ഇന്ത്യയിലെ സമ്പന്നര്‍ക്ക് താത്പര്യം
പാശ്ചാത്യ രാജ്യങ്ങളോട്; കുടിയേറാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു

ഇന്ത്യയിലെ സമ്പന്നര്‍ക്ക് താത്പര്യം പാശ്ചാത്യ രാജ്യങ്ങളോട്; കുടിയേറാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു

മികച്ച ആരോഗ്യ സേവനം, ഉയര്‍ന്ന ജീവിത നിലവാരം, മെച്ചപ്പെട്ട വിദ്യാഭ്യാസം എന്നിവയാണ് ഇന്ത്യക്കാരെ പാശ്ചാത്യരാജ്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്.

ഇന്ത്യയിലെ സമ്പന്ന വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ താത്പര്യം വര്‍ധിക്കുന്നു. ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ ( എച്ച്‌ഐഎന്‍) എന്ന ഗണത്തില്‍ പെടുന്നവരാണ് ഇത്തരത്തിലുള്ള കുടിയേറ്റം തിരഞ്ഞെടുക്കുന്നവര്‍.

മികച്ച ആരോഗ്യ സേവനം, ഉയര്‍ന്ന ജീവിത നിലവാരം, മെച്ചപ്പെട്ട വിദ്യാഭ്യാസം എന്നിവയാണ് ഇന്ത്യക്കാരെ പാശ്ചാത്യ രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ വര്‍ധന ഈ പ്രവണതയുടെ അടിസ്ഥാനത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം മാത്രം 2.25 ലക്ഷം പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതെന്നാണ് വിദേശ കാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ ( എച്ച്‌ഐഎന്‍) എന്ന ഗണത്തില്‍ പെടുന്നവരാണ് ഇത്തരത്തിലുള്ള കുടിയേറ്റം തിരഞ്ഞെടുക്കുന്നവര്‍.

രാജ്യത്തെ അന്തരീക്ഷ മലിനീകരണത്തിന്റെ തോതും, ഇതുമൂലം ഉണ്ടാകുന്ന അരോഗ്യ പ്രശ്‌നങ്ങള്‍ പോലും സമ്പന്ന വിഭാഗങ്ങളെ പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നുണെന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. തൊഴില്‍ തേടിയുള്ള ഇന്ത്യക്കാരുടെ കുടിയേറ്റമായിരുന്നു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് ഉണ്ടായിരുന്നത്. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം സ്ഥിരമായ ജീവിതം ലക്ഷ്യമിട്ടാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

രാജ്യത്തെ അന്തരീക്ഷ മലിനീകരണത്തിന്റെ തോതും, ഇതുമൂലം ഉണ്ടാകുന്ന അരോഗ്യ പ്രശ്‌നങ്ങള്‍ പോലും സമ്പന്ന വിഭാഗങ്ങളെ പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നു

കുടുംബത്തോടൊപ്പം ജീവിതം പറിച്ചുനടാനാണ് മിക്കവരും ശ്രമിക്കുന്നത്. യുഎസ് ഇബി-5 വിസ, പോര്‍ച്ചുഗല്‍ ഗോള്‍ഡന്‍ വിസ, ഓസ്ട്രേലിയന്‍ ഗ്ലോബല്‍ ടാലന്റ് ഇന്‍ഡിപെന്‍ഡന്റ് വിസ, മാള്‍ട്ട പെര്‍മനന്റ് റെസിഡന്‍സി പ്രോഗ്രാം, ഗ്രീസ് ബൈ ഇന്‍വെസ്റ്റ്മെന്റ് പ്രോഗ്രാം എന്നിവയ്ക്കായുള്ള റസിഡന്‍സ്-ത്രൂ-ഇന്‍വെസ്റ്റ്മെന്റ് പ്രോഗ്രാമുകള്‍ക്കായുള്ള അപേക്ഷകളിലുണ്ടായ വര്‍ധന ഇക്കാര്യം വ്യക്തമാക്കുന്നതാണ്. പോര്‍ച്ചുഗീസ് ഇന്‍വെസ്റ്റ്‌മെന്റ് വിസയ്ക്കായുള്ള അപേക്ഷകള്‍ വര്‍ധിച്ചതുള്‍പ്പെടെ ഇതിന്റെ സൂചനകളാണ്. ഈ വിസാ പദ്ധതി പ്രകാരം കുടിയേറുന്നവര്‍ക്ക് പോര്‍ച്ചുഗലിലും മറ്റ് യൂറോപ്യന്‍ യൂണിയൻ രാജ്യങ്ങളിലും ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും അവകാശം നല്‍കുന്നുന്നുണ്ട്.

ഒരു ദശലക്ഷം ഡോളര്‍ അല്ലെങ്കില്‍ 8.2 കോടി രൂപയില്‍ കൂടുതല്‍ ആസ്തിയുള്ളവരാണ് എച്ച്‌ഐഎന്‍ അഥവാ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഹെന്‍ലി ഗ്ലോബല്‍ സിറ്റിസണ്‍സ് റിപ്പോര്‍ട്ട് പ്രകാരം 2021 ല്‍ രാജ്യത്ത് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന 3.47 ലക്ഷം പേരാണുണ്ടായിരുന്നത്. ഇവരില്‍ പകുതിയോളം വരുന്ന ഏകദേശം 1.49 ലക്ഷം പേരും മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ചെന്നൈ, ഗുഡ്ഗാവ്, അഹമ്മദാബാദ് എന്നീ ഒൻപത് നഗരങ്ങളില്‍ നിന്നുള്ളവരാണ്.

logo
The Fourth
www.thefourthnews.in