിവച്ചതെങ്കില്‍ ഇത്തവണയത്‌ 87,657 കോടിയാണ്. ഇത് കേവല സംഖ്യകളിലെ വര്‍ധനവ് മാത്രമാണെന്ന് വിശാംശങ്ങളിലേക്ക് കടക്കുമ്പോള്‍ വ്യക്തമാകും. 2017-ലെ ദേശീയ ആരോഗ്യനയം അനുസരിച്ച് 2025 ആകുമ്പോഴേക്കും ജിഡിപിയുടെ 2.5 ശതമാനം ആരോഗ്യമേഖലയ്ക്ക് വേണ്ടി ചിലവഴിക്കണം. ഈ ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ ആരോഗ്യമേഖലയ്ക്കുള്ള ബജറ്റ് വിഹിതം ഇനിയും വര്‍ധിപ്പിക്കണം.

ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ വരുന്ന പ്രധാന്‍മന്ത്രി സ്വാസ്ത്യ സുരക്ഷാ യോജന(പിഎംഎസ്എസ്‌വൈ) എന്ന പദ്ധതിയെയാണ് ഈ കേന്ദ്ര അവഗണന കാര്യമായി ബാധിക്കുക. അവികസിത മേഖലകളില്‍ കഴിയുന്നവരുടെ ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണം എന്നിവ മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിയാണിത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഈ സ്‌കീമിനുവേണ്ടി മാറ്റിവച്ചിരിക്കുന്നത് 2,400 കോടി രൂപയാണ്. കഴിഞ്ഞ ബജറ്റില്‍ 3365 കോടിയായിരുന്നു. 33 ശതമാനം ഇടിവാണ് വകയിരുത്തലില്‍ സംഭവിച്ചിരിക്കുന്നത്.

ഇന്ത്യയിലുടനീളമുള്ള മെഡിക്കല്‍ കോളജുകള്‍ നവീകരിക്കാനും എയിംസ് പോലുള്ള റിസര്‍ച്ച് സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാനും ലക്ഷ്യമിടുന്ന പദ്ധതി കൂടിയാണ് ഇത്. വളരെ ഗൗരവതരമായി കൈാര്യം ചെയ്യേണ്ട പദ്ധതിയുടെ വിഹിതം വെട്ടിക്കുറയ്ക്കുന്നത് രാജ്യത്തെ ആരോഗ്യ മേഖലയെ പ്രതികൂലമായി ബാധിക്കും.

22 പുതിയ എയിംസുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി മാറ്റിവച്ചതായി പറയുന്നത് 6,800 കോടിയാണ്. കഴിഞ്ഞ ബജറ്റില്‍ ഇത് 6,835 കോടി രൂപയായിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍)ന് വേണ്ടി മാറ്റിവച്ചിരിക്കുന്നത് 2,432 കോടി രൂപയാണ്. ഇത് കഴിഞ്ഞവര്‍ഷം 2,360 കോടി രൂപയായിരുന്നു. നാണ്യപ്പെരുപ്പം അടക്കമുള്ള നിലവിലെ സാമ്പത്തിക സ്ഥിതിയുടെ പശ്ചാത്തലത്തില്‍ വരുന്ന സാമ്പത്തിക വര്‍ഷം ഐസിഎംആറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വേണ്ടിവരുന്ന തുകയുടെ 1.8 ശതമാനം കുറവു തുകമാത്രമാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.

ആയുഷ്മാന്‍ ഭാരത്

2021-ലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രധാന്‍മന്ത്രി ആയുഷ്മാന് ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്. കോവിഡ് പോലുള്ള മഹാമാരികളെ നേരിടാന്‍ രാജ്യത്തെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നല്‍കിയത്. അഞ്ചുവര്‍ഷം കൊണ്ട് 64,000 കോടി രൂപ ചിലവഴിക്കും എന്നായിരുന്നു പ്രഖ്യാപനം. കഴിഞ്ഞവര്‍ഷം പദ്ധതിക്ക് വേണ്ടി 14,107 കോടിരൂപയാണ് മാറ്റിവച്ചത്. ഇത്തവണത്തെ ബജറ്റില്‍ ഇത് 4,200 കോടിയായി കുറഞ്ഞു. മൂന്നു ഘട്ടങ്ങളിലായി ആരോഗ്യസംവിധാനങ്ങളുടെ നില മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. നിലവിലുള്ളതും ഭാവിയില്‍ വരാന്‍ സാധ്യതയുള്ളതുമായ പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കുകയാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ (എന്‍സിഡിസി) ബ്രാഞ്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിയും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, നിലവില്‍ ഡല്‍ഹിയിലെ ഒരു ബ്രാഞ്ച് മാത്രമാണുള്ളത്. പ്രധാന്‍മന്ത്രി ജന്‍ ആരോഗ് യോജന സ്‌കീമിന്റെ ഭാഗമായി ഓരോ കുടുംബത്തിനും പ്രതിവര്‍ഷം അഞ്ചുവര്‍ഷത്തെ ഇന്‍ഷുറന്‍സും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. നാല്‍പ്പത് ശതമാനം കുടുംബങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ഇതിന്റെ ആനുകൂല്യം ലഭിച്ചിട്ടുള്ളത്. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് ഈ ഇന്‍ഷുറന്‍സിന് പണം നല്‍കുന്നത്. ഇതിനുവേണ്ടി ഇത്തവണ 7,500കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 7,200 കോടി ആയിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന പദ്ധതിയായി ബിജെപി വിശേഷിപ്പിക്കുന്ന ഈ പദ്ധതിക്ക് എതിരെ വിമര്‍ശനവും ശക്തമാണ്. സ്വകാര്യ ഹെല്‍ത്ത് കെയര്‍ ദാതാക്കളുടെ കയ്യിലേക്കാണ് പണം എത്തുന്നത് എന്നാണ് വിമര്‍ശനം. പദ്ധതിയില്‍ വിവിധതലങ്ങളില്‍ അഴിമതി നടക്കുന്നതായി സിഎജി കണ്ടെത്തിയിരുന്നു. ഇത് ഖജനാവിന് നഷ്ടം മാത്രമല്ല, പദ്ധതിയുടെ ഉദ്ദേശത്തെ പരാജയപ്പെടുത്തന്നതായും വിമര്‍ശനമുണ്ട്.

മെച്ചപ്പെട്ട പോഷകാഹാര വിതരണം, കുട്ടിക്കാല പരിചരണം, വികസനം എന്നിവയ്ക്കായി 'പോഷണ്‍ 2.0' നടപ്പാക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. അംഗന്‍വാടികള്‍ മുഖേന നടപ്പിലാക്കിവരുന്ന പദ്ധതിയാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പോഷകാഹാര കുറവ് നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുള്ളത്.

21,200 കോടിയാണ് പദ്ധതിക്ക് വേണ്ടി ഈ ബജറ്റില്‍ മാറ്റിവച്ചിരിക്കുന്നത്. 20,554.31 കോടിയാണ് കഴിഞ്ഞവര്‍ഷത്തെ തുക. പണപ്പെരുപ്പവുമായി തട്ടിച്ചുനോക്കുമ്പോള്‍ പദ്ധിക്ക് വേണ്ടിവരുന്ന തുകയുടെ 1.77 ശതമാനം കുറവു തുകമാത്രമാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.

ആശാ പ്രവര്‍ത്തകരേയും അംഗന്‍വാടി ജീവനക്കാരേയും ആയുഷ്മാന്‍ ഭാരത് സ്‌കീമിന്റെ കീഴില്‍ ഉള്‍പ്പെടുത്തുമെന്നാണ് നിര്‍മല സീതാരാമാന്‍ ബജറ്റില്‍ പറയുന്നത്. സര്‍ക്കാര്‍ നല്‍കുന്ന സാമൂഹിക സുരക്ഷാപദ്ധതികളുടെ ആനുകൂല്യങ്ങള്‍ തങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് അംഗന്‍വാടി ജീവനക്കാരും ആശാ പ്രവര്‍ത്തകരും നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്. എന്നാല്‍, ഈ ആവശ്യത്തെക്കുറിച്ച് സര്‍ക്കാര്‍ മിണ്ടുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗം പേരും ഇത്തരം സ്‌കീമുകളുടെ ഗുണഫലങ്ങള്‍ അനുഭവിക്കുമ്പോഴാണ് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി, ആശാ പ്രവര്‍ത്തകര്‍ വേര്‍തിരിവ് നേരിടുന്നത്. അതിന് പൂര്‍ണപരിഹാരം കാണാനും ബജറ്റ് പരാജയപ്പെട്ടു.

logo
The Fourth
www.thefourthnews.in