ഒവൈസിയെ കൊണ്ട് ബിജെപിയ്ക്കുള്ള പ്രയോജനം:
ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്

ഒവൈസിയെ കൊണ്ട് ബിജെപിയ്ക്കുള്ള പ്രയോജനം: ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്

കഴിഞ്ഞ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് പോലെ ഇത്തവണയും ഫലത്തിൽ ബിജെപിയ്ക്കാണ് ഒവൈസിയെകൊണ്ട് പ്രയോജനം ഉണ്ടായത്

2024ന്റെ സെമിഫൈനലുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരഞ്ഞൈടുപ്പുകള്‍ നടക്കുന്ന സമയമാണിത്. കഴിഞ്ഞദിവസം വിവിധ സംസ്ഥാനങ്ങളിലായി ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളാണ് നടന്നത്. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നു. അത് കഴിഞ്ഞ് രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ വലിയ സംസ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. രാജ്യം എങ്ങനെ ചിന്തിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പുകള്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പൊതുവില്‍ വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന സൂചനകള്‍ എന്താണ്? ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപി വിജയിച്ചു. ഇതില്‍ മൂന്നും ബിജെപിയുടെ സിറ്റിങ് സീറ്റുകള്‍ ആയിരുന്നു. എന്നാല്‍ അതിലപ്പുറം ചില സൂചനകള്‍ ഈ തിരഞ്ഞെടുപ്പുകള്‍ നല്‍കുന്നുണ്ട്.

ബിഹാറില്‍ രണ്ട് മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഗോപാല്‍ ഗഞ്ചിലും മൊകാമയിലും. ഗോപാല്‍ ഗഞ്ചില്‍ ബിജെപിയും മൊകാമയില്‍ ആര്‍ജെഡിയും വിജയിച്ചു. ഗോപാല്‍ ഗഞ്ചില്‍ കഴിഞ്ഞ തവണ 36,752 വോട്ടുകള്‍ക്കായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി സുഭാഷ് സിങ് വിജയിച്ചത്. എന്നാല്‍ ഇത്തവണ ഭൂരിപക്ഷം 1794 ആയി കുറഞ്ഞു. ഇതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കാരണം അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം 12,214 വോട്ടുകളാണ് ഈ മണ്ഡലത്തില്‍ പിടിച്ചത്. ബിഎസ്പിയ്ക്ക് 8854 വോട്ടുകളും ലഭിച്ചു. അതായത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നിരുന്നുവെങ്കില്‍ ഗോപാല്‍ ഗഞ്ചില്‍ ബിജെപി തോല്‍ക്കുമെന്നാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ പാര്‍ട്ടിയ്ക്ക് അഞ്ച് സീറ്റുകളാണ് ലഭിച്ചത്. നിരവധി സീറ്റുകളില്‍ അവരുടെ സാന്നിധ്യം മൂലം ആര്‍ജെഡിയ്ക്ക് പരാജയം ഏല്‍ക്കേണ്ടിവരികയും ചെയ്തു. ഒവൈസി ബിജെപിയുടെ ബി ടീമാണെന്ന ആരോപണം അന്ന് തന്നെ പലരും ഉന്നയിച്ചിരുന്നു. ഒവൈസിയുടെ പാര്‍ട്ടിയില്‍നിന്ന് ജയിച്ച് എംഎല്‍എ ആയവരില്‍ നാലുപേര്‍ പിന്നീട് ആര്‍ ജെഡിയില്‍ ചേര്‍ന്നുവെന്നത് മറ്റൊരു കാര്യം.

ഇതില്‍നിന്ന് വ്യത്യസ്തമാണ് തെലങ്കാനയിലെ കാര്യം. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റിലായിരുന്നു മത്സരം. ഇവിടെ ത്രികോണ മത്സരം നടന്നു. കര്‍ണാടകയ്ക്ക് ശേഷം ബിജെപി തെക്കെ ഇന്ത്യയില്‍ ലക്ഷ്യമിടുന്ന സംസ്ഥാനമാണ് തെലങ്കാന. അതുകൊണ്ട് വാശിയേറിയ പോരാട്ടമായിരുന്നു. ദേശീയ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൊണ്ടുനടക്കുന്ന ടി ആര്‍ എസ് നേതാവ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് അഭിമാനപ്രശ്മനമായിരുന്നു തിരഞ്ഞെടുപ്പ്. അദ്ദേഹം മനുഗോഡയില്‍ ഇടതുപക്ഷത്തിന്റെ പിന്തുണ കൂടി ഉറപ്പാക്കി. ഫലമോ 2169ന്റെ നേരിയ ഭൂരിപക്ഷത്തില്‍ ടിആര്‍എസ് വിജയിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കാത്തതാണ് ബിജെപിയ്ക്ക് പലയിടങ്ങളിലും വിജയിക്കാന്‍ കാരണമെന്നാണ് തെലങ്കാനയും ബിഹാറും തെളിയിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്ക് വലിയ സ്വീകരണം ലഭിച്ച തെലങ്കാനയില്‍ പക്ഷെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച പണം കിട്ടിയില്ലെന്നത് മറ്റൊരു കാര്യം. സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസിന് കെട്ടിവെച്ച തുക പോലും തെലങ്കാനയില്‍ കിട്ടിയില്ല.

logo
The Fourth
www.thefourthnews.in