ഇന്ത്യന്‍ ജുഡീഷ്യറി
ഇന്ത്യന്‍ ജുഡീഷ്യറി

നിയമവ്യവസ്ഥയ്ക്ക് ചികിത്സവേണം: കെട്ടിക്കിടക്കുന്നത് അഞ്ച് കോടിയോളം കേസുകള്‍, 3.7ലക്ഷം വിചാരണാ തടവുകാര്‍

ഓള്‍ ഇന്ത്യാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സമ്മേളന വേദിയില്‍ പരസ്പരം പഴിചാരി ചീഫ് ജസ്റ്റിസും നിയമമന്ത്രിയും

പൗരന്മാര്‍ക്ക് നീതി ലഭ്യമാക്കുക എന്ന അടിസ്ഥാനതത്വത്തിന് അപമാനമാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഇന്നത്തെ സ്ഥിതി. അഞ്ച് കോടിയോളം കേസുകളാണ് വിവിധ കോടതികളിലായി നിലവില്‍ കെട്ടിക്കിടക്കുന്നത്. മൂന്നര ലക്ഷത്തോളം വരും രാജ്യത്തെ വിചാരണാ തടവുകാര്‍. ജുഡീഷ്യറിയുടെ നിഷ്പക്ഷത സംരക്ഷിക്കുന്നതോടൊപ്പം കാര്യക്ഷമത ഉര്‍ത്തുകയും വേണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ശക്തമാവുന്നത് ഈ സാഹചര്യത്തിലാണ്.

25 ഹൈക്കോടതികളില്‍ 59 ലക്ഷം കേസ് കെട്ടിക്കിടക്കുന്നു. 42 ലക്ഷം സിവില്‍ കേസ്. 72,000 കേസുകള്‍ 30 വര്‍ഷത്തിലധികം പഴക്കമുള്ളത്.

കെട്ടിക്കിടക്കുന്ന കേസുകള്‍, വൈകുന്ന നീതി

നീതിന്യായ വകുപ്പില്‍ നിന്ന് ലഭ്യമാകുന്ന ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 2022 മെയ് വരെ രാജ്യത്ത് 4.7 കോടിയിലധികം കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. സുപ്രീം കോടതിയില്‍ 70,572 ഉം 25 ഹൈക്കോടതികളിലായി 59 ലക്ഷം കേസുകളും ഇങ്ങനെ യുണ്ട്. കീഴ്‌ക്കോടതികളില്‍ 4.15 കോടി കേസുകളാണ് നിലവില്‍ ഉള്ളത്. 3.06 കോടി ക്രിമിനല്‍ കേസുകളും 1.08 കോടി സിവില്‍ കേസുകളും. ഒരുലക്ഷത്തിലധികം കേസുകള്‍ക്ക് 30 വര്‍ഷത്തിലധികവും പഴക്കമുണ്ട്.

സുപ്രിംകോടതി
സുപ്രിംകോടതി

ജയില്‍ നിറയുന്ന വിചാരണാ തടവുകാര്‍

ഒരു കേസില്‍ ആറസ്റ്റ് ചെയ്യപ്പെടുകയും വിചാരണയുടെ ഘട്ടത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയും ചെയ്യുന്നവരാണ് വിചാരണ തടവുകാര്‍. കേസിലെ കുറ്റാരോപിതര്‍ മാത്രമാണ് ഇവര്‍. ഇവരുടെ കുറ്റം കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ല. കുറ്റം തെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതന്‍ നിരപരാധിയെന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനമാണ്. ഇരയ്ക്കും ജനങ്ങള്‍ക്കും നീതി ഉറപ്പാക്കാനുള്ള ഉത്തരവാദിത്വവും ജുഡീഷ്യറിക്ക് ഉണ്ട്. നീതി നടപ്പിലാക്കപ്പെടാന്‍ സമയബന്ധിതമായ അന്വേഷണവും വിചാരണയും കൂടിയേ തീരു.

നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍, നടപടിക്രമം തന്നെ ശിക്ഷയാവുന്നു. തിരക്കു പിടിച്ചുള്ള വിവേചനരഹിതമായ അറസ്റ്റുകള്‍ മുതല്‍ ജാമ്യം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് വരെ വിചാരണ തടവുകാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തര ശ്രദ്ധ ആവശ്യമാണ്. സമഗ്രമായ പ്രവര്‍ത്തന പദ്ധതിയുണ്ടാക്കണം.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ

രാജ്യത്ത് 1300 ഓളം ജയിലുകളിലായി നിലവില്‍ ഉള്ളത് 3.7 ലക്ഷത്തോളം വിചാരണാ തടവുകാരാണ്. ആകെ തടവുകാരുടെ 75 ശതമാനത്തോളം വരും ഇത്. വിചാരണാ തടവുകാരുടെ എണ്ണത്തില്‍ ലോകത്ത് 15 മതും ഏഷ്യയില്‍ മൂന്നാമതുമാണ് ഇന്ത്യ. സുദീര്‍ഘമായി തടവില്‍ വെയ്ക്കുന്നതും വിചാരണ വൈകുന്നതും നീതി നിഷേധം മാത്രമല്ല മനുഷ്യാവകാശ ലംഘനം കൂടിയാണ്.

ഓഗസ്റ്റ് 15 നകം പരമാവധി വിചാരണ തടവുകാരെ വിട്ടയക്കാൻ നടപടി സ്വീകരിക്കണം
നിയമമന്ത്രി കിരൺ റിജുജു

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരാണ് രാജ്യത്തെ വിചാരണാ തടവുകാരില്‍ ഏറെയും. ജാമ്യം നേടാന്‍ സാമ്പത്തിക ശേഷിയില്ലാത്തവരാണ് അധികവും. മുസ്ലീം, ദളിത്, ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം ജനസംഖ്യാനുപാതികമായി പൊരുത്തമില്ല. ഈ മൂന്ന് വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് 53 ശതമാനം വിചാരണാ തടവുകാരും. ജനസംഖ്യയുടെ 39 ശതമാനം മാത്രമാണ് ഈ വിഭാഗക്കാര്‍ ഉള്ളത്.

കോടതി നടപടികള്‍ വൈകുന്നത് എന്തുകൊണ്ട്?

കോടതികളില്‍ ന്യായാധിപന്‍മാരുടെ എണ്ണത്തിലുള്ള കുറവാണ് കേസുകള്‍ കെട്ടിക്കിടക്കുന്നതിനും വിചാരണാ നടപടികള്‍ വൈകുന്നതിനും പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. 25 ഹൈക്കോടതികളിലായി അനുവദിക്കപ്പെട്ടത് 1,104 ജഡ്ജിമാരെയാണ്. നിലവിലുള്ളത് 717 പേര്‍. ഒഴിവ് 387. ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍ക്കാന്‍ ഒരു ജഡ്ജി 8,200 കേസുകള്‍ എങ്കിലും കേള്‍ക്കണം. കീഴ്‌ക്കോടതികളില്‍ 5000ത്തോളം വരും ജഡ്ജിമാരുടെ ഒഴിവ്.

ഹര്‍ജികളുടെ എണ്ണം കൂടുന്നതും നടപടിക്രമങ്ങള്‍ക്ക് സമയം കൂടുതല്‍ വേണ്ടിവരുന്നതും അഭിഭാഷകരുടെ മോശം സമീപനവും കേസുകള്‍ നിരന്തരം മാറ്റിവെയ്ക്കപ്പെടുന്നതുമടക്കം പ്രതിസന്ധികള്‍ അനവധിയാണ്. കോവിഡ് മഹാമാരിയും രാജ്യത്തെ നിയമ വ്യവസ്ഥയെ സമീപകാലത്ത് പ്രതികൂലമായി ബാധിച്ചു.

കിരൺ റിജുജു, കേന്ദ്ര നിയമമന്ത്രി
കിരൺ റിജുജു, കേന്ദ്ര നിയമമന്ത്രി

നടപടി വേഗത്തിലാക്കണമെന്ന് നിയമമന്ത്രി

വിചാരണാ തടവുകാരെ വിട്ടയക്കാന്‍ സംസ്ഥാന നിയമസേവന അതോറിറ്റികള്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തണമെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജുജു പറഞ്ഞു. ജെയ്പൂരില്‍ നടക്കുന്ന ഓള്‍ ഇന്ത്യ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ 18 മത് സമ്മേളനത്തിലാണ് നിയമമന്ത്രിയുടെ നിര്‍ദേശം. നീതി എല്ലാവര്‍ക്കും ലഭ്യമാക്കണമെന്നും അഭിഭാഷകര്‍ ഉയര്‍ന്ന തുകവാങ്ങുന്നതിനാല്‍ പണക്കാര്‍ക്ക് മാത്രം മികച്ച അഭിഭാഷകരെ ലഭിക്കുന്ന സാഹചര്യമുണ്ടെന്നും റിജുജു കുറ്റപ്പെടുത്തി. ഹൈക്കോടതിയും വിചാരണാ കോടതികളിലും പ്രദേശിക ഭാഷകള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കണമെന്നും ഇത് പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എൻ വി രമണ, ചീഫ് ജസ്റ്റിസ്
എൻ വി രമണ, ചീഫ് ജസ്റ്റിസ്

അപര്യാപ്തതകള്‍ പരിഹരിക്കണമെന്ന് ചീഫ് ജസ്റ്റിസ്

നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍, നടപടിക്രമം തന്നെ ശിക്ഷയാവുകയാണെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. തിരക്കു പിടിച്ചുള്ള വിവേചനരഹിതമായ അറസ്റ്റുകള്‍ മുതല്‍ ജാമ്യം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് വരെ വിചാരണ തടവുകാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സമഗ്രമായ പ്രവര്‍ത്തന പദ്ധതിയുണ്ടായേ പ്രശ്‌ന പരിഹാരം സാധ്യമാകൂ എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അടിസ്ഥാന സൗകര്യത്തിലെ അപര്യാപ്തതയാണ് നടപടിക്രമങ്ങള്‍ വൈകുന്നതിന് കാരണമെന്നും ഒഴിവുകള്‍ നികത്തുന്നതിലടക്കം സര്‍ക്കാര്‍ ഇടപെടണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. നിയമമന്ത്രി പങ്കെടുത്ത അതേ ചടങ്ങിലാണ് ചീഫ് ജസ്റ്റിസിന്റെ അഭിപ്രായ പ്രകടനം.

പ്രശ്നപരിഹാരത്തിന് ജഡ്ജിമാരുടെ അനുപാതം വർധിപ്പിക്കണം, ഒഴിവുകള്‍ നികത്തണം, സിആർപിസി 436 എ വകുപ്പ് കാര്യക്ഷമമായി നടപ്പാക്കണം.

വിചാരണ തടവുകാരെ അനിശ്ചിതകാലത്തേക്ക് തടവിലാക്കുന്നത് തടയാന്‍ 2005 ല്‍ പാര്‍ലമെന്റ് സിആര്‍പിസി ഭേദഗതി ചെയ്തു. പരമാവധി ശിക്ഷയുടെ പകുതി കാലാവധി വിചാരണാ തടവിരുന്നാല്‍ സ്വന്തം ജാമ്യത്തില്‍ വിട്ടയക്കാം എന്ന 436 എ വകുപ്പ് ഇതുവഴി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ വകുപ്പ് നടപ്പിലാക്കുന്നതിനും വീഴ്ച വന്നതോടെ ഇത് നടപ്പിലാക്കാന്‍ കോടതിയെ സമീപിക്കേണ്ട സ്ഥിതിയായി. കൂടുതല്‍ ജഡ്ജിമാരെ നിയമിക്കുക, ഒഴിവുകള്‍ നികത്തുക എന്നിവയാണ് കേസുകള്‍ കെട്ടിക്കിടക്കല്‍ ഒഴിവാക്കാനുള്ള മറ്റ് പ്രധാന പരിഹാരമാര്‍ഗങ്ങള്‍. വൈകി ലഭിക്കുന്ന നീതി അനീതിയാണെന്ന ബോധ്യത്തില്‍ നിയമവ്യവസ്ഥ മുന്നോട്ടുപോകണം. ഇതിനായി കോടതികളും സര്‍ക്കാരുകളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടസമയം അതിക്രമിച്ചു.

logo
The Fourth
www.thefourthnews.in