ഇനി നിമിഷങ്ങൾക്കുള്ളിൽ പാലിലെ മായം കണ്ടെത്താം : പേപ്പർ ഉപകരണം വികസിപ്പിച്ച് മദ്രാസ് ഐഐടി

ഇനി നിമിഷങ്ങൾക്കുള്ളിൽ പാലിലെ മായം കണ്ടെത്താം : പേപ്പർ ഉപകരണം വികസിപ്പിച്ച് മദ്രാസ് ഐഐടി

പാലിലെ മായം കണ്ടെത്താൻ വേണ്ടിയുള്ള ഈ ഉപകരണം വീട്ടിൽ തന്നെ എളുപ്പത്തിൽ നിർമ്മിക്കാൻ സാധിക്കും

30 നിമിഷങ്ങൾക്കുള്ളിൽ പാലിലെ മായം കണ്ടു പിടിക്കാവുന്ന പേപ്പർ ഉപകരണം വികസിപ്പിച്ചെടുത്ത് മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഗവേഷക വിഭാഗം. 3 ഡി പേപ്പർ അധിഷ്ഠിതമായ കൊണ്ടു നടക്കാവുന്ന ഈ ഉപകരണം ഉപയോഗിച്ച് പാലിൽ സാധാരണ കാണപ്പെടാറുള്ള ഘടകങ്ങളായ യൂറിയ, ഡിറ്റർജന്റുകൾ, സോപ്പ്, അന്നജം, ഹൈഡ്രജൻ പെറോക്സൈഡ്, സോഡിയം ഹൈഡ്രജൻ കാർബണേറ്റ്, ഉപ്പ് തുടങ്ങിയവ കണ്ടെത്താൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. പാലിലെ മായം കണ്ടെത്താൻ വേണ്ടിയുള്ള ഈ പേപ്പർ ഉപകരണം വീട്ടിൽ തന്നെ എളുപ്പത്തിൽ നിർമ്മിക്കാൻ സാധിക്കും.

മറ്റുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്നത് പോലെ ഒരു വലിയ ചെലവ് ഈ ഉപകരണം നിർമ്മിക്കാൻ വേണ്ടി വരില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. പാലിലെ മായം കണ്ടു പിടിക്കാൻ മാത്രമല്ല ഈ ഉപകരണം. വെള്ളം, ഫ്രഷ് ജ്യൂസുകൾ, മിൽക്ക് ഷേക്ക് എന്നിവയിലെ മായം കണ്ടു പിടിക്കാനും ഈ ഉപകരണത്തിന് സാധിക്കും. മായം കണ്ടെത്താനുള്ള പരിശോധനയ്ക്കായി ദ്രാവകത്തിന്റെ ഒരു മില്ലിലിറ്റർ സാമ്പിളായി എടുത്താൽ മതിയാകും. 3ഡി പേപ്പർ അധിഷ്ഠിതമായ മൈക്രോഫ്ലൂയിഡിക് ഉപകരണം സാൻഡ് വിച്ച് ഘടനയിലാണ് നിർമ്മിച്ചിരിക്കുന്നത്. വാട്ട്മാൻ ഫിൽട്ടർ പേപ്പർ ഗ്രേഡ് 4 രീതിയിലാണ് ഇതിന്റെ രൂപകൽപ്പന.

ദ്രാവകത്തിൽ മുക്കിയെടുത്ത പേപ്പറിൽ റീയേജന്റുകൾ പ്രയോഗിക്കുക. ഉണങ്ങിയ ശേഷം ഇതിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ പേപ്പറിന്റെ ഇരുവശവും പറ്റിപിടിച്ചിരിക്കും. കൂടുതൽ രാസവസ്തുക്കളെ സംഭരിക്കാൻ പേപ്പറിന്റെ ഘടനാ രീതി സഹായകമാകുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ പല്ലബ് സിൻഹ മഹാപത്രയാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. ഐഐടി മദ്രാസിലെ ഗവേഷകരായ ശ്രീ സുഭാഷിസ് പട്ടാരി, ഡോ പ്രിയങ്കൻ ദത്ത എന്നിവരാണ് ഒപ്പമുണ്ടായിരുന്ന മറ്റ് ഗവേഷകർ.

logo
The Fourth
www.thefourthnews.in