കരാറുകാർ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തുന്നു
കരാറുകാർ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തുന്നു

'കമ്മീഷൻ ആവശ്യപ്പെട്ടാൽ കോൺഗ്രസ് സർക്കാരിനെയും തുറന്നുകാട്ടും'; കർണാടകയില്‍ നിലപാട് കടുപ്പിച്ച് കരാറുകാരുടെ സംഘടന

കമ്മീഷൻ കൊടുക്കാത്തതിനാൽ ബൊമ്മെ സർക്കാർ പാസാക്കാത്തത് 20000 കോടി രൂപയുടെ ബില്ലുകൾ ,കരാറുകാരോട് സാവകാശം ചോദിച്ച് സിദ്ധരാമയ്യ

കോൺഗ്രസ് സർക്കാർ കമ്മീഷൻ വ്യവസ്ഥ തുടർന്നാൽ അവരെയും തുറന്നുകാട്ടാൻ മടിക്കില്ലെന്ന് കർണാടകയിലെ കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ. സർക്കാരിന്റെ വിവിധ വകുപ്പുകളുമായുണ്ടാക്കുന്ന കരാർ പ്രകാരം പദ്ധതി പൂർത്തീകരിച്ച് നൽകുമ്പോൾ കമ്മീഷൻ പറ്റാതെ പണം മുഴുവനായി നൽകണമെന്നും കരാറുകാരുടെ സംഘടന ആവശ്യപ്പെട്ടു. കരാർ തുക പാസാക്കി നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സംഘടനാ ഭാരവാഹികൾ.

പണി പൂർത്തിയാക്കിയ വിവിധ പദ്ധതികൾക്ക് കരാർ പ്രകാരം 20,000 കോടി രൂപയാണ് സർക്കാർ ബിൽ പാസാക്കി നൽകാനുള്ളത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇതിനായി കരാറുകാർ മുട്ടാത്ത വാതിലുകളില്ല. മന്ത്രിയെയോ ഉദ്യോഗസ്ഥരെയോ നേരിൽ കാണാൻ വിധാൻ സൗധയിലെ ഓഫീസിൽ പോലും പ്രവേശനം നിഷേധിച്ചിരുന്നതായി കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ അധ്യക്ഷൻ കെംപണ്ണ വിശദീകരിച്ചു.

കർണാടകയിലെ മുൻ ബിജെപി സർക്കാരിനെതിരെ 40 ശതമാനം കമ്മീഷൻ ആരോപണം ഉന്നയിച്ച് കഴിഞ്ഞ വർഷമായിരുന്നു സംഘടന അധ്യക്ഷൻ കെംപെണ്ണാ രംഗത്തുവന്നത്

വ്യക്തികളിൽ നിന്ന് കടം വാങ്ങിയും പലിശയ്ക്ക് പണമെടുത്തുമാണ് ഓരോ കരാറുകാരനും സർക്കാർ പദ്ധതികൾ പൂർത്തീകരിച്ചു നൽകുന്നത്. ബിൽ പാസായാൽ കടം തീർത്ത് സ്വസ്ഥമാകാം എന്നാഗ്രഹിക്കുമ്പോഴാണ് ചെയ്ത ജോലിക്ക് നൽകുന്ന പ്രതിഫലത്തിൽ സർക്കാർ തന്നെ കമ്മീഷൻ രൂപത്തിൽ കയ്യിട്ട് വാരുന്നത്. ഏതു സർക്കാർ ഭരിച്ചാലും ഇനി കമ്മീഷൻ ചോദിച്ചാൽ അവരെ പൊതുജനമധ്യത്തിൽ തുറന്ന് കാട്ടുമെന്നും സംഘടന വ്യക്തമാക്കി.

മുൻ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ കമ്മീഷൻ ആവശ്യപ്പെട്ടതിന്റെ തെളിവുകൾ സമയമാകുമ്പോൾ പുറത്തുവിടും. കഴിഞ്ഞ സർക്കാർ മുടക്കിയ 20,000 കോടി രൂപ നൽകാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സാവകാശം ചോദിച്ചതായും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

കർണാടകയിലെ മുൻ ബിജെപി സർക്കാരിനെതിരെ 40 ശതമാനം കമ്മിഷൻ ആരോപണം ഉന്നയിച്ച് കഴിഞ്ഞ വർഷമായിരുന്നു സംഘടന അധ്യക്ഷൻ കെംപെണ്ണാ രംഗത്തുവന്നത്. ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷമായിരുന്ന കോൺഗ്രസിന് ലഭിച്ച ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായിരുന്നു ഈ കമ്മീഷൻ ആരോപണം. സർക്കാർ പദ്ധതികളുടെ കരാർ തുക പാസാക്കി കിട്ടാൻ മന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും 40 ശതമാനം കമ്മീഷൻ ആവശ്യപ്പെടുകയാണെന്നു ചൂണ്ടിക്കാട്ടി കെംപെണ്ണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതോടെയായിരുന്നു സംഭവം കത്തിപ്പടർന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിഷയം പ്രതിപക്ഷം പ്രചാരണ വിഷയമാക്കിയതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു കർണാടകയിൽ ബിജെപിക്ക് നേരിടേണ്ടി വന്നത്

logo
The Fourth
www.thefourthnews.in