ഡല്‍ഹിയിലെ വൈദ്യുതി സബ്‌സിഡി ഒരു വര്‍ഷത്തേക്ക് കൂടി; ഫയലില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന ഒപ്പിട്ടു

ഡല്‍ഹിയിലെ വൈദ്യുതി സബ്‌സിഡി ഒരു വര്‍ഷത്തേക്ക് കൂടി; ഫയലില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന ഒപ്പിട്ടു

തിങ്കളാഴ്ച മുതല്‍ എല്ലാവര്‍ക്കും സബ്‌സിഡിയില്ലാത്ത ബില്ലുകള്‍ ലഭിച്ചുതുടങ്ങുമെന്നായിരുന്നു വൈദ്യുതി മന്ത്രി അറിയിച്ചിരുന്നത്. പിന്നാലെ ഗവര്‍ണര്‍ ഫയലില്‍ ഒപ്പിട്ടതോടെ കാര്യങ്ങൾ മാറിമറിഞ്ഞു

ഡല്‍ഹി വൈദ്യുതി സബ്‌സിഡി അവസാനിപ്പിക്കുകയാണെന്ന വൈദ്യുതി മന്ത്രി അതീഷിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഫയലില്‍ ഒപ്പിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന. ലഫ്റ്റനന്റ് ഗവര്‍ണര്‍ ഒപ്പിടാത്തത് കാരണം വൈദ്യുതി സബ്‌സിഡി ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പദ്ധതി നിര്‍ത്തിവയ്ക്കുകയാണെന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നത്.

'സര്‍ക്കാര്‍ 46 ലക്ഷം ആളുകള്‍ക്കായി നല്‍കിക്കൊണ്ടിരുന്ന സബ്‌സിഡി നിര്‍ത്തലാക്കുകയാണ്, തിങ്കളാഴ്ച മുതല്‍ എല്ലാവര്‍ക്കും സബ്‌സിഡിയില്ലാത്ത ബില്ലുകള്‍ ലഭിച്ചുതുടങ്ങുമെന്നായിരുന്നു വൈദ്യുതി മന്ത്രി അറിയിച്ചിരുന്നത്.

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു ഗവര്‍ണറുടെ ഓഫീസ് അറിയിച്ചത്. ഫയല്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ഏപ്രില്‍ 15 ആയിരിക്കെ ഫയലുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ഏപ്രില്‍ നാല് വരെ വൈകിയതെന്താണെന്നും ഫയല്‍ തന്റെ ഓഫീസിലേയ്ക്കയക്കാന്‍ ഏപ്രില്‍ 11 ആയതിന്റെ കാരണമെന്തെന്നുമായിരുന്നു ഗവര്‍ണര്‍ ചോദിച്ചിരുന്നത്. തെറ്റായ പ്രസ്താവനകളിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സക്‌സേന പറഞ്ഞു. വൈദ്യുതി സബ്‌സിഡിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സക്‌സേനയുമായി അഞ്ച് മിനിറ്റ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും 24 മണിക്കൂറിലധികമായി മറുപടി ലഭിച്ചിട്ടില്ലെന്ന് അതീഷി കുറ്റപ്പെടുത്തിയിരുന്നു പിന്നാലെയാണ് ഗവര്‍ണര്‍ ഫയല്‍ അംഗീകരിച്ചത്.

സര്‍ക്കാരിന് സബ്‌സിഡി നല്‍കാനുള്ള പണമുണ്ട് എന്നാല്‍ അത് ചെലവഴിക്കാനുള്ള അനുമതിയില്ലെന്നായിരുന്നു അതീഷി ആരോപിച്ചത്. സര്‍ക്കാര്‍ പദ്ധതി പ്രകാരം, കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതിയും അഭിഭാഷകര്‍ക്ക് വൈദ്യുതി സബ്‌സിഡിയും ലഭിക്കുന്നുണ്ട്. പ്രതിമാസം 200 യൂണിറ്റ് വരെയുള്ള ഗാര്‍ഹിക വൈദ്യുതി ഉപഭോഗം സൗജന്യമാണ്. അതേസമയം പ്രതിമാസ ഉപഭോഗം 201 മുതല്‍ 400 യൂണിറ്റ് വരെയുള്ള ഉപയോക്താക്കള്‍ക്ക് പദ്ധതി പ്രകാരം 50 ശതമാനം സബ്‌സിഡി 850 രൂപയായി നല്‍കും.

അപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമേ വൈദ്യുതി സബ്‌സിഡി നല്‍കൂ എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 58 ലക്ഷത്തിലധികം ഗാര്‍ഹിക ഉപഭോക്താക്കളില്‍ 48 ലക്ഷത്തിലധികം പേര്‍ വൈദ്യുതി സബ്‌സിഡിക്കായി അപേക്ഷിച്ചിട്ടുണ്ട്. 2023-24 ലെ ബജറ്റില്‍ വൈദ്യുതി സബ്‌സിഡിക്കായി ആംആദ്മി സര്‍ക്കാര്‍ 3,250 കോടി രൂപയും അനുവദിച്ചിരുന്നു.

logo
The Fourth
www.thefourthnews.in