'ഇപ്പോള്‍ രാജിവയ്ക്കുന്നത് ആരോപണങ്ങള്‍ ശരിവയ്ക്കുന്നതിന് തുല്യം'; താൻ നിരപരാധിയെന്ന് ബ്രിജ് ഭൂഷൺ ശരൺ സിങ്

'ഇപ്പോള്‍ രാജിവയ്ക്കുന്നത് ആരോപണങ്ങള്‍ ശരിവയ്ക്കുന്നതിന് തുല്യം'; താൻ നിരപരാധിയെന്ന് ബ്രിജ് ഭൂഷൺ ശരൺ സിങ്

അന്വേഷണവുമായി പൂർണമായും സഹകരിക്കാൻ തയ്യാറാണെന്നും ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും ബ്രിജ് ഭൂഷൺ

വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗികാരോപണങ്ങള്‍ തള്ളി ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്. താന്‍ നിരപരാധിയാണെന്നും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കില്ലെന്നും ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കി. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി നിര്‍ദേശപ്രകാരം ഡല്‍ഹി പോലീസ് പോക്സോ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ബ്രിജ് ഭൂഷണിന്റെ പ്രതികരണം.

ഇപ്പോൾ രാജി വയ്ക്കില്ല, അങ്ങനെ ചെയ്താൽ ഗുസ്തി താരങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതിന് സമാനമാകും

ബ്രിജ് ഭൂഷണ്‍

"ഈ വിഷയത്തിൽ ഞാൻ നിരപരാധിയാണ്. അന്വേഷണത്തെ നേരിടാനും അന്വേഷണ ഏജൻസിയുമായി സഹകരിക്കാനും തയ്യാറാണ്. എനിക്ക് ജുഡീഷ്യറിയില്‍ പൂർണവിശ്വാസമുണ്ട്." ബ്രിജ് ഭൂഷൺ പറഞ്ഞു. എഫ്ഐആറിന്റെ കോപ്പി കയ്യില്‍ കിട്ടിയിട്ടില്ല. എഫ്ഐആര്‍ കണ്ടതിന് ശേഷം കൂടുതല്‍ പ്രതികരിക്കാം'' -ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കി. ഇപ്പോൾ രാജി വയ്ക്കില്ലെന്നും അങ്ങനെ ചെയ്താൽ, ഗുസ്തി താരങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതിന് തുല്യമാകുമെന്നും ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ പറഞ്ഞു. ഗുസ്തി താരങ്ങള്‍ക്ക് ജന്തര്‍ മന്തറില്‍ പ്രതിഷേധം ആരംഭിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ പഠിക്കാനായി ചുമതലപ്പെടുത്തിയ സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കാമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രിജ് ഭൂഷൺ സിങ്ങിന്റെ രാഷ്ട്രീയ പ്രതിച്ഛായ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ബിജെപി നേതാക്കള്‍ ആരോപിച്ചു.

മുൻനിര ഗുസ്തി താരങ്ങളടക്കം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മേൽനോട്ട സമിതിയുടെ റിപ്പോർട്ട് ഇതുവരെ പുറത്തുവിടാന്‍ ഗുസ്തി ഫെഡറേഷനോ കേന്ദ്ര സര്‍ക്കാരോ തയ്യാറായിരുന്നില്ല. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു താരങ്ങള്‍ സമരത്തിലേക്ക് കടന്നത്.

'ഇപ്പോള്‍ രാജിവയ്ക്കുന്നത് ആരോപണങ്ങള്‍ ശരിവയ്ക്കുന്നതിന് തുല്യം'; താൻ നിരപരാധിയെന്ന് ബ്രിജ് ഭൂഷൺ ശരൺ സിങ്
വനിതാ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പ്രിയങ്കാ ഗാന്ധി; സമരപന്തലിലെ വൈദ്യുതി വിച്ഛേദിച്ച് ഡല്‍ഹി പോലീസ്

ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്ങിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പ്രിയങ്കാ ഗാന്ധി ജന്തര്‍ മന്തറിലെ സമരപന്തലില്‍ എത്തി. വനിതാ ഗുസ്തി താരങ്ങള്‍ക്ക് പൂര്‍ണപിന്തുണ അറിയിച്ചെത്തിയ പ്രിയങ്ക സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയവരുമായി സംസാരിച്ചു. ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഫയല്‍ ചെയ്ത എഫ്ഐആറിലെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടുകയോ സമരക്കാരെ കാണാന്‍ തയ്യാറാവുകയോ ചെയ്യാത്തത് എന്തുകൊണ്ടാണെന്നും പ്രിയങ്ക ചോദിച്ചു. കായികതാരങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു.

'ഇപ്പോള്‍ രാജിവയ്ക്കുന്നത് ആരോപണങ്ങള്‍ ശരിവയ്ക്കുന്നതിന് തുല്യം'; താൻ നിരപരാധിയെന്ന് ബ്രിജ് ഭൂഷൺ ശരൺ സിങ്
ബ്രിജ് ഭൂഷണെതിരെ പോക്‌സോ കേസ്‌; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ്‌

തങ്ങളുടെ പരാതിയിന്മേൽ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സാക്ഷി മാലിക് ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. താരങ്ങളുടെ ആരോപണം ഗൗരവമുള്ളതാണെന്നും നടപടി കൈക്കൊള്ളണമെന്നും സുപ്രീംകോടതി ഡൽഹി പോലീസിന് കത്തയച്ചു. തുടർന്നാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

logo
The Fourth
www.thefourthnews.in