ബെംഗളൂരുവില്‍ ദുരിത പെയ്ത്ത്; മരങ്ങള്‍ കടപുഴകി മെട്രോ ട്രാക്കില്‍, നഗരത്തില്‍ വെള്ളക്കെട്ട്

ബെംഗളൂരുവില്‍ ദുരിത പെയ്ത്ത്; മരങ്ങള്‍ കടപുഴകി മെട്രോ ട്രാക്കില്‍, നഗരത്തില്‍ വെള്ളക്കെട്ട്

ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ നാല് മണിക്കൂറോളം തുടര്‍ന്നതോടെ സ്തംഭിച്ച് നഗരം

കാലവര്‍ഷ പെയ്ത്തില്‍ ദുരിതക്കയത്തിലായി ബെംഗളൂരു നഗരം. നാല് മണിക്കൂറോളം നിര്‍ത്താതെ പെയ്ത മഴയിലും അതിശക്തമായ കാറ്റിലും നഗര ജീവിതം സ്തംഭിച്ചു. വെള്ളക്കെട്ടില്‍ നഗരത്തില്‍ ഗതാഗത സ്തംഭനം രൂക്ഷമായിരുന്നു. ബെംഗളൂരു - മൈസൂരു ദേശീയപാതയില്‍ മണിക്കൂറുകളോളമാണ് ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്. ഇരു ദിശയിലേക്കുമുള്ള ഗതാഗതം സ്തംഭിച്ചതോടെ ബെംഗളൂരു നഗരത്തിലേക്കും തിരിച്ചുമുള്ള യാത്ര ദുരിതമയമായി.

ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ ആരംഭിച്ച മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ മണിക്കൂറിനുള്ളില്‍ വെള്ളകെട്ടുകളാല്‍ നിറയുകയായിരുന്നു. ശക്തമായ കാറ്റില്‍ നിരത്തു വക്കിലെ തണല്‍ മരങ്ങള്‍ മിക്കതും നിലം പൊത്തിയിട്ടുണ്ട്. റോഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മരങ്ങള്‍ വീണു കേടുപാടുകള്‍ പറ്റി. 128 തണല്‍ മരങ്ങളാണ് ബെംഗളൂരുവില്‍ വിവിധ ഇടങ്ങളിലായി കടപുഴകി നിലം പൊത്തിയത്. പീനിയയില്‍ ട്രക്കിനു മുകളില്‍ മരം വീണ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. അന്‍പതോളം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. പത്മനാഭനഗറില്‍ ഒരു വന്‍മരം മൂന്നു വാഹങ്ങള്‍ക്ക് മീതെ കടപുഴകി വീണു, യാത്രക്കാരെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തി.

മഴയ്ക്ക് അകമ്പടിയായി എത്തിയ ആലിപ്പഴം പൊഴിയലില്‍ നിരത്തില്‍ കാല്‍നടയായി സഞ്ചരിച്ചവര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ആലിപ്പഴം വാഹനങ്ങള്‍ക്ക് മീതെ പതിച്ചും കേടുപാടുകള്‍ ഉണ്ടായി. ആലിപ്പഴ വീഴ്ചയില്‍ വീടുകളുടെയും കഥകളുടെയും മേല്‍ക്കൂരകള്‍ക്കും കേടുപാടുകള്‍ പറ്റി. എംജി റോഡിലെ ട്രിനിറ്റി മെട്രോ റെയില്‍ പാളത്തിനു കുറുകെ മരം വീണ് ഏറെ നേരം മെട്രോ ഗതാഗതം സ്തംഭിച്ചു. യാത്രക്കാര്‍ പ്ലാറ്റ്‌ഫോമുകളില്‍ കാത്തു നില്‍ക്കേണ്ടി വന്നതോടെ ഈ ഭാഗത്തെ മെട്രോ സ്റ്റേഷനുകള്‍ ആളുകളെ കൊണ്ട് തിങ്ങി നിറഞ്ഞു. മരം മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഒരു മണിക്കൂറിലധികമെടുത്തതോടെ ഇന്ദിര നഗറിനും എം ജി റോഡിനുമിടയിലെ മെട്രോ ഗതാഗതം താത്കാലികമായി നിര്‍ത്തി വെക്കേണ്ടി വന്നു.

ബെംഗളൂരുവില്‍ ദുരിത പെയ്ത്ത്; മരങ്ങള്‍ കടപുഴകി മെട്രോ ട്രാക്കില്‍, നഗരത്തില്‍ വെള്ളക്കെട്ട്
ചരിത്രം പറയുന്നു; എക്സിറ്റ് പോൾ ഫലങ്ങളും തെറ്റും

മിക്കയിടങ്ങളിലും പോസ്റ്റുകള്‍ നിലം പൊത്തി വൈദ്യുതി വിതരണം മുടങ്ങി. ഇന്റര്‍നെറ്റ്, കേബിള്‍ ടിവി ലൈനുകള്‍ മരം വീണും മറ്റും മുറിഞ്ഞു പോയതോടെ മെട്രോ നഗരം അക്ഷരാര്‍ഥത്തില്‍ ഇരുട്ടില്‍ തപ്പി. വൈദ്യുതി - ഇന്റര്‍നെറ്റ് ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. ഞായറാഴ്ചയായതിനാല്‍ ജീവനക്കാരുടെ കുറവ് അറ്റകുറ്റ പണികളെ ബാധിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ മാത്രമേ മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാവൂ. പ്രധാന നിരത്തുകളില്‍ കടപുഴകി വീണ മരങ്ങള്‍ മുറിച്ചു മാറ്റി നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ബെംഗളൂരു നഗരസഭാ അധികൃതര്‍. ഗതാഗത സ്തംഭനം ഇല്ലാതിരിക്കാനാണ് ആദ്യ പരിഗണന.

ശക്തമായ മഴയില്‍ ദൂരക്കാഴ്ച ഇല്ലാതായതോടെ അപകടം ഒഴിവാക്കാന്‍ റോഡ് യാത്രക്കാര്‍ വാഹനങ്ങള്‍ ഏറെ നേരം നിര്‍ത്തിയിട്ടു. ഇതോടെ വാഹന ഗതാഗതം പതിയെ നിലച്ചു. കാല്‍നടയാത്രക്കാര്‍ അക്ഷരാര്‍ഥത്തില്‍ റോഡില്‍ തുഴഞ്ഞായിരുന്നു യാത്ര. നഗരത്തിലെ ഓടകള്‍ നിറഞ്ഞു കവിഞ്ഞു റോഡിലെ വെള്ളക്കെട്ടില്‍ കലര്‍ന്നത്തോടെ ജലജന്യ രോഗങ്ങളുടെ ഭീഷണിയിലാണ് പലരും. വരുന്ന അഞ്ച് ദിവസം കൂടി കാലവര്‍ഷ പെയ്ത്ത് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കാലാവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടാകും വരെ വൈകുന്നേരം പുറത്തിറങ്ങാതെ വീടുകളില്‍തന്നെ തങ്ങാന്‍ കഴിവതും ശ്രമിക്കണമെന്ന് പൊതു ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട് .

logo
The Fourth
www.thefourthnews.in