വന്‍ സുരക്ഷാ വീഴ്ച; കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ ടെലഗ്രാമിൽ

മൊബൈൽ നമ്പർ, ഐഡി കാർഡ് നമ്പർ തുടങ്ങിയവ ലഭ്യമാണ്

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ ചോര്‍ന്നു. ടെലഗ്രാമിലാണ് വിവരങ്ങള്‍ ലഭ്യമാകുന്നത്. വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ രജിസ്റ്റർ ചെയ്ത ഫോണ്‍ നമ്പർ നല്‍കിയാല്‍ ടെലഗ്രാമിലൂടെ സ്വകാര്യ വിവരങ്ങളെല്ലാം ലഭിക്കും. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ നല്‍കി ഫോണ്‍ നമ്പര്‍, ലിംഗം, ഐഡി കാര്‍ഡ് വിവരങ്ങള്‍, ജനന തീയതി എന്നിവയാണ് ടെലഗ്രാമില്‍ സന്ദേശമായി ലഭിക്കുന്നത്. ഇന്ത്യക്കാരുടെ വിവിധ വിവരങ്ങള്‍ ലഭ്യമാക്കുമെന്നാണ് ടെലഗ്രാം ബോട്ട് അവകാശപ്പെടുന്നത്.

സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെയും കുടുംബത്തിന്റെയും വിവരങ്ങള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ ടെലഗ്രാം ചാനലിലുടെ ദ ഫോര്‍ത്ത് നടത്തിയ പരിശോധനയില്‍ ലഭ്യമായി. കോവിഡ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കോവിന്‍ പോര്‍ട്ടലില്‍ നിന്ന് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ പോലും ഒടിപി ഉള്‍പ്പെടെയുള്ള സുരക്ഷാ പരിശോധനകള്‍ മറികടക്കണം എന്നിരിക്കെയാണ് ടെലഗ്രാം ചാനലില്‍ ഈ വിവരങ്ങള്‍ ലഭ്യമാകുന്നത്. അതിനാല്‍ തന്നെ വലിയ ഡാറ്റാ ചോര്‍ച്ചയാണ് നടന്നതെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.

ചാറ്റ് ബോട്ടിൽ ഒരാളുടെ മൊബൈൽ നമ്പറോ ആധാർ കാർഡ് നമ്പറോ അയച്ച് നൽകിയാൽ അവരുടെ പേര് ഫോൺനമ്പർ , തിരിച്ചറിയൽ കാർഡ് നമ്പർ, ജനന തീയതി, വാക്സിൻ സ്വീകരിച്ച കേന്ദ്രത്തിന്റെ പേര് എന്നിവ മറുപടിയായി ലഭിക്കുന്നു. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട രേഖകളാണ് ഇങ്ങനെ ലഭ്യമാകുന്നത്. ഏത് വാക്സിനാണ് സ്വീകരിച്ചത്, ഏത് കേന്ദ്രങ്ങളിൽ വച്ച സ്വീകരിച്ചു എന്നിവയും അറിയാൻ സാധിക്കും.

കോവിഡ് കാലത്ത് എറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഡാറ്റ ചോര്‍ച്ച. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ വ്യക്തി- ആരോഗ്യ വിവരങ്ങളുടെ വന്‍ കൈമാറ്റം നടന്നതായി പലവട്ടം ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം സമാനമായ രീതിയില്‍ ഡാറ്റ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പേരും കോവിഡ് - 19 ഫലങ്ങളും ഉള്‍പ്പെടെ വ്യക്തിപരമായി തിരിച്ചറിയാവുന്ന വിവരങ്ങള്‍ ഒരു ഉള്ളടക്ക ഡെലിവറി നെറ്റ്‌വര്‍ക്ക്‌ വഴി പരസ്യമാകുന്നു എന്നായിരുന്നു അന്നത്തെ വിഷയം.

കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട രേഖകളാണ് ഇങ്ങനെ ലഭ്യമാകുന്നത്.

വിവരച്ചോര്‍ച്ച സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിഷേധിച്ചിരുന്നു. 2021 ജൂണിലാണ് ഇന്ത്യക്കാരുടെ വാക്സിനേഷന്‍ ഡാറ്റ പുറത്തായി എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. 150 ദശലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നു എന്നായിരുന്നു ആക്ഷേപം. എന്നാല്‍ വിവരങ്ങളുടെ ചോര്‍ച്ച നിഷേധിക്കുകയായിരുന്നു അന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചെയ്തത്. പുതിയ സാഹചര്യം വലിയ സുരക്ഷാ വീഴ്ച സംഭവിച്ചു എന്നാണ് വ്യക്തമാക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in