ഹിന്ദു-മുസ്ലീം വിദ്വേഷം പരത്തി യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുന്നു; കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുല്‍

ഹിന്ദു-മുസ്ലീം വിദ്വേഷം പരത്തി യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുന്നു; കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുല്‍

രാഹുലിന്‍റെ ക്ഷണം സ്വീകരിച്ചാണ് കമല്‍ ഹാസൻ യാത്രയില്‍ പങ്കെടുത്തത്

വർഗീയ വിദ്വേഷം രാജ്യത്തുടനീളം വ്യാപിപ്പിച്ച് ബിജെപി സർക്കാർ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഡല്‍ഹി പര്യടനത്തിലാണ് കേന്ദ്ര സർക്കാരിനെതിരെ രാഹുല്‍ ഗാന്ധിയുടെ വിമർശനം. 24 മണിക്കൂറും ഹിന്ദു-മുസ്ലീം വിദ്വേഷം പരത്തുന്നതിലൂടെ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് സർക്കാർ ശ്രദ്ധ തിരിക്കുകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമർശം.

കന്യാകുമാരി മുതൽ ഡൽഹി വരെ നൂറുകണക്കിന് കിലോമീറ്ററുകൾ നടന്നിട്ടും രാജ്യത്ത് എവിടെയും അക്രമമോ വിദ്വേഷമോ ഞാൻ കണ്ടിട്ടില്ല. എന്നാല്‍ ടിവി തുറന്ന് നോക്കിയാല്‍ കാണുന്നത് മുഴുവൻ അക്രമങ്ങളാണെന്നും രാഹുല്‍ പറഞ്ഞു. യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കുന്നതിന് 24x7 ടെലിവിഷനിലൂടെ ഹിന്ദു-മുസ്ലിം എന്ന പേരിൽ വിദ്വേഷം പ്രചരിപ്പിക്കുന്നു, ഇതാണ് സത്യമെന്നും അദ്ദേഹം ആരോപിച്ചു.

മാധ്യമപ്രവർത്തകർ ഞങ്ങളുടെ സുഹൃത്തുക്കളാണ്, പക്ഷേ അവർ ഒരിക്കലും യാഥാർത്ഥ്യം എന്താണെന്ന് കാണിക്കില്ല. കാരണം അതിന്‍റെ പിന്നാമ്പുറത്ത് ഗൂഢാലോചന നടക്കുകയാണ്. എന്നാൽ ഈ രാജ്യം ഒന്നാണ്, എല്ലാവരും സൗഹാർദത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു. രാജ്യം ഭരിക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാരല്ല അംബാനി, അദാനി സര്‍ക്കാരാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മക്കള്‍ നീതി മയ്യം പാർട്ടിയുടെ സ്ഥാപകന്‍ കൂടിയായ നടന്‍ കമലഹാസന്‍ പങ്കെടുത്ത വേദിയിലാണ് കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെയുള്ള രാഹുലിന്‍റെ രൂക്ഷവിമർശനം.

ഐടിഒ മുതല്‍ ചെങ്കോട്ട വരെയുള്ള മൂന്നര കിലോമീറ്റര്‍ ദൂരം രാഹുലിനൊപ്പം സഞ്ചരിച്ചാണ് കമല്‍ ഹാസനും യാത്രയുടെ ഭാഗമായത്. കമലിനൊപ്പം മക്കള്‍ നീതി മയ്യം നേതാക്കളും യാത്രയില്‍ പങ്കെടുത്തു. ചെങ്കോട്ടയില്‍ നടന്ന പൊതുയോഗത്തിലും കമല്‍ ഹാസന്‍ സംസാരിച്ചു. രാഹുലിന്‍റെ ക്ഷണം സ്വീകരിച്ചാണ് കമല്‍ യാത്രയില്‍ പങ്കെടുത്തത്. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യവുമായി കൈകോര്‍ക്കാന്‍ കമല്‍ഹാസന്‍ നീക്കങ്ങള്‍ നടത്തുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയില്‍ കമല്‍ പങ്കെടുത്തതെന്നും ശ്രദ്ധേയമാണ്.

ഞാനിവിടെ എത്തിയത് ഒരു ഇന്ത്യക്കാരനായാണ്

കമല്‍ഹാസന്‍

രാജ്യത്തെ ഭിന്നിപ്പിക്കാനല്ല ഒന്നിപ്പിക്കാനാണ് എല്ലാവരും സഹായിക്കേണ്ടതെന്നും രാജ്യത്തിന് തന്നെ ആവശ്യമുള്ള സമയമാണിതെന്ന് മനസിലാക്കിയാണ് ഭാരത് ജോഡോയുടെ ഭാഗമായതെന്നും കമല്‍ഹാസൻ പറഞ്ഞു. ഞാനിവിടെ എത്തിയത് ഒരു ഇന്ത്യക്കാരനായാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശനിയാഴ്ച രാവിലെ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും യാത്രയ്‌ക്കൊപ്പം ചേര്‍ന്നിരുന്നു. 100 ദിവസത്തിലേറെ പിന്നിട്ട യാത്രയില്‍ രണ്ടാം തവണയാണ് സോണിയ പങ്കെടുക്കുന്നത്.

നേരത്തെ ഒക്ടോബറില്‍ യാത്ര കര്‍ണാടകയില്‍ എത്തിയപ്പോഴാണ് സോണിയ രാഹുലിനൊപ്പം യാത്രയുടെ ഭാഗമായത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, ജയ്‌റാം രമേശ്, പവന്‍ ഖേര, ഭൂപീന്ദര്‍ സിങ് ഹൂഡ, കുമാരി ഷെല്‍ജ, രണ്‍ദീപ് സുര്‍ജേവാല തുടങ്ങിയ നേതാക്കളും ശനിയാഴ്ച രാജ്യതലസ്ഥാനത്ത് ജോഡോ യാത്രയില്‍ അണിചേർന്നിരുന്നു.

ഹിന്ദു-മുസ്ലീം വിദ്വേഷം പരത്തി യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുന്നു; കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുല്‍
കോവിഡ് മാര്‍ഗനിര്‍ദേശം പാലിക്കുക, അല്ലെങ്കില്‍ ജോഡോ യാത്ര മാറ്റിവെയ്ക്കുക; രാഹുലിന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ കത്ത്

അതേസമയം ഭാരത് ജോഡോ യാത്ര തടയാനായി കേന്ദ്ര സർക്കാർ ഓരോ കാര്യങ്ങള്‍ ഉന്നയിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി രാഹുലിന് കത്തയച്ച സാഹചര്യത്തിലായിരുന്നു പ്രതികരണം. സെപ്റ്റംബർ 7ന് കന്യാകുമാരിയില്‍ തുടങ്ങി 3,750 കിലോമീറ്റർ സഞ്ചരിച്ച് 12 സംസ്ഥാനങ്ങളിലൂടെ കശ്മീരിലെത്തിയാണ് ഭാരത് ജോഡോ യാത്ര അവസാനിക്കുന്നത്. ഇതുവരെ ഡൽഹി, ഹരിയാന, തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലൂടെ കടന്നുപോയി.

logo
The Fourth
www.thefourthnews.in