മനീഷ് സിസോദിയയുടെ അഭാവം; കെജ്‌രിവാൾ സർക്കാർ
കടുത്ത വെല്ലുവിളിയിൽ

മനീഷ് സിസോദിയയുടെ അഭാവം; കെജ്‌രിവാൾ സർക്കാർ കടുത്ത വെല്ലുവിളിയിൽ

കെജ്‌രിവാൾ സർക്കാരിൻ്റെ ബജറ്റ് തുടർച്ചയായി അവതരിപ്പിക്കുന്നതും 18 സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തുവന്നതും സിസോദിയയാണ്.

മദ്യനയ അഴിമതിയിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായതോടെ തലസ്ഥാനത്തെ രാഷ്ട്രീയം ഏറെ ചർച്ചചെയ്യപെടുകയാണ്. ഇന്ത്യയുടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സിസോദിയയുടെ അറസ്റ്റ് കേന്ദ്രത്തിൻ്റെ വേട്ടയാടൽ ആണെന്ന ആരോപണവും ശക്തമാണ്. അതിനിടെ സിസോദിയയ്‌ക്കെതിരായ അഴിമതി ആരോപണങ്ങളെ ആം ആദ്മി പാർട്ടിയും (എഎപി) ബിജെപിയും രാഷ്ട്രീയമായി നേരിടുകയാണ്. എന്നാൽ, രാഷ്ട്രീയത്തിനപ്പുറം ഡൽഹി സർക്കാരിൽ സിസോദിയയുടെ വിടവ് നികത്തുകയെന്നത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കടുത്ത വെല്ലുവിളിയാകും.

ഡൽഹി സർക്കാരിൻ്റെ 18 പ്രധാന വകുപ്പുകൾ സിസോദിയ ഒറ്റയ്‌ക്കാണ് കൈകാര്യം ചെയ്തിരുന്നത്. മറ്റ് നാല് മന്ത്രിമാർ ചേർന്ന് 14 വകുപ്പുകളാണ് നോക്കുന്നത് . ഈ വിഷയത്തേക്കാൾ കെജ്‌രിവാൾ സർക്കാരിൻ്റെ ഏറ്റവും പ്രധാനപ്പെട്ടതും അടിയന്തിരവുമായ വെല്ലുവിളികളിലൊന്ന് വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുകയെന്നതാണ്. കാരണം 2015 മുതൽ അരവിന്ദ് കെജ്‌രിവാൾ സർക്കാരിൻ്റെ തുടർച്ചയായ എട്ട് ബജറ്റുകൾ അവതരിപ്പിച്ചത് സിസോദിയയാണ്. 2015ൽ രാജ്യതലസ്ഥാനത്ത് എഎപി അധികാരത്തിലെത്തുമ്പോൾ വലിയ വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. അന്ന് സർക്കാരിൻ്റെ മുഖമായ ഡൽഹി മോഡലിന് അടിത്തറപാകിയത് സിസോദിയ ആയിരുന്നു.

സിസോദിയ അവതരിപ്പിച്ച ബജറ്റ് വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ കൂടുതൽ ഊന്നൽ നൽകിയിരുന്നു. ഈ രണ്ട് വകുപ്പുകൾക്കും റെക്കോർഡ് വിഹിതം നൽകുന്നതിനു പുറമേ, സൗജന്യമായി സേവനങ്ങൾ സാധാരണക്കാരനിൽ എത്തിക്കുന്നതിലും സിസോദിയ പ്രത്യേകം ശ്രദ്ധിച്ചു. സൗജന്യ വൈദ്യുതിയും വെള്ളവും കൂടാതെ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര സൗകര്യവും എ എ പി സർക്കാർ ഒരുക്കി. ഇത്തരത്തിൽ ജനപ്രിയ പദ്ധതികളിലൂടെ എഎപി സമൂഹത്തിലെ എല്ലാവിഭാഗങ്ങൾക്കിടയിലും എത്തുകയും അവയെ വോട്ട് ബാങ്കാക്കി മാറ്റി തുടർച്ചയായി അധികാരത്തിലേറുകയും ചെയ്തു.

അതേസമയം സബ്‌സിഡികൾ കൂടുതൽ നൽകുന്ന ബജറ്റാണെങ്കിലും ധനസമാഹരണത്തിലും സിസോദിയ പ്രത്യേകം ശ്രദ്ധപുലർത്തിയിരുന്നു. 2021-ൽ സിസോദിയ അവതരിപ്പിച്ചത് ഹരിത ബജറ്റായിരുന്നു. 2022-ൽ വിവിധ പദ്ധതികളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ നയം. ഈ വർഷത്തെ ബജറ്റ് തയ്യാറാക്കാനും അദ്ദേഹം യോഗങ്ങൾ നടത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ അഭാവത്തിൽ അന്തിമ മിനുക്കുപണികൾ ചെയ്യുകയെന്നത് വലിയ വെല്ലുവിളിയാകും.മനീഷ് സിസോദിയ പല പ്രധാന വകുപ്പുകളും കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പ് അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. വകുപ്പുമായി ബന്ധപ്പെട്ട സ്കീമുകൾ തയ്യാറാക്കുന്നതിൽ സിസോദിയ പ്രത്യേക മികവും പുലർത്തിയിരുന്നു.

സ്‌കൂൾ ഓഫ് എക്‌സലൻസ്, സർക്കാർ സ്‌കൂളുകൾക്കായുള്ള രക്ഷാകർതൃ അധ്യാപക മീറ്റിംഗുകൾ, കുട്ടികളുടെ പഠന പ്രക്രിയ ശക്തിപ്പെടുത്തുന്നതിനുള്ള ബുനിയാദ് പദ്ധതി തുടങ്ങി നിരവധി പുതിയ പ്രൊജക്റ്റുകളും അവയിൽ ഉൾപ്പെടുന്നു. അധ്യാപകർക്കുള്ള പരിശീലന സെഷനുകൾ രൂപപ്പെടുത്തുന്നതിലും സർക്കാർ സ്കൂളുകളിൽ പുതിയ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലും മന്ത്രിയുടെ ഇടപെടൽ നിർണായകമാണ് . അതിനാൽ ഡൽഹിയിലെ വിദ്യാഭ്യാസ വകുപ്പിൻ്റെ നട്ടെല്ല് സിസോദിയ ആണെന്ന് തന്നെ പറയാം.

തലസ്ഥാന നഗരത്തിലെ ഏകദേശം 1,200 കിലോമീറ്റർ നീളമുള്ള റോഡുകൾ നോക്കേണ്ട ചുമതല പിഡബ്ല്യുഡി വകുപ്പിനാണ്. ഇവയാണ് ഡൽഹിലെ മിക്ക പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നത്. ജി-20 ഉച്ചകോടിക്ക് ഡൽഹി ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിൽ നവീകരണവും സൗന്ദര്യവൽക്കരണവും വളരെ പ്രധാനമാണ്. ആശ്രാമം മേൽപ്പാലം പോലെയുള്ള പല ഭാഗങ്ങളും നിർമ്മാണത്തിലാണ്. ഇതിനിടയിൽ സിസോദിയയുടെ അറസ്റ്റും തൊട്ടുപിന്നാലെയുണ്ടായ പ്രതിഷേധങ്ങളും പദ്ധതികളെ മന്ദഗതിയിലാക്കും. ഇത് രാജ്യത്തിന് ഏറെ അഭിമാനകരമായ അന്താരാഷ്ട്ര ഇവൻ്റിനുള്ള ഒരുക്കങ്ങളെ അപകടത്തിലാക്കും.

ആം ആദ്മി സർക്കാരിന് കീഴിലുള്ള പ്രധാനപ്പെട്ട മറ്റൊരു വകുപ്പാണ് നഗരവികസന വകുപ്പ്. ഡൽഹിയിലെ അനധികൃത കോളനികളിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ മേൽനോട്ടം ഈ വകുപ്പിൻ്റെ പരിധിയിലുള്ളതാണ്. തലസ്ഥാനത്തെ ജനസംഖ്യയുടെ 60 ശതമാനത്തിലധികം ഇത്തരം കോളനികളിലാണ് താമസിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. ഈ കോളനികൾ കൂടാതെ, ചേരി മാറ്റി സ്ഥാപിക്കലും പുനർവികസനവും, മലിനീകരണം കുറയ്ക്കുന്നതിന് വേണ്ടിയുള്ള യമുന ശുചീകരണ പദ്ധതികളും വകുപ്പിന് കീഴിലാണ്. ജി-20 മീറ്റിംഗിന് മുന്നോടിയായി എല്ലാ പണികളും വേഗത്തിൽ തീർപ്പാക്കണമെന്നായിരുന്നു ഡൽഹി സർക്കാരിൻ്റെ ലക്ഷ്യം. എന്നാൽ ഉപമുഖ്യമന്ത്രിയുടെ അറസ്റ്റ് ഇത്തരം പ്രവർത്തങ്ങളെ വരെ സാരമായി ബാധിച്ചു.

മേയ് 2022ൽ മന്ത്രി സത്യേന്ദ്ര ജെയിൻ അറസ്റ്റിലായതിന് ശേഷം അദ്ദേഹത്തിൻ്റെ എല്ലാ വകുപ്പുകളും സിസോദിയയ്ക്ക് കൈമാറിയിരുന്നു. പ്രധാന പദ്ധതികളും സുപ്രധാന നയ തീരുമാനങ്ങളും എടുക്കേണ്ടി വരുന്ന ആരോഗ്യ മേഖലയടക്കം ഇതോടെ സിസോദിയയുടെ കൈകളിൽ എത്തുകയായിരുന്നു. കെജ്‌രിവാൾ സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നാണ് മൊഹല്ല ക്ലിനിക്ക് പദ്ധതി. സത്യേന്ദ്ര ജെയിൻ വിഭാവനം ചെയ്ത പദ്ധതി പിന്നീട് സിസോദിയയാണ് നടപ്പിലാക്കിയത്.നിരവധി പുതിയ ആശുപത്രികളുടെ പ്രോജക്ടുകളും, പൈപ്പ് ലൈനും ഇതിൽ ഉൾപ്പെടുന്നു. അതേസമയം കോവിഡിന് ശേഷമുള്ള തയ്യാറെടുപ്പുകളും പ്രധാനമാണ്. കിടക്കകളുടെ ശേഷി നിരവധി ആശുപത്രികളിൽ വർധിപ്പിച്ചിട്ടുണ്ട്.

ഡൽഹി പോലീസ്, തിഹാർ ജയിൽ, ഡൽഹി ഫയർ സർവീസസ് എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകൾ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പാണ് ജെയിൻ നേതൃത്വം നൽകുന്ന മറ്റൊരു വകുപ്പ്. ഈ സാഹചര്യത്തിൽ, മനീഷ് സിസോദിയയുടെ അഭാവം വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത് .സത്യേന്ദ്ര ജെയിൻ്റെ വിടവ് നികത്തിയത് പോലെ ഡൽഹി സർക്കാരിന് സിസോദിയയുടെ വിടവ് നികത്താനാകില്ല. സിസോദിയയുടെ വകുപ്പുകൾ ആർക്ക് കൈമാറും എന്നത് വലിയ ചോദ്യമാകും.തൽസ്ഥാനത്ത് നിന്നുകൊണ്ട് മറ്റ് മന്ത്രിമാർ വകുപ്പുകൾ മുന്നോട്ട് കൊണ്ടുപോകുന്നത് പ്രയോഗികമല്ല.കെജ്‌രിവാൾ സർക്കാരിൻ്റെ ശേഷിക്കുന്ന നാല് മന്ത്രിമാർക്ക് സിസോദിയയുടെ 18 വകുപ്പുകൾ കൈമാറുന്നത് അക്ഷരാർത്ഥത്തിൽ വലിയ വെല്ലുവിളിയാണ്.

logo
The Fourth
www.thefourthnews.in