ഈ വർഷം രാജ്യംവിടാൻ ഒരുങ്ങുന്നത് 6500 കോടീശ്വരന്മാർ; കാരണമിതാണ് !

ഈ വർഷം രാജ്യംവിടാൻ ഒരുങ്ങുന്നത് 6500 കോടീശ്വരന്മാർ; കാരണമിതാണ് !

ചൈനയിലാണ് ഉയർന്ന ആസ്തിയുള്ള കൂടുതൽ ആളുകള്‍ രാജ്യം വിടാന്‍ ഒരുങ്ങുന്നത്

രാജ്യത്തെ 6,500 കോടീശ്വരന്മാർ ഈ വര്‍ഷം ഇന്ത്യ വിടുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആഗോളതലത്തില്‍ രണ്ടാമത്തെ ഉയര്‍ന്ന കണക്കാണ് ഇന്ത്യയുടേത്. കഴിഞ്ഞ വർഷം 7,500 വ്യക്തികൾ രാജ്യം വിട്ടത്.

ബ്രിട്ടണില്‍ നിന്ന് 3200 കോടീശ്വരന്മാരാണ് രാജ്യം വിടാനൊരുങ്ങുന്നത്

ചൈനയിലാണ് ഉയർന്ന ആസ്തിയുള്ള കൂടുതൽ ആളുകള്‍ രാജ്യം വിടാന്‍ ഒരുങ്ങുന്നത്. 13,000 ത്തിലധികം വ്യക്തികള്‍ ഈ വര്‍ഷം ചൈന വിടാനൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. ''ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാജ്യം വിടുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ കോടീശ്വരന്മാര്‍ സൃഷ്ടിക്കപ്പെടുന്നതിനാല്‍ ഈ കൊഴിഞ്ഞുപോക്ക് ആശങ്കയുണ്ടാക്കുന്നില്ലെന്നാണ് കരുതുന്നത്,'' ഗവേഷക തലവന്‍ അന്‍ഡ്രൂ അമോയില്‍സ് പറഞ്ഞു.

ചൈനയിലാകട്ടെ കോടീശ്വരന്മാരുടെ കുടിയേറ്റം ഓരോ വര്‍ഷം കൂടുംതോറും വര്‍ധിച്ചുവരികയാണ്

സങ്കീര്‍ണമായ നിയമങ്ങളും നികുതിയുമാണ് ഇന്ത്യയിലെ കോടീശ്വരന്മാരെ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും ചൈനയിലെ കോടീശ്വരന്മാരുടെ കുടിയേറ്റം വര്‍ധിച്ചുവരികയാണ്. അടുത്ത കാലത്തായി ചൈനയിലെ പൊതുസമ്പത്തിന്റെ വളര്‍ച്ച മന്ദഗതിയിലാണ്. അതോടൊപ്പം സംഭവിക്കുന്ന കോടീശ്വന്മാരുടെ കുടിയേറ്റം സമ്പദ് വ്യവസ്ഥയെ മോശമായി ബാധിക്കുമെന്നാണ് കരുതുന്നത്. 2000 മുതല്‍ 2017 വരെ ചൈനയുടെ സമ്പദ്‍വ്യവസ്ഥയില്‍ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് ഇത് മന്ദഗതിയിലായിരുന്നു.

4500 ഓളം വ്യക്തികള്‍ യുഎഇയിലേക്ക് കുടിയേറുമെന്നാണ് കരുതുന്നത്

കുടിയേറാന്‍ ഉദ്ദേശിക്കുന്നവരെല്ലാം ആദ്യം പോകാന്‍ തിരഞ്ഞെടുക്കുന്ന രാജ്യം ഓസ്ട്രേലിയയാണ്. ഏകദേശം 5000 ത്തിലധികം കോടീശ്വരന്മാരെയാണ് ഓസ്ട്രേലിയ ഇത്തവണ പ്രതീക്ഷിക്കുന്നത്. 4,500 ഓളം വ്യക്തികള്‍ യുഎഇയിലേക്ക് കുടിയേറുമെന്നാണ് കരുതുന്നത്. മൂന്നാം സ്ഥാനത്തുള്ള സിംഗപ്പൂര്‍ 3,200 പേരെയാണ് സ്വീകരിക്കാനൊരുങ്ങുന്നത്. 2100 കോടീശ്വരന്മാരെ അമേരിക്കയും പ്രതീക്ഷിക്കുന്നുണ്ട്. സ്വിറ്റ്സര്‍ലന്‍ഡ്, ഗ്രീസ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളും തൊട്ടു പിന്നാലെയുണ്ട്.

ബ്രിട്ടണിലാകട്ടെ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടെ നിക്ഷേപത്തെ ബ്രെക്സിറ്റ് വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്രെക്സിറ്റ് അവതരിപ്പിച്ച സമയത്ത് നിക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു, എന്നാല്‍ ഇപ്പോള്‍ അത് കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അമേരിക്കയിലേക്കും കോടീശ്വരന്മാരുടെ ഒഴുക്ക് കുറയുന്ന ഒരു പ്രവണതയാണ് ഉള്ളത്. കോവിഡിന് മുന്‍പ് ഇത്തരത്തിലുള്ള കുടിയേറ്റത്തിന് വര്‍ധനയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത്രയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉയര്‍ന്ന നികുതിയാകാം പ്രധാന കാരണമെന്നും നിരീക്ഷണമുണ്ട്.

logo
The Fourth
www.thefourthnews.in