വിവാഹാഭ്യ‌ർഥന നിരസിച്ച
പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചു; യുവാവിന്റെ വീട് ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത് സര്‍ക്കാര്‍

വിവാഹാഭ്യ‌ർഥന നിരസിച്ച പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചു; യുവാവിന്റെ വീട് ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത് സര്‍ക്കാര്‍

സര്‍ക്കാര്‍ നടപടി മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ

മധ്യപ്രദേശിൽ വിവാഹാഭ്യ‌ർഥന നിരസിച്ചതിന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച യുവാവിന്റെ വീട് ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത് സര്‍ക്കാര്‍. നടുറോഡിലെ മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. പ്രതിയായ 24കാരനായ പങ്കജ് ത്രിപാഠിയെ പോലീസ് മിര്‍സാപൂരില്‍ നിന്ന് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. വിവാഹാഭ്യ‌ർഥന നിരസിച്ചതിന് പങ്കജ് പത്തൊന്‍പതുകാരിയെ അതിക്രൂരമായി മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടുകയുമായിരുന്നു.

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നിർദേശ പ്രകാരം വീട് ഇടിച്ചു നിരത്താനായി ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ അയയ്ക്കുകയും പോലീസ് സന്നാഹത്തോടെ വീട് പൂര്‍ണമായും പൊളിക്കുകയും ചെയ്തു. ഡ്രൈവിങ്ങിലൂടെ ഉപജീവനം കണ്ടെത്തിയിരുന്ന പങ്കജിന്റെ ലൈസന്‍സും പോലീസ് റദ്ദാക്കി. വീഡിയോയില്‍ അടിയേറ്റ യുവതി ബോധരഹിതയായി കിടക്കുന്നത് കാണാം. നാട്ടുകാരാണ് പിന്നീട് ഇവരെ ആശുപത്രിയിലെത്തിച്ചത്.

വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് മര്‍ദിക്കാന്‍ കാരണമെന്ന് യുവാവ് മൊഴി നല്‍കിയതായി സബ് ഡിവിഷണൽ പോലീസ് ഓഫീസർ നവീൻ ദുബെ പറഞ്ഞു. സെക്ഷൻ 323 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മര്‍ദനമേറ്റ യുവതി ആശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്. മൊബൈലിൽ മര്‍ദനത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും പൊലീസ് ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. പങ്കജിനെതിരെ തുടക്കത്തില്‍ കേസെടുക്കാത്തതിന് ഒരു പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു.

logo
The Fourth
www.thefourthnews.in