പവര്‍കട്ടിന് പരിഹാരമില്ല; വൈദ്യുതി വിതരണക്കമ്പനിയിൽ മുതലയെ ഇറക്കി ഗ്രാമവാസികള്‍; അടുത്തത് പാമ്പുകളെന്നും ഭീഷണി

പവര്‍കട്ടിന് പരിഹാരമില്ല; വൈദ്യുതി വിതരണക്കമ്പനിയിൽ മുതലയെ ഇറക്കി ഗ്രാമവാസികള്‍; അടുത്തത് പാമ്പുകളെന്നും ഭീഷണി

ഗ്രാമത്തിലേക്കുളള വഴിവിളക്കുകള്‍ തെളിയാത്തതിനാല്‍ രാത്രി കാലങ്ങളില്‍ പാമ്പും മുതലയും ഉള്‍പ്പടെയുള്ള ജീവികള്‍ കാരണം വഴി നടക്കാനും പറ്റുന്നില്ല. ഗ്രാമവാസികളില്‍ മിക്കവര്‍ക്കും പാമ്പുകടിയേറ്റു

ഹൂബ്ലി വൈദ്യുതി വിതരണക്കമ്പനിയുടെ വിജയപുര കൊല്‍ഹാര താലൂക്കിലെ ജീവനക്കാര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു പ്രതിഷേധം. വൈദ്യുതി ഭവന്റെ ഓഫിസിനു മുന്നില്‍ വന്നുനിന്ന ട്രക്ക് പെട്ടെന്നൊരു സമരവണ്ടിയായി മാറുകയായിരുന്നു. ട്രക്കില്‍നിന്ന് ആളുകള്‍ ഇറങ്ങി തൊട്ടുപിന്നാലെ കയറില്‍ കെട്ടിവരിഞ്ഞ നിലയില്‍ ഒരു മുതലയും. റോണിഹാല്‍ ഗ്രാമത്തിലെ കര്‍ഷകരായിരുന്നു മുതലയുമായെത്തിയത്.

'ഗ്രാമത്തിലെ പവര്‍ കട്ടിനു പരിഹാരം വേണം, ഇല്ലെങ്കില്‍ മുതലയെ വൈദ്യുതി ഭവനില്‍ കെട്ടഴിച്ചു വിടും'- ട്രക്കും മുതലയും കണ്ട് അമ്പരന്നുനിന്ന ഉദ്യോഗസ്ഥരോട് കര്‍ഷകര്‍ നയം വ്യക്തമാക്കി. ഉദ്യോഗസ്ഥരില്‍ ചിലര്‍ കര്‍ഷകരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാന്‍ നോക്കി. ചിലരാകട്ടെ മുതലയെ കണ്ട് ഭയന്ന് ഓഫിസിനകത്തേക്ക് ഓടി.

കുറച്ചുനാളായി വൈദ്യുതി മുടക്കം തുടര്‍ക്കഥയാണ് റോണിഹാല്‍ ഗ്രാമത്തില്‍. കര്‍ഷകര്‍ക്ക് കൃഷിയിടത്തില്‍ വിളകള്‍ക്ക് സംരക്ഷണം നല്‍കാനോ വെള്ളമെത്തിക്കാനോ ആവശ്യത്തിന് വൈദ്യുതി ലഭിക്കുന്നില്ല. ഗ്രാമത്തിലേക്കുളള വഴി വിളക്കുകള്‍ തെളിയാത്തതിനാല്‍ രാത്രി കാലങ്ങളില്‍ പാമ്പും മുതലയും ഉള്‍പ്പടെയുള്ള ജീവികള്‍ കാരണം വഴി നടക്കാനും പറ്റുന്നില്ല. ഗ്രാമവാസികളില്‍ മിക്കവര്‍ക്കും പാമ്പു കടിയേറ്റു. കുട്ടികളെ മുതല ആക്രമിച്ച സംഭവവമുണ്ടായി.

ഈ സാഹചര്യത്തിലാണ് അധികാരികളോട് പരാതി പറഞ്ഞ് മടുത്ത കര്‍ഷകര്‍ വ്യത്യസ്ത സമരരീതി പരീക്ഷിച്ചത്. എല്ലാ പ്രശ്‌നങ്ങളും ഉടന്‍ പരിഹരിക്കാമെന്ന ഉറപ്പിന്മേലാണ് മുതലയെ വൈദ്യുതി ഭവനില്‍ തുറന്നുവിടാതെ സമരക്കാര്‍ മടങ്ങിയത്.

പവര്‍കട്ടിന് പരിഹാരമില്ല; വൈദ്യുതി വിതരണക്കമ്പനിയിൽ മുതലയെ ഇറക്കി ഗ്രാമവാസികള്‍; അടുത്തത് പാമ്പുകളെന്നും ഭീഷണി
കനക്പുരയെ ബെംഗളുരുവില്‍ ചേര്‍ക്കാന്‍ ഡി കെ ശിവകുമാര്‍; ബിനാമി സ്വത്ത് വെളുപ്പിക്കാന്‍ നടത്തുന്ന ശ്രമമെന്നു പ്രതിപക്ഷം

ഇനിയും അധികൃതര്‍ കണ്ണ് തുറന്നില്ലെങ്കില്‍ പാമ്പുകള്‍ അടക്കം കൂടുതല്‍ ഇഴ ജന്തുക്കളുമായി വരാന്‍ മടിക്കില്ലെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമരത്തിനുശേഷം മുതലയുമായി മടങ്ങിയ കര്‍ഷകരില്‍നിന്ന് വനം വകുപ്പ് മുതലയെ പിടിച്ചെടുത്തു.

കര്‍ണാടകയിലൂടനീളം അനുഭവപ്പെടുന്ന വൈദ്യുതി ദൗര്‍ലഭ്യമാണ് ഹൂബ്ലി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയും അനുഭവിക്കുന്നതെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു. 16000 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഒക്ടോബറില്‍ സംസ്ഥാനം അഭിമുഖീകരിക്കുന്നത്. ജലദൗര്‍ലഭ്യവും വരള്‍ച്ചയും കാരണം കര്‍ഷകര്‍ കൂടുതല്‍ വെള്ളം കൃഷിയിടത്തില്‍ പമ്പ് ചെയ്യാന്‍ തുടങ്ങിയതാണ് വൈദ്യുത ഉപഭോഗം കൂടാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ പക്ഷം.

logo
The Fourth
www.thefourthnews.in