കനത്തമഴയിൽ മുങ്ങി ചെന്നൈ; വിമാനങ്ങൾ തിരിച്ചുവിട്ടു, സ്കൂളുകൾക്ക് അവധി

കനത്തമഴയിൽ മുങ്ങി ചെന്നൈ; വിമാനങ്ങൾ തിരിച്ചുവിട്ടു, സ്കൂളുകൾക്ക് അവധി

ചൊവ്വാഴ്ചവരെ ചെന്നൈയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം

കനത്തമഴയിൽ വെള്ളത്തിൽ മുങ്ങി ചെന്നൈ നഗരം. റോഡുകളിലാകെ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. ഇന്റർനെറ്റ് കേബിളുകളും മറ്റ് ആശയവിനിമയ സംവിധാനങ്ങളും തകർന്നനിലയിലാണ്.

തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ വരവറിയിച്ചെത്തിയ മഴ മണിക്കൂറുകളോളം ശക്തമായി പെയ്തു. പിന്നീട് ശക്തി കുറഞ്ഞ് മഴ തുടര്‍ന്നതോടെയാണ് നഗരം വെള്ളത്തിൽ മുങ്ങിയത് .

ചൊവ്വാഴ്ചവരെ ചെന്നൈയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.കാഞ്ചീപുരം, ചെങ്കൽപട്ട്, കടലൂർ, തിരുച്ചി, പേരാമ്പ്ര എന്നിവയുൾപ്പെടെ 13 ജില്ലകളിൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്താകെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴയെത്തുടർന്ന് ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിൽ സ്‌കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു.

കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ചെന്നൈ വിമാനത്താവളത്തിലിറങ്ങേണ്ട ആറ് രാജ്യാന്തര വിമാനങ്ങൾ ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. ചെന്നൈയിൽ നിന്നുള്ള നിരവധി വിമാനങ്ങൾ പുറപ്പെടാൻ വൈകുകയാണ്.

നഗരത്തിലെ ജല വിതരണം നടത്തുന്ന ചെമ്പരമ്പാക്കം റിസർവോയറിലേക്ക് ഒറ്റരാത്രികൊണ്ട് പെയ്ത മഴയിൽ ഗണ്യമായ തോതിൽ വെള്ളമെത്തി. തിങ്കളാഴ്ച രാവിലെ ആറ് മണി വരെ 921 ക്യുസെക്‌സ് മഴവെള്ളം ഒഴുകിയെത്തിയതായാണ് കണക്ക്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in