പാര്‍ലമെന്റില്‍ സ്ഥാപിക്കുന്നത് അന്ന് നെഹ്‌റു ഏറ്റുവാങ്ങിയ ചെങ്കോല്‍
ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് ബിജെപി സര്‍ക്കാര്‍. പാര്‍ലമെന്റ് മന്ദിരത്തില്‍ അധികാരത്തിന്റെ മുദ്രയായാണ് ചെങ്കോല്‍ സ്ഥാപിക്കുന്നതെന്നാണ് അമിത് ഷാ യുടെ പ്രഖ്യാപനം. മെയ് 28 ന് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിക്കുക. ഏതാണ് ആ ചെങ്കോല്‍? എന്താണ് അതിന്റെ ചരിത്രം? സ്വാതന്ത്ര്യാനന്തര ജനാധിപത്യ ഇന്ത്യയുമായി ചെങ്കോലിന് ചെറുതല്ലാത്ത ബന്ധമുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ അധികാര കൈമാറ്റത്തിനെ സൂചിപ്പിക്കുന്ന ചെങ്കോല്‍ ബ്രിട്ടന്റെ ഇന്ത്യയിലെ അവസാന വൈസ്രോയിയാ മൗണ്ട് ബാറ്റന്‍ പ്രഭുവില്‍ നിന്നും ജവഹര്‍ലാല്‍ നെഹറുവാണ് ഏറ്റുവാങ്ങിയത്. പിന്നീട് അത് അലഹബാദ് മ്യൂസിയത്തിലേക്ക് മാറ്റുകയായിരുന്നു.
ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്നും ഇന്ത്യ മോചനം നേടിയതിന്റെ അടയാളം
ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവിന്റെ ചോദ്യമാണ് യഥാർഥത്തിൽ ചെങ്കോലിന്റെ പിറവിയിലേക്ക് നയിച്ചത്. ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടുമെന്നത് തീര്‍ച്ചയായ സമയത്ത് മൗണ്ട് ബാറ്റന്‍ പ്രഭു അധികാര കൈമാറ്റത്തിനായി നടത്തേണ്ട ചടങ്ങെന്താണെന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിനോട് ആരാഞ്ഞു.
പിന്നീട് നെഹറുവും സി. രാജഗോപാലാചാരിയും തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് തമിഴ് ചോള രാജവംശത്തിന്റെ പാരമ്പര്യപ്രകാരം അധികാരം കൈമാറാനായി ഉപയോഗിക്കുന്ന ചെങ്കോല്‍ ബ്രിട്ടീഷുകാരില്‍ നിന്നുള്ള അധികാരകൈമാറ്റത്തിനായി ഉപയോഗിക്കാമെന്ന തീരുമാനമുണ്ടായത്.

മദ്രാസ് പ്രസിഡന്‍സിയിലെ പ്രമുഖ വ്യാപാരിയായ വുമ്മിഡി ബെങ്കാരു ചെട്ടിയാണ് ചെങ്കോല്‍ ഡിസൈന്‍ ചെയ്തത്. ചെങ്കോല്‍ നിര്‍മ്മിച്ച വുമ്മിഡി എന്തിരാജുലു, വുമ്മിഡി സുധാകര്‍ എന്നീ സ്വര്‍ണപ്പണിക്കാര്‍ ചെന്നൈയില്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. തമിഴ് ആചാരപ്രകാരം നെഹറുവിന്റെ വീട്ടില്‍ വച്ചാണ് ചെങ്കോല്‍ കൈമാറ്റം നടത്തിയത്.
നിലവില്‍ അലഹബാദിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചരിത്രപ്രാധാന്യമുള്ള ചെങ്കോല്‍ സ്പീക്കറുടെ കസേരയ്ക്കു താഴെ സ്ഥാപിക്കുമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചത്. ''രാജ്യത്തിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ് ചെങ്കോല്‍. ചോള രാജവംശത്തിന്റെ കാലം മുതല്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്. ഇത് സ്ഥാപിക്കുന്നതിന്റെ ഉദ്ദേശ്യം അന്നും ഇന്നും വ്യക്തമാണ്. ബ്രിട്ടീഷുകാരില്‍ നിന്ന് അധികാരം ഏറ്റുവാങ്ങിയ അന്ന് ജവാഹര്‍ലാല്‍ നെഹ്റുവിന് തോന്നിയ വികാരമാണ് ചെങ്കോല്‍ പ്രതിഫലിപ്പിക്കുന്നത്'' - അമിത് ഷാ പറഞ്ഞു.