കാലപ്പഴക്കം ചെന്ന വാഹനങ്ങൾ കണ്ടെത്താൻ ഡൽഹിയിൽ സർവേ; ഉദ്യോഗസ്ഥർ വീടുതോറും കയറിയിറങ്ങും

കാലപ്പഴക്കം ചെന്ന വാഹനങ്ങൾ കണ്ടെത്താൻ ഡൽഹിയിൽ സർവേ; ഉദ്യോഗസ്ഥർ വീടുതോറും കയറിയിറങ്ങും

രജിസ്ട്രേഷൻ റദ്ദാക്കിയ വാഹനങ്ങൾ ഉപയോഗിക്കാനേ വിൽപ്പന നടത്തുന്നതിനോ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കാനോ നിയമപരമായി കഴിയില്ല

കാലപ്പഴക്കം ചെന്ന വാഹനങ്ങൾ കണ്ടെത്താൻ ഡൽഹിയിൽ ഉദ്യോഗസ്ഥർ വീടുതോറും കയറിയിറങ്ങി സർവേ നടത്തും. 2022 ജനുവരിക്കും ഒക്‌ടോബറിനുമിടയിൽ രജിസ്‌ട്രേഷൻ റദ്ദാക്കിയ 53 ലക്ഷം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഡൽഹി ഗതാഗത വകുപ്പ് സർവേ നടത്തുന്നത്.

നഗരത്തിലെ 250 മുനിസിപ്പൽ വാർഡുകളിൽ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ചാണ് സർവേ. റസിഡൻഷ്യൽ കോളനികളിൽ റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ചിത്രവും ലൊക്കേഷനും നൽകുമ്പോൾ ശുചീകരണത്തൊഴിലാളികൾക്ക് ഒരു നിശ്ചിത തുക നൽകും. തുടർന്ന് ഗതാഗത വകുപ്പും പൊലീസും ഉൾപ്പെട്ട സംഘം കോളനി റോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ പഴക്കവും ഉടമസ്ഥാവകാശവും പരിശോധിക്കും.

സ്കൂട്ടറുകൾ, കാറുകൾ, ഓട്ടോറിക്ഷകൾ, ബസുകൾ എന്നിവയുൾപ്പെടെ കാലഹരണപ്പെട്ട 53 ലക്ഷം പെട്രോൾ, ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷനാണ് ​ഗതാ​ഗത വകുപ്പ് റദ്ദാക്കിയത്. എന്നാൽ, രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് നിയമപരമായ നടപടി മാത്രമാണെന്നും ഇത്തരം വാഹനങ്ങൾ നഗരപാതകളിൽ അനധികൃതമായി ഓടാൻ സാധ്യതയുണ്ടെന്നും ഗതാഗത ഉദ്യോഗസ്ഥർ പറഞ്ഞു.

ദേശീയ ഹരിത ട്രൈബ്യൂണലും (2015) സുപ്രീം കോടതിയും (2018) പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരം 15 വർഷം പഴക്കമുള്ള ഒരു വാഹനത്തിനും ദേശീയ തലസ്ഥാനത്തെ റോഡുകളിൽ നിയമപരമായി പ്രവർത്തിക്കാൻ കഴിയില്ല. ഡീസൽ വാഹനങ്ങൾക്ക്, ഈ കാലയളവ് 10 വർഷമായി ചുരുക്കിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ചീഫ് സെക്രട്ടറി നരേഷ് കുമാറും അഡീഷണൽ ചീഫ് സെക്രട്ടറി മനീഷ് ഗുപ്തയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് സർവേ നടത്താൻ തീരുമാനിച്ചത്. യോഗത്തിൽ പങ്കെടുത്ത ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിലെയും ഡൽഹി കന്റോൺമെന്റ് ബോർഡിലെയും ഉദ്യോഗസ്ഥരോട് സർവേ നടത്താൻ കഴിയുന്ന വാർഡുകൾ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. സർവേയുടെ ഭാ​ഗമായി സുരക്ഷ ഉറപ്പാക്കുന്നതിനായി സേനയെ വിന്യസിപ്പിക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചു.

എന്നാൽ, സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സർവേ നടത്താമെന്ന നിലപാടിലാണ് ഈസ്റ്റ് ഡൽഹി റസിഡന്റ് വെൽഫെയർ അസോസിയേഷൻ (ആർഡബ്ല്യുഎ) ജോയിന്റ് ഫ്രണ്ടിന്റെ തലവൻ ബിഎസ് വോറ. മിക്ക വാഹനങ്ങളും ഇപ്പോഴും ഉപയോ​ഗിക്കാൻ കഴിയുന്നതാണെന്നും അതിനാൽ ഉടമയ്ക്ക് അത് വിൽക്കാൻ കുറച്ച് സമയപരിധി നൽകണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in