ബലിപെരുന്നാളിന്റെ ഭാഗമായുള്ള മൃഗബലി തടഞ്ഞു; തെലങ്കാനയിൽ മദ്രസയ്ക്ക് നേരെ ആക്രമണം, നിരവധി പേർക്ക് പരുക്ക്

ബലിപെരുന്നാളിന്റെ ഭാഗമായുള്ള മൃഗബലി തടഞ്ഞു; തെലങ്കാനയിൽ മദ്രസയ്ക്ക് നേരെ ആക്രമണം, നിരവധി പേർക്ക് പരുക്ക്

മിറാജ് ഉൽ ഉലൂം മദ്രസ മാനേജ്‌മെൻ്റ് ബക്രീദിന് ബലിയർപ്പിക്കാനായിരുന്നു കന്നുകാലികളെ വാങ്ങിയത്. തൊട്ടുപിന്നാലെ മദ്രസയ്ക്ക് ചുറ്റും ഒരു ജനക്കൂട്ടം തടിച്ചുകൂടി പ്രതിഷേധം ആരംഭിച്ചു

തെലങ്കാനയിലെ മേദക് ജില്ലയിൽ മദ്രസയ്ക്ക് നേരെ തീവ്ര ഹിന്ദു വലതുപക്ഷ സംഘത്തിന്റെ ആക്രമണം. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വലിയപെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി മിൻഹാജ് ഉൽ ഉലൂം മദ്രസയിൽനിന്ന് കന്നുകാലികളെ കൊണ്ടുപോകാൻ ശ്രമിക്കവേ ഒരു സംഘം വാഹനം തടയുകയും സംഘർഷം ഉടലെടുക്കുകയുമായിരുന്നു. ഏകദേശം നാലുപേർക്ക് സംഭവത്തിൽ പരുക്കേറ്റതായാണ് റിപ്പോർട്ട്.

മിറാജ് ഉൽ ഉലൂം മദ്രസ മാനേജ്‌മെൻ്റ് ബക്രീദിന് ബലിയർപ്പിക്കാനായിരുന്നു കന്നുകാലികളെ വാങ്ങിയത്. തൊട്ടുപിന്നാലെ മദ്രസയ്ക്ക് ചുറ്റും ജനക്കൂട്ടം തടിച്ചുകൂടി പ്രതിഷേധം ആരംഭിച്ചു. അവിടെനിന്ന് കന്നുകാലികളെ മാറ്റാൻ ശ്രമിക്കവേ മദ്രസയ്ക്ക് സമീപത്തുവച്ചുതന്നെ തീവ്ര ഹിന്ദു വലതുപക്ഷ സംഘം വാഹനം തടഞ്ഞു. അതോടെ ഹിന്ദു-മുസ്ലിം യുവാക്കൾ ചേരിതിരിഞ്ഞ് കല്ലേറ് ആരംഭിച്ചു. പിന്നീട് ഒരുമണിക്കൂറിന് ശേഷം വീണ്ടുമെത്തിയ ഒരുകൂട്ടം ആളുകൾ മദ്രസയ്ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ജനക്കൂട്ടം വടികളുമായി വരുന്നതും ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ ഉയർത്തി കാറുകളും മറ്റ് വസ്തുവകകളും ആക്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മദ്രസയ്ക്കുള്ളിൽ ഉണ്ടായിരുന്ന ചിലർക്ക് പരുക്കേൽക്കുകയും അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ചികിത്സ നടക്കുന്നതിനിടെ ആശുപത്രിയും തീവ്ര ഹിന്ദു വലതുപക്ഷ സംഘം അടിച്ചുതകർത്തു. ലാത്തിചാർജിലൂടെയാണ് ഒടുവിൽ ജനക്കൂട്ടത്തെ പോലീസ് പിരിച്ചുവിട്ടത്.

മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ രണ്ട് സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി പോലീസ് അറിയിച്ചു. സംഘർഷത്തിൽ ഇരുവിഭാഗങ്ങളിലെയെയും രണ്ടുപേർക്ക് പരുക്കേറ്റു. കൂടാതെ, എട്ട് പേരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതായി മേദക്ക് എസ്പി ബി ബാല സ്വാമി പറഞ്ഞു. ആറ് പേർ ഹിന്ദുക്കളും രണ്ട് പേർ മുസ്ലീങ്ങളുമാണ്. പ്രതികൾക്ക് രാഷ്ട്രീയ ബന്ധമുണ്ടോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്നും അക്രമ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒളിവിലുള്ളവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും എസ്പി പറഞ്ഞു.

ബലിപെരുന്നാളിന്റെ ഭാഗമായുള്ള മൃഗബലി തടഞ്ഞു; തെലങ്കാനയിൽ മദ്രസയ്ക്ക് നേരെ ആക്രമണം, നിരവധി പേർക്ക് പരുക്ക്
ബീഫ് വീട്ടിൽ സൂക്ഷിച്ചുവെന്നാരോപിച്ച് വീടുകൾ ഇടിച്ചുനിരത്തി; മധ്യപ്രദേശിൽ 'ബുൾഡോസർ രാജിന്' ഇരകളായി മുസ്ലിം കുടുംബങ്ങള്‍

നിലവിൽ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ മേഖലയിൽ പോലീസ് പരിശോധനയും കർശനമാക്കിയിട്ടുണ്ട്. മേദക് പോലീസ് സ്റ്റേഷന് സമീപമുള്ള അസ്ഥിരോഗ ആശുപത്രി, ഹിന്ദു വാഹിനിയുടെയും ഭാരതീയ ജനതാ പാർട്ടിയുടെയും അംഗങ്ങൾ വളഞ്ഞതായി കർവാൻ എംഎൽഎ കൗസർ മൊഹിയുദ്ദീൻ പറഞ്ഞു. മുസ്ലിം കടകളും സ്ഥാപനങ്ങളും ആൾക്കൂട്ടം പ്രത്യേകമായി ലക്ഷ്യമിട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in