മോദിയുടെ പരിപാടിക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; വിവാദമായതോടെ ഉത്തരവ്  പിന്‍വലിച്ചു

മോദിയുടെ പരിപാടിക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചു

ഹിമാചല്‍ പ്രദേശിലെ പ്രധാനമന്ത്രിയുടെ പരിപാടിക്ക് വരുന്ന മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു ഉത്തരവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിമാചല്‍ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് ഹിമാചല്‍ സര്‍ക്കാര്‍. പ്രതിഷേധം ശക്തമായതോടെയാണ് മാണ്ഡി ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചത്. പ്രധാനമന്ത്രിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ മാധ്യമപ്രവര്‍ത്തകരെയും സ്വാഗതം ചെയ്തുകൊണ്ട് ഡിജിപി സഞ്ജയ് കുണ്ടു ട്വീറ്റും ചെയ്തു.

ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു മാണ്ഡി ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. സ്വകാര്യ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമല്ല ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത് ബാധകമാണെന്നായിരുന്നു ഉത്തരവ്.

സെപ്റ്റംബര്‍ 29ന് തന്നെ പോലീസ് ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പും പുറപ്പെടുവിച്ചിരുന്നു. ഫോട്ടോഗ്രാഫര്‍മാരും വീഡിയോ ഗ്രാഫര്‍മാരും ഉള്‍പ്പെടുന്ന ജില്ലയിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരുടെയും പട്ടിക അവരുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നല്‍കാന്‍ ജില്ലാ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. സ്വഭാവ പരിശോധനയുടെ സര്‍ട്ടിഫിക്കറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അല്ലെങ്കില്‍ സിഐഡി ഓഫീസിലോ ഒക്ടോബര്‍ ഒന്നിനകം സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. പ്രധാനമന്ത്രിയുടെ പരിപാടിയിലെ പ്രവേശനം സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഈ ഓഫീസുകള്‍ തീരുമാനിക്കും എന്നുമായിരുന്നു അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി ഉയര്‍ന്നു. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഉത്തരവെന്നായിരുന്നു വിമര്‍ശനം. 22 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനത്തിനിടയില്‍ ഇത്രയും വിചിത്രമായ ആവശ്യത്തിന് താന്‍ ആദ്യമായാണ് സാക്ഷിയാകുന്നത് എന്നായിരുന്നു എഎപി വക്താവ് പങ്കജ് പണ്ഡിതിന്റെ പ്രതികരണം. മോദി ആദ്യമായല്ല ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് അപമാനമാണെന്നും മാധ്യമങ്ങളുടെ പ്രവര്‍ത്തനം തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു. ഹിമാചല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുഖ്യ വക്താവ് നരേഷ് ചൗഹാനും ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഹിമാചല്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചത്.

സെപ്റ്റംബര്‍ 24ന് മാണ്ഡിയില്‍ നടത്താനിരുന്ന മോദിയുടെ റാലിയാണ് മോശം കാലാവസ്ഥയെത്തുടര്‍ന്ന് മാറ്റിവെച്ചത്. ബിലാസ്പൂരിലെ പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതോടൊപ്പം കുളു ദസറ ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും.

logo
The Fourth
www.thefourthnews.in