മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്

മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്

സിദ്ധി ജില്ലയിലെ ബിജെപി എംഎല്‍എ കേദാര്‍ നാഥിന്റെ അടുത്ത അനുയായി ആയ പര്‍വേഷ് ശുക്ലയാണ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ബിജെപി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സിദ്ധി ജില്ലയിലെ ബിജെപി എംഎല്‍എ കേദാര്‍ നാഥിന്റെ അടുത്ത അനുയായി ആയ പര്‍വേഷ് ശുക്ലയാണ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിഷയത്തില്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിക്കെതിരെ ദേശീയ സുരക്ഷാ നിയമ (NSA)പ്രകാരം കേസെടുക്കാനും നിര്‍ദേശം ഉണ്ട്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടനെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

പ്രതിപക്ഷത്തെ നിരവധിപേരാണ് ബിജെപി നേതാവിന്റെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിക്കെതിരെ രംഗത്ത് വന്നത്. വീഡിയോയില്‍ ആദിവാസി യുവാവിന് നേരെ മൂത്രമൊഴിക്കുന്നതായി കാണുന്ന പര്‍വേഷ് ശുക്ല ബിജെപി എംഎല്‍എ കേദാര്‍ ശുക്ലയുടെ പ്രതിനിധിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇരുവരുടെയും ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്,

മുഖ്യമന്ത്രിക്ക് അല്‍പമെങ്കിലും നാണവും മനുഷ്യത്വവും ഉണ്ടെങ്കില്‍ പാവങ്ങള്‍ക്ക് മേല്‍ ഉപയോഗിക്കുന്ന ബുള്‍ഡോസര്‍ ഈ ബിജെപിക്കാരനെതിരേയും ഉപയോഗിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ശ്രീനിവാസ് ബിവി ട്വീറ്റ് ചെയ്തു. എന്നാല്‍ പ്രതിക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ബിജെപി പറയുന്നത്. പര്‍വേഷ് ശുക്ലയ്ക്ക് ബിജെപിയുമായി ഒരു ബന്ധവുമില്ല. ആദിവാസികള്‍ക്കെതിരെ ചെയ്യുന്ന എല്ലാ ഹീനമായ പ്രവൃത്തികളെയും പാര്‍ട്ടി എപ്പോഴും എതിര്‍ക്കുമെന്നും ബിജെപി വ്യക്തമാക്കി.

പര്‍വേഷ് ശുക്ലയെ തനിക്ക് അറിയാമെന്ന് കേദാര്‍ ശുക്ല സമ്മതിച്ചു, എന്നാല്‍ അദ്ദേഹം തന്റെ പ്രതിനിധിയാണെന്ന അവകാശവാദം നിഷേധിച്ചു. തനിക്ക് മൂന്ന് പ്രതിനിധികളുണ്ടെന്നും പര്‍വേഷ് ശുക്ല അവരില്‍ ഒരാളല്ലെന്നും അദ്ദേഹം പറഞ്ഞു. അയാള്‍ എന്റെ പേര് സമൂഹ മാധ്യമങ്ങളില്‍ ദുരുപയോഗം ചെയ്യുകയാണെന്നും കേദാര്‍ ശുക്ല വ്യക്തമാക്കി. സിധിയിലെ ലോക്കല്‍ പോലീസ് പര്‍വേഷ് ശുക്ലയ്ക്കെതിരെ ഐപിസി 294, 504 വകുപ്പുകള്‍ പ്രകാരവും എസ്സി/എസ്ടി ആക്ട് പ്രകാരവും എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in